കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്‌ളാറ്റിൽ നിന്നു തെളിവുകൾ ലഭിച്ചത്.

വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേന്നാൾ ഫ്‌ളാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നുവെന്ന സംശയം ഇതോടെ ബലപ്പെട്ടു. എന്നാൽ സനു മോഹനെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. സനു മോഹനെ നാട്ടിൽ തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോയുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈഗയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനും സനുവിനെ കാണാതാകുന്നതിനും 2 ദിവസം മുൻപ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഏതാനും പേർ സനുവിനെ തേടി ഫ്‌ളാറ്റിൽ എത്തിയിരുന്നു. ഇവർ മലയാളികളാണ്. സനുവിനെ ഫ്‌ളാറ്റിനു പുറത്തേക്കു വിളിച്ചാണ് സംസാരിച്ചത്. ഇവരെ കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പുണെയിലെ ഒരു സ്ഥാപനത്തിനു സനു പണം നൽകാനുണ്ടെന്നതു ശരിയാണ്. എന്തു പ്രശ്‌നത്തിന്റെ പേരിലായാലും മകളെ സനു കൊലപ്പെടുത്തുമെന്നു കരുതുന്നില്ല. വൈഗയെ സനുവിന് അത്രയ്ക്ക് ഇഷ്ടമായിരുന്നു. കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആളാണ് സനുവെന്നുമാണ് സഹോദരൻ ഉൾപ്പെടെയുള്ളവരുടെ മൊഴി.

സനു മോഹൻ ജീവിച്ചിരുപ്പുണ്ടോയെന്ന സംശയം ഇപ്പോഴും സജീവമാണെന്നതാണ് മറ്റൊരു വസ്തുത. സനു മോഹനുമായി സാദൃശ്യമുണ്ടോയെന്നറിയാൻ ഇതിനകം 4 അജ്ഞാത മൃതദേഹങ്ങൾ പലയിടങ്ങളിലായി പരിശോധിച്ചു. പുറത്തറിയാത്ത എന്തെങ്കിലും ഗൗരവ പ്രശ്‌നങ്ങളുടെ പേരിൽ മകളെ കൊലപ്പെടുത്തിയ ശേഷം സനു ജീവനൊടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഏതെങ്കിലും സ്ഥലത്തു സനു ജീവനൊടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചിരുന്നു. അവിടെയും അജ്ഞാത മൃതദേഹങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

സനു മോഹനെക്കുറിച്ച് ജന്മനാട്ടുകാർക്കും അറിവുകൾ പരിമിതം. തൃക്കുന്നപ്പുഴയിലെ വീട്ടിൽ സനുവിന്റെ വയോധികയായ മാതാവ് മാത്രമേയുള്ളൂ. ബന്ധുക്കൾ സമീപത്തു താമസിക്കുന്നുണ്ട്. അച്ഛൻ മോഹനൻ മരിച്ചപ്പോൾ പോലും എത്തിയില്ല. അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാർച്ച് 21ന് കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. രാത്രി 7.30-ന് വൈഗയുമായി മടങ്ങി. രമ്യയെ അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം കായംകുളത്തെ അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് മകളുമായി എറണാകുളത്തേക്കു പോയത്. ഇതെല്ലാം ദുരൂഹമാണെന്ന് പൊലീസ് കരുതുന്നു.

തൃക്കുന്നപ്പുഴ സ്വദേശികളായ സനു മോഹനും രമ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരുടേയും വീടുകൾ അടുത്തടുത്താണ്. ഏഴു കൊല്ലത്തിനിടെ സനു ഏതാനും മാസം മുമ്പൊരിക്കൽ നാട്ടിലെത്തിയിരുന്നു. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവ് രാജുവുമായി വാക്കുതർക്കമുണ്ടാക്കിയതായി പറയപ്പെടുന്നു.