കൊച്ചി: വൈഗയെ കൊന്ന അച്ഛന്റെ മൊഴി വിശ്വാസത്തിൽ എടുക്കാതെ പൊലീസ്. കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി വൈഗ കൊലക്കേസിലെ പ്രതി സനു മോഹന്റെ മൊഴി നൽകുന്നു. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും ഇന്നലെ വൈകിട്ടു ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനു പറഞ്ഞു. എന്നാൽ ഇത് അറിയാമായിരുന്നുവെന്ന് ഭാര്യ പറയുന്നുമില്ല. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. കൊലയ്ക്ക് സാമ്പത്തിക പ്രശ്നമല്ലാതെ എന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. പണം നൽകാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം.

മകളെ കൊലപ്പെടുത്തിയതു സംബന്ധിച്ച സനു മോഹന്റെ വെളിപ്പെടുത്തലുകൾ കേട്ട് തളരുകയും കടുത്ത വികാരവിക്ഷോഭങ്ങളിൽ ഉലയുകയുമായിരുന്നു രമ്യ. ഇടയ്ക്ക് ഇവർ പൊട്ടിക്കരഞ്ഞു. രമ്യയുടെ അനിയത്തിയിൽനിന്നും അവരുടെ ഭർത്താവിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സനു മോഹന്റെ പണമിടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ രമ്യ വ്യക്തമാക്കി. പുണെയിൽ ബിസിനസ് നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതകളെ കുറിച്ച് വ്യക്തമായി തനിക്കറിയില്ലെന്ന് രമ്യ പറഞ്ഞു.

ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേക്ക് വരുന്ന വഴി അരൂരിൽനിന്ന് മകൾ വൈഗയ്ക്ക് അൽഫാമും കൊക്കൊകോളയും വാങ്ങിക്കൊടുത്തെന്ന് സനു മോഹൻ പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് കോളയിൽ മദ്യം ചേർത്ത് നൽകിയതിനാലാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കാണാനിടയായതെന്നാണ് പൊലീസ് നിഗമനം. എന്നാൽ, മദ്യം നൽകിയെന്ന കാര്യം സനു മോഹൻ അംഗീകരിക്കുന്നില്ല. സനു മോഹൻ പറയുന്നതൊന്നും പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. അതിവിദഗ്ധനായ കുറ്റവാളിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാൻ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനം. മകൾക്ക് ഫോൺ നൽകിയതിനെ ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുമ്പു തന്റെ ഫോൺ 13,000 രൂപക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ല. അങ്ങനെ ഭാര്യയിൽ നിന്നും പലതും ഒളിച്ചു വച്ചുവെന്നും സനു മോഹൻ പറയുന്നു. ഇത് പൊലീസ് അംഗീകരിച്ചിട്ടുണ്ട്. എങ്കിലും വൈഗയുടെ കൊന്ന് ആത്മഹത്യയായിരുന്നു പദ്ധതിയെന്ന വാദം അംഗീകരിക്കുന്നില്ല.

ഫോൺ നന്നാക്കാൻ കൊടുത്തെന്നാണ് പറഞ്ഞത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകു എന്നതായിരുന്നു അവസ്ഥ. മകളുടെ സ്‌കൂൾ ഫീസ്, കാർ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാർ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നൽകി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്‌കൂട്ടറും വാങ്ങിയതായി സനുമോഹൻ മൊഴി നൽകി.

വൈഗ കൊലപാതക കേസിൽ പൊലീസ് ചെയ്ത കാര്യങ്ങൾ ഭാര്യ രമ്യയെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഇന്നലെ പൊലീസ് ചെയ്തതെന്നു തൃക്കാക്കര എസിപി ആർ. ശ്രീകുമാർ അറിയിച്ചു. ഇത്രയും നാൾ ചെയ്ത കാര്യത്തിൽ ഒരു വ്യക്തത വൈഗയുടെ അമ്മയ്ക്കു നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മാത്രമാണു കൊലയ്ക്കു പിന്നിൽ എന്നാണ് ഇതുവരെ കണ്ടത്തിയത്.

ഒളിവിൽ ആയിരുന്ന സമയത്തു ഗോവയിൽ വച്ച് സനു മോഹൻ ഒരു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതിനു മാത്രമാണു തെളിവ് ലഭിച്ചത്. മറ്റു 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല.' അദ്ദേഹം പറഞ്ഞു. വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനു മോഹനെ നാലു ദിവസംകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് തൃക്കാക്കര ജെഎഫ്സിഎം കോടതിയുടെ നടപടി.

സനു മോഹന്റെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചു. സനു നൽകിയ മൊഴികളുടെയും കർണാടകം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിൽ വിവിധയിടങ്ങളിൽ സനുവുമായി തെളിവെടുപ്പ് നടത്തും. ബുധനാഴ്ച ഭാര്യ രമ്യയെയും ഇവരുടെ സഹോദരി, ഭർത്താവ് എന്നിവരെയും പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ബോധ്യപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കാൾ ഗൗരവമുള്ള ചില കാര്യങ്ങൾകൂടി അവരെ അറിയിച്ചതായി എസിപി ആർ ശ്രീകുമാർ പറഞ്ഞു.

മുംബൈയിലെ മൂന്നുകോടി രൂപയുടെ വഞ്ചനാക്കേസിൽ മുംബൈ പൊലീസ് സനുവിനെ കസ്റ്റഡിയിലെടുക്കും. ട്രാൻസിസ്റ്റ് വാറന്റുമായി എത്തുന്ന മുംബൈ പൊലീസ് അത് തൃക്കാക്കര ജെഎഫ്സിഎം കോടതിയിൽ നൽകും. വൈഗ കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചാൽ കോടതി അനുമതിയോടെ സനു മോഹനെ മുംബൈയിലേക്ക് കൊണ്ടുപോകും.