- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനു മോഹന്റേത് കെട്ടുകഥകൾ; മൊഴികൾ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പിൽ കണ്ടെത്താനായില്ല; മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനാണ് തുനിഞ്ഞതെന്ന് പറയുന്ന സനു ശ്രമിച്ചത് അടിച്ചുപൊളിച്ചു ജീവിക്കാൻ; മകളെ കൊന്ന പിതാവിന്റേത് ക്രിമിനൽ ബുദ്ധിയെന്ന് പൊലീസ്
കൊച്ചി: സ്വന്തം മകളെ ഞെരിച്ചുകൊന്ന കേസിലെ പ്രതിയായ പിതാവ് സനു മോഹൻ പറയുന്നതെല്ലാം കെട്ടുകഥകളെന്ന് പൊലീസ്. ഇയാളുടെ മൊഴികൾ വിശ്വസിക്കാൻ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൊഴികൾ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പിൽ കണ്ടെത്താനായില്ല. പ്രതി പല കാര്യങ്ങളും ഒളിച്ചുവയ്ക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മകളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് സാനു മോഹൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ അത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. സാമ്പത്തിക ബാദ്ധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രതി നൽകിയ മൊഴി.
താൻ മരണപ്പെട്ടാൻ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും, പിന്നീട് പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
മകളെ കൊന്ന ശേഷം കോയമ്പത്തൂരിൽ എത്തിയ സനു മോഹൻ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതുതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമയും കണ്ടുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സർവ ലഹരികളും ആസ്വദിച്ചു. ബാറിലും ചൂതാട്ട കേന്ദ്രത്തിലും എത്തി കടിച്ചു പൊളിക്കകയും ചെയ്തു. റിയൽ സൈക്കോ ക്രിമിനലാണ് താനെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് പൊലീസിന് സനു മോഹൻ നൽകുന്നത്.
മകൾ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു നാട്ടിലെ കുടുംബം. സനു മോഹന് എന്തു സംഭവിച്ചെന്ന ആദിയും. ഇതൊന്നും സനു മോഹനെ അലട്ടിയിരുന്നില്ല. സനു പലപ്പോഴും ഒരു 'സൈക്കോ'യെപ്പോലെയാണ് ഇപ്പോഴും പൊലീസിനോട് പെരുമാറുന്നത്. ലോട്ടറിയോടാണ് കൂടുതൽ ഭ്രാന്ത്. ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ തേവയ്ക്കലിലെ ലോട്ടറി കടയിൽ 32,000 രൂപ നൽകാനുണ്ടെന്നു സനു മോഹന്റെ മൊഴി പൊലീസ് പരിശോധിക്കുന്നുണ്ട്.
കലൂരിലെ ലോട്ടറി കടയിൽ 12,000 രൂപയും കടമുണ്ട്. കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപർ അടിക്കുമെന്നു വിശ്വസിച്ചു. സമീപകാലത്തായി മദ്യപാനം വർധിച്ചു. പണം കൊടുക്കാനുള്ളവരുടെ പേരുകൾ സനു മോഹൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായ നവീൻ, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്ളാറ്റിലെ കെയർടേക്കർ തുടങ്ങിയവർ ഇതിൽ പെടും. കൊച്ചിയിലെ ഇലക്ട്രിക്കൽ, ഫർണിച്ചർ കടകളിലും ലക്ഷങ്ങൾ നൽകാനുണ്ട്.
ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് പണയപ്പെടുത്തിയപ്പോൾ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്. പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. 50,000 രൂപയ്ക്കാണു കാർ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ എൻഒസി ഹാജരാക്കിയാൽ കുറച്ചു പണം കൂടി നൽകാമെന്നു കാർ വാങ്ങിയ ആൾ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ കാർ പൊളിക്കുന്ന ഇടങ്ങളിൽ വിൽക്കാൻ ശ്രമിച്ച ശേഷമാണ് കാർ വിറ്റതെന്നു സനു പൊലീസിനോടു പറഞ്ഞു. സനുവിന്റെ ആദ്യത്തെ കാറും കോയമ്പത്തൂരിലാണ് വിറ്റത്. എൻഒസി ഇല്ലാത്തതിന്റെ പേരിൽ ഇതിന് ഒരു ലക്ഷം രൂപയേ ലഭിച്ചുള്ളു.
സനു മോഹനെ കർണാടകയിലെ കാർവാറിൽ നിന്നാണു ഞായർ പുലർച്ചെ പൊലീസ് പിടികൂടിയത്. വ്യക്തികളും സ്ഥാപനങ്ങളിലുമായി 11 ഇടങ്ങളിൽ പണം കൊടുക്കാനുണ്ടെന്നാണു സനുവിന്റെ മൊഴി. ഒരു സിനിമ നിർമ്മിച്ചിട്ടുള്ള സുഹൃത്ത് ഉണ്ണിക്ക് 2 ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് ഇതു തിരികെ വാങ്ങി. ഫോൺ വിറ്റു കിട്ടിയ 13,000 രൂപയാണു വൈഗയെ കൊലപ്പെടുത്തുന്നതിന്റെ തലേന്നാൾ കയ്യിലുണ്ടായിരുന്നത്. ഭാര്യ രമ്യയെ ഇപ്പോഴും ഇഷ്ടമാണെന്നും സനു പൊലീസിനോടു പറഞ്ഞു. പ്രണയ വിവാഹമായിരുന്നു. അച്ഛന്റെ ജ്യേഷ്ഠന്റെ മകന്റെ വിവാഹച്ചടങ്ങിലാണു രമ്യയെ ആദ്യമായി കാണുന്നത്.
ഒന്നു രണ്ടു തവണ കൂടി കണ്ടപ്പോൾ ഇഷ്ടം തുറന്നു പറഞ്ഞതോടെ വിവാഹത്തിനു വഴിയൊരുങ്ങുകയായിരുന്നു. കോയമ്പത്തൂരിൽ നടത്തിയ തെളിവെടുപ്പിൽ തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ വിറ്റ വർക്ഷോപ്പും വാങ്ങിയ ആളെയും കണ്ടെത്തി. കോയമ്പത്തൂരിൽ സനു താമസിച്ച ഹോട്ടലിലും പൊലീസ് തെളിവെടുത്തു. അതിനിടെ സനു മോഹനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ പാരിതോഷികം പ്രഖ്യാപിച്ചു. കർണാടകയിലെ കാർവാറിൽനിന്ന് ഇയാളെ പിടികൂടി നാട്ടിലെത്തിച്ചവർക്കും അന്വേഷണത്തിൽ ഭാഗമായവർക്കുമുൾപ്പെടെയാണിത്. നേരത്തെ അന്വേഷണ സംഘാംഗങ്ങൾക്ക് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ