- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്യാനുറപ്പിച്ച് മകളെ പുഴയിലേക്ക് എറിഞ്ഞ അച്ഛൻ മോതിരവും മാലയും ഊരിയെടുക്കാൻ മറന്നില്ല; ഇനിയുള്ള തെളിവെടുപ്പ് അതിനിർണ്ണായകം; ചോദ്യം ചെയ്യൽ ഭാര്യ ഒഴിവക്കാൻ ശ്രമിക്കുന്നുണ്ടോ എന്നും പൊലീസിന് സംശയം; വൈഗയുടെ കൊലയിൽ സനു മോഹൻ പറയുന്നതെല്ലാം വിശ്വസിക്കാതെ പൊലീസ്
കൊച്ചി: വൈഗയുടെ മരണത്തിൽ ദുരൂഹത മാറിയില്ലെന്ന നിഗമനത്തിൽ പൊലീസ്. കരുതി കൂട്ടിയുള്ള കൊലയാണ് നടന്നതെന്നാണ് സൂചന. പുഴയിൽ തള്ളും മുൻപു തന്നെ മകൾ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹന്റെ വെളിപ്പെടുത്തൽ. വൈഗയുടെ മാലയും മോതിരവും വിറ്റതായും സംസ്ഥാന അതിർത്തി വിടും മുൻപ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറിൽ കരുതിയതായും ഇയാൾ മൊഴി നൽകി.
മരണത്തെ കുറിച്ച് ആർക്കെല്ലാമോ മുൻകൂട്ടി അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്. വൈഗയുടെ കൊലപാതകത്തിൽ മൂന്നാമതൊരാളുടെ പങ്കുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ആരും സഹായിച്ചിട്ടില്ലെന്നും സനു മോഹൻ പറയുമ്പോഴും മൊഴിയിലെ വൈരുധ്യങ്ങൾ മറ്റു ചില ഇടപെടലുകളുടെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അതിനാൽത്തന്നെ ആരെയെങ്കിലും രക്ഷിക്കാൻ സനു ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അന്വേഷണ സംഘം ഉത്തരം തേടുന്നുണ്ട്.
സനു മോഹനുമായി 4 സംസ്ഥാനങ്ങളിൽ തെളിവെടുപ്പിനായി പൊലീസ് ഇന്ന് പുറപ്പെടും. തൃക്കാക്കര ഇൻസ്‌പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്. ഈ തെളിവെടുപ്പും നിർണ്ണായകമാകും. അതിനിടെ ഭാര്യ രമ്യ പൊലീസ് ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ ഭാര്യ രമ്യ ഇപ്പോൾ പ്രതികരിക്കാനില്ലെന്നു ബന്ധുക്കൾ. രമ്യയിപ്പോൾ ബന്ധുക്കൾക്കൊപ്പം ആലപ്പുഴയിലാണ്. വൈഗയുടെ മരണശേഷവും അന്വേഷണത്തിനിടെയും രണ്ടുതവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനായിരുന്നു ഇതെന്നും ആദ്യം വിളിച്ച സമയത്തു സംസാരിക്കാൻ പോലുമുള്ള സ്ഥിതിയിലായിരുന്നില്ല രമ്യയെന്നും ബന്ധുക്കൾ പറഞ്ഞു.
സനുവിന്റെ അറസ്റ്റും വൈഗയുടെ മരണവും സംബന്ധിച്ച വാർത്തകൾ അറിഞ്ഞതോടെ രമ്യ മാനസികമായി കൂടുതൽ തകർന്ന അവസ്ഥയിലാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. തെളിവെടുപ്പു കഴിഞ്ഞ ശേഷമായിരിക്കും പൊലീസ് വിളിപ്പിക്കുക എന്നാണു കരുതുന്നത്. ഇതിനു ശേഷമേ മാധ്യമങ്ങളോട് ഉൾപ്പെടെ പ്രതികരിക്കാനാകൂ എന്നാണു രമ്യയുടെ നിലപാട്. അതുകൊണ്ട് തന്നെ രമ്യ ഇനി പൊലീസിന് നൽകുന്ന മൊഴി അതിനിർണ്ണായകമാകും. സനു മോഹനുമായി ഇന്നലെ പൊലീസ് തെളിവെടുപ്പു തുടങ്ങി. സനുവും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്‌മെന്റ്‌സിലാണ് ആദ്യമെത്തിച്ചത്. കൂസലും കുറ്റബോധവും തെല്ലും ഇല്ലാതെയാണു സനുമോഹൻ തെളിവെടുപ്പു പൂർത്തിയാക്കിയത്. ഫ്‌ളാറ്റ് നിവാസികൾക്കും നാട്ടുകാർക്കും മുന്നിൽ നിൽക്കുമ്പോഴും കുലുങ്ങിയില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു പതറാതെ ഉത്തരം നൽകി.
തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹൻ താഴെ കാണാൻ നിന്ന ഫ്‌ളാറ്റ് നിവാസികൾക്കു മുന്നിൽ പുറം തിരിഞ്ഞു നിന്നു. കൂട്ടംകൂടി നിന്നവർക്ക് അഭിമുഖമായി സനുമോഹനെ പൊലീസ് തിരിച്ചു നിർത്തി. അക്കൂട്ടത്തിൽ സനു മോഹൻ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിച്ചു. അവരെ സനുമോഹൻ കാണിച്ചുകൊടുത്തു. കാർ കൊണ്ടുവന്നു നിർത്തിയ സ്ഥലവും കാറിൽ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയിൽ മരത്തിനോടു ചേർന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു. കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു.
കൊലപാതകത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം പ്രധാനമായും ഉയരുന്നത് ഫ്‌ളാറ്റിൽനിന്നു കണ്ടെത്തിയ രക്തക്കറയിൽ നിന്നാണ്. രക്തക്കറ സനു മോഹന്റേതോ വൈഗയുടേതോ അല്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിൽ പിന്നെ ഇത് ആരുടേത്. സനു പറയുന്ന മൊഴിയിലുള്ളത് ഫ്‌ളാറ്റിൽ വെച്ച് വൈഗയെ ശ്വാസം മുട്ടിച്ചപ്പോൾ മൂക്കിൽനിന്ന് രക്തം വീണെന്നും ഇത് തുടച്ചുകളഞ്ഞു എന്നുമാണ്. എന്നാൽ, ഇതിനുള്ള ഒരു തെളിവും ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല.
സനു മോഹൻ പറയുന്നത് വൈഗയെ ദേഹത്തോട് ചേർത്തുപിടിച്ച് ശ്വാസംമുട്ടിച്ചുവെന്നാണ്. ഇത്തരത്തിൽ ചെയ്താൽ പ്രാണഭയത്താൽ ആരും കുതറും. ബലം കൂടുതലായി പ്രയോഗിക്കേണ്ടിയും വരും. ഇത്തരം ബലപ്രയോഗത്തിന്റെ ഒരു ലക്ഷണവും വൈഗയുടെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ല. മറ്റൊന്ന് രാസ പരിശോധനയിൽ വൈഗയുടെ ആന്തരാവയവങ്ങളിൽനിന്ന് ആൽക്കഹോൾ കണ്ടെത്തിയതാണ്. വൈഗയ്ക്ക് സനു മോഹൻ മദ്യം നൽകിയിട്ടില്ലെന്നാണ് പറയുന്നത്. എങ്കിൽ എങ്ങനെ വൈഗയുടെ ഉള്ളിൽ മദ്യത്തിന്റെ സാന്നിധ്യം വന്നു. ഇതിലെല്ലാം മറ്റൊരാളുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ട്.
സനു മോഹന്റെ ആത്മഹത്യാശ്രമ കഥകൾക്കും വിശ്വാസ്യതയില്ല. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ എന്തിനാണ് ഇത്ര ദൂരം സഞ്ചരിച്ചതെന്നും വാഹനം വിറ്റ് പണമുണ്ടാക്കിയതെന്നുമെല്ലാം ചോദ്യം ഉയരുന്നുണ്ട്. സനുവിന്റെ മൊബൈൽ ഫോണുകൾ കണ്ടെത്തുകയും ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ലഭിക്കുകയും ചെയ്യുന്നതോടെ ഇത്തരം സംശയങ്ങൾക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ