- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ് ബിയിൽ നിന്ന് അപ്രത്യക്ഷമായത് കങ്ങരപ്പടി ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോൾ; വാട്സാപ്പിലും ചാറ്റിങ് കുറവ്; മകളെ കൊന്ന് ഒളിവിൽ പോയ ശേഷം എടിഎം കാർഡോ മൊബൈലോ ഉപയോഗിച്ചതുമില്ല; ഡിജിറ്റൽ തെളിവൊന്നുമില്ല; വട്ടം ചുറ്റി പൊലീസ്; സനു മോഹനും സൈക്കോ കൊലയാളിയോ?
കൊച്ചി: പ്രതി പിടിയിലായി. കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാലും വിചാരണയിൽ ഈ പ്രതിയെ അത്രവേഗം കുടുക്കാനാകില്ലെന്ന തിരിച്ചറിവിൽ പൊലീസ്. അത്ര ബുദ്ധിപരമായിരുന്നു സനു മോഹന്റെ യാത്രകൾ. മകൾ വൈഗയെ കൊന്നത് താനാണെന്ന് സമ്മതിക്കുമ്പോഴും അതിന് പറയുന്ന കാര്യങ്ങൾ മാറ്റി പറയുന്നു.
കർണാടകയിലെ കാർവാറിൽ ഞായർ പുലർച്ചെ 3നു പിടിയിലായ സനു മോഹനെ (40) കൊലപാതകക്കേസിൽ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയിൽ നൽകി. പണം നൽകാനുള്ള ചിലരെ മാർച്ച് 22നു കാണാമെന്നു സനു മോഹൻ സമ്മതിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ച പലതവണ മാറ്റിവച്ചതാണ്. അതിന്റെ തലേന്നാണ് മകളെ കൊന്ന് ഒളിവിൽ പോയത്. സൈക്കോ ക്രിമിനലാണ് സനു മോഹൻ എന്ന് പൊലീസ് പറയുന്നു.
സനു മോഹന്റെ കുറ്റകൃത്യം തെളിയിക്കണമെങ്കിൽ ഡിജിറ്റൽ തെളിവുകൾ അനിവാര്യമാണ്. എന്നാൽ ഒരു ഡിജിറ്റൽ തെളിവും അവശേഷിപ്പിക്കാതെയാണ് സനു മോഹൻ ഓരോ കരുക്കളും നീക്കിയത്. സനു കങ്ങരപ്പടി ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോൾ തന്നെ ഫേസ്ബുക്കിൽനിന്ന് വിട്ടു. ഫ്ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ കുറവായിരുന്നു. മൊബൈൽ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. മൊബൈലുകൾ ഉപയോഗിച്ച് ഇടപാടുകളും ഇല്ല. സംഭവം നടക്കുന്ന മാർച്ച് 21-നു ശേഷമുള്ള ദിവസങ്ങളിൽ പോലും മൊബൈൽ ഫോണിൽ അസ്വാഭാവികമായി ഒന്നുമില്ല.
പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോൺ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോൺ ഉപയോഗിച്ചു. ഇതിലും തെളിവൊന്നുമില്ല. ഫ്ളാറ്റിലെ സി.സി.ടി.വി. ക്യാമറകൾ പോലും തകരാറിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സനുവിന്റെ കാർ ചെക്പോസ്റ്റിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാർ വിറ്റ ശേഷം ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്. ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യാത്രാ വഴികളും കണ്ടെത്താനാകുന്നില്ല.
കൊച്ചിയിൽനിന്നു കാറിൽ മാർച്ച് 22ന് കോയമ്പത്തൂരിലെത്തിയ സനു മോഹൻ, കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി കൊല്ലൂരിൽ ഏപ്രിൽ 10ന് എത്തി. ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചിട്ടില്ല. ആധാർ കാർഡ് മാത്രമായിരുന്നു കൈവശം. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം ബില്ലടക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമ്മാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണു പൊലീസ് പിടികൂടിയത്.
സനു മോഹനെതിരേ പൊലീസ് ചുമത്തിയത് ഐ.പി.സി. വകുപ്പ് പ്രകാരമുള്ള മൂന്ന് കുറ്റങ്ങളും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള രണ്ട് കുറ്റങ്ങളുമാണ്. കൊലപാതക കുറ്റം (ഐ.പി.സി. 302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വിഷം അടക്കമുള്ള സാധനങ്ങൾ നൽകി മാരകമായി പരിക്കേൽപ്പിക്കുക (ഐ.പി.സി. 328), തെളിവ് നശിപ്പിക്കുക (ഐ.പി.സി. 201) എന്നീ കുറ്റങ്ങളും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരം മദ്യം, പുകയില, ലഹരിവസ്തുക്കൾ എന്നിവ കുട്ടികൾക്ക് നൽകൽ എന്ന കുറ്റം, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക, മാനസിക-ശാരീരിക സമ്മർദം ഏൽപ്പിക്കുക എന്ന കുറ്റം എന്നിവയാണ് ചുമത്തിയത്.
മറുനാടന് മലയാളി ബ്യൂറോ