കൊച്ചി: മുട്ടാർ പുഴയിൽ വൈഗ(13) എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അച്ഛൻ സനു മോഹൻ ഒളിവിൽ കഴിയുന്നുവെന്ന് വ്യക്തമായതോടെയാണ് ഇത്. അതിനിടെ പൊലീസ് അന്വേഷിക്കുന്ന പിതാവ് സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു.

സനു മോഹൻ മൂകാംബികയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. കൊല്ലൂരിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ ബിൽ നൽകുന്നതിനിടെ തർക്കമുണ്ടാകുകയും ജീവനക്കാർ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു.

പ്രതിക്ക് മറ്റു തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലാത്തതിനാലാണ് സ്വന്തം പേരിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത്. അതുകൊണ്ടു തന്നെ ഇതേ രീതിയിൽ തന്നെയായിരിക്കും മറ്റെവിടെയെങ്കിലും താമസിക്കുന്നതിനും സാധ്യതയുള്ളത്. ഇത് പൊലീസിനു പ്രതിയിലേക്ക് എത്തുന്നതിനുള്ള വഴികൾ എളുപ്പമാക്കുമെന്നാണ് കരുതുന്നത്. ഇതോടെ സനു മോഹനെ ആരോ കിഡ്‌നാപ് ചെയതതാണെന്ന വാദങ്ങളും പൊളിയുകയാണ്.

നമ്മുടെ തിയറി ആയിരുന്നു അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ളത്. അതിന് കൺക്ലൂസീവായ എവിഡൻസ് കിട്ടി. മൂകാംബികയിൽ അദ്ദേഹത്തെ കണ്ടതിനും ഹോട്ടലിൽ താമസിച്ചതിനും ക്ലിയർ ആയ എവിഡൻസ് ഉണ്ട്. വീ ആർ ഷുവർ ദാറ്റ് ഇൻ ദ നെകസ്റ്റ് കപ്പിൾ ഓഫ് ഡേയ്സ് ..വീ വിൽകാച്ച് ഹിം.-ഇതാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സനു മോഹനെ ആരോ കൊന്നതാണെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് മൂകാംബികയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

തിരിച്ചറിയൽ രേഖയുടെ പകർപ്പും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വളരെ നിഗൂഢതകൾ നിറഞ്ഞ കേസാണ് ഇതെന്നായിരുന്നു കഴിഞ്ഞ ദിവസം സിറ്റി കമ്മിഷണർ പ്രതികരിച്ചത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ വന്നതോടെ പൊലീസും കടുത്ത സമ്മർദത്തിലായിരുന്നു. വിവിധ സംഘങ്ങളായി പുണെയിലും കൊൽക്കത്തയിലും വരെ അന്വേഷണം തുടരുന്നതിനിടെ കൊല്ലൂരിൽ ഇയാൾ താമസിച്ചു എന്ന വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് ആശ്വാസമാകുന്നുണ്ട്. ലോക്കൽ പൊലീസിനു പ്രതിയെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കും.

13 വയസുള്ള വൈഗയെ 27 ദിവസം മുമ്പാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേദിവസം സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു.മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ സനു മോഹനായി പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്റെയും ഇയാളുടെ വോക്സ് വാഗൺ കാറിന്റെയും ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നത്.