- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനു മോഹന് തമിഴ്‌നാട്ടിൽ ഭാര്യയും കുട്ടിയും? വൈഗയെ കൊന്ന് അച്ഛൻ കടന്നത് തമിഴ്നാട്ടിലേക്ക് തന്നെ; ജീവനോടെയുണ്ടെന്ന് ഉറപ്പിച്ച് സനു മോഹനെ അറസ്റ്റു ചെയ്യാൻ വലവിരിച്ച് പൊലീസ്; മുട്ടാർപുഴയിൽ മുങ്ങിമരിച്ചത് അഭിനയ മോഹവുമായി നടന്ന കൊച്ചു മിടുക്കി; ദുരൂഹത മാറാതെ 13കാരിയുടെ മരണം
തിരുവനന്തപുരം: രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറുന്നില്ല. വൈഗയുടെ പിതാവ് സനു മോഹനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇയാളുടെ തൊട്ടടുത്ത് എത്തിയതായാണ് വിവരം. ഇദ്ദേഹത്തിന് തമിഴ്‌നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷണ പരിധിയിലുണ്ട്.
തമിഴ്‌നാട്ടിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. സനു മോഹൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചു കഴിഞ്ഞു. വൈഗയുടെ മരണത്തിൽ സനു മോഹൻ ഉത്തരവാദിയാണെന്ന നിഗമനത്തിലാണ് അന്വേഷണം നീളുന്നത്. അതുകൊണ്ടാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിലയിരുത്തൽ.
തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ ഫ്‌ളാറ്റിൽ വൈഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വൈകാതെ ഉത്തരം ലഭിക്കും. മാർച്ച് 21-ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറിൽ പുറപ്പെട്ടതാണ് സനു മോഹൻ. പിറ്റേന്ന് മകൾ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽ കണ്ടെത്തിയെങ്കിലും സനുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
മുഖ്യ കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ച സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ വിളിക്കാനിരിക്കെയായിരുന്നു വൈഗയുടെ അപ്രതീക്ഷിത മരണ വാർത്ത എത്തിയതെന്ന് പുതുമുഖ സംവിധായകൻ ഷാമോൻ നവരംഗ പറഞ്ഞു്. സിനിമയിൽ ഏറെ സ്വപ്നങ്ങൾ കണ്ട പെൺകുട്ടിയായിരുന്നു വൈഗ. സിനിമയിൽ അറിയപ്പെടുമ്പോൾ വരേണ്ട തന്റെ പേര് എന്താണെന്നു പോലും പറഞ്ഞിരുന്നു. ടീമിൽ എല്ലാവർക്കും ഇഷ്ടമുള്ള കുട്ടി. അത്ര ആത്മവിശ്വാസത്തോടെയാണ് അവൾ അഭിനയിക്കുന്നതും ഇടപെടുന്നതുമെല്ലാം. മരണവാർത്ത ഞെട്ടിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
'ബില്ലി' എന്ന സിനിമയിൽ മികച്ച അഭിനയമാണ് വൈഗ കാഴ്ച വച്ചത്. മൂന്നു പെൺകുട്ടികളുടെ കഥ പറയുന്ന ബില്ലിയിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പേരിൽ ഒരാളാണ് വൈഗ അഭിനയിച്ച കഥാപാത്രം. ഐഎംപിയുടെ നിർമ്മാണത്തിൽ നാലു സംവിധായകരുടെ അഞ്ചു സിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന 'ചിത്രഹാർ' എന്ന സിനിമയിലെ ഒരു ചിത്രമാണ് ബില്ലി.
കഴിഞ്ഞ 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി പിതാവ് സനു മോഹനൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടിൽനിന്നു കാക്കനാട്ടെ കങ്ങരപ്പടിയിലുള്ള ഹാർമണി ഫ്‌ളാറ്റിലെത്തി അവിടന്ന് പുറത്തു പോകുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സനുവിന്റെ വാഹനം കേരള അതിർത്തി കടന്നു പോയെങ്കിലും വാഹനത്തിൽ ഇയാൾ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനോ എവിടേയ്ക്കു പോയെന്നോ കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇയാൾ തമിഴ്‌നാട്ടിൽ ഉണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നത്. സനു മോഹനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസുണ്ടെന്ന് ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ 11.5 കോടി രൂപയുമായാണ് അഞ്ചു വർഷം മുൻപ് പുണെയിൽനിന്നു മുങ്ങിയതെന്ന് മഹാരാഷ്ട്ര പൊലീസ് പറയുന്നത്.
സനുവിന്റെ ഫ്‌ളാറ്റിൽനിന്നു രക്തത്തിന്റെ അംശം കണ്ടെത്തിയെങ്കിലും അത് വൈഗയുടേതല്ല എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വൈഗയുടെ ശരീരത്ത് മുറിവുകളോ പാടുകളോ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നാൽ ഫ്‌ളാറ്റിൽനിന്ന് പെൺകുട്ടിയെ പുതപ്പിൽ പൊതിഞ്ഞെടുത്ത് കാറിൽ കയറ്റിയതായി സാക്ഷി മൊഴികൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും ദുരൂഹമാണ്.
മറുനാടന് മലയാളി ബ്യൂറോ