- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനയിലെ സാമ്പത്തിക ഇടപാടിൽ പണം കിട്ടാനുള്ളവർ സനു മോഹനെതിരെ ക്വട്ടേഷൻ കൊടുത്തിരിക്കാം; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്തു പൊലീസ്; സിപിഎം നേതാവ് ഉൾപ്പെട്ട വിവാദ കേസും സനു മോഹന്റെ തിരോധാനത്തിൽ പൊലീസ് പൊടിതട്ടിയെടുക്കുന്നു
കൊച്ചി: കൊച്ചിയിൽ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം. സനുമോഹനെ തട്ടിക്കൊണ്ടു പോകാൻ ചിലർ ക്വട്ടേഷൻ കൊടുത്തിരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അത്തരമൊരു അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. കൊച്ചിയിലുള്ള ചിലരുമായി സനുവിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആവർത്തിച്ചുള്ള വെളിപ്പെടുത്തലും ഈ അന്വേഷണത്തിന് പ്രേരണയായി. ഗുണ്ടാനിയമപ്രകാരം (കാപ്പ) നേരത്തെ തടവിൽ കിടന്നവർ ഉൾപ്പെടെ ഏതാനും പേരെയും അവരുടെ സംഘാംഗങ്ങളായിരുന്ന ചിലരെയുമാണു പൊലീസ് നിരീക്ഷിക്കുന്നത്.
2 പേരെ ചോദ്യം ചെയ്തെങ്കിലും ഇവർക്കു പങ്കുള്ളതായി സൂചന ലഭിച്ചില്ല. മറ്റു ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സംഘങ്ങൾ കൊച്ചിയിലേക്കു താവളം മാറ്റിയിട്ടുണ്ടെന്ന് ഇവരിൽ നിന്നു വിവരം ലഭിച്ചു. സാമ്പത്തിക തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സഹായിക്കുന്ന മധ്യസ്ഥർ എന്ന നിലയിൽ മുൻ ക്വട്ടേഷൻ സംഘാംഗങ്ങളായ ചിലർ കൊച്ചിയിൽ സജീവമാണ്. ലഹരി മരുന്ന് ഇടപാട് മുതൽ റിയൽ എസ്റ്റേറ്റ് തർക്കങ്ങളിൽ വരെ ഇടപെടുന്ന ഇക്കൂട്ടരിൽ ചിലരുടെ പേരുകളാണ് പൊലീസ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ചും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്.
കൊച്ചിയിലേയോ പുണെയിലേയോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വൻതുക കിട്ടാനുള്ള ആരെങ്കിലും സനുവിനെ പിടികൂടി തങ്ങളുടെ അടുത്തെത്തിക്കാൻ ക്വട്ടേഷൻ നൽകിയിരിക്കാമെന്ന ബന്ധുക്കളിൽ ചിലരുടെ നിഗമനം തള്ളിക്കളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ സനു താമസിക്കുന്ന വിവരം മാതാപിതാക്കളോ സഹോദരനോ അറിഞ്ഞിരുന്നില്ലെന്നതു ഗൗരവത്തിലെടുത്താണ് പൊലീസിന്റെ നീക്കം.
അതേസമയം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന, സിപിഎം നേതാവ് ഉൾപ്പെട്ട വിവാദ കേസും സനു മോഹന്റെ തിരോധാനത്തിന്റെ പേരിൽ പൊലീസ് പൊടിതട്ടിയെടുക്കുന്നു. ഇരു സംഭവങ്ങൾക്കും സമാനതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. സിപിഎം നേതാവ് ഉൾപ്പെട്ട കേസിലെ പ്രതികൾക്കൊന്നും സനു മോഹന്റെ കേസുമായി ബന്ധമില്ലെങ്കിലും സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിൽ തിരക്കഥ പ്ലാൻ ചെയ്തവരെ തിരയാൻ പഴയ കേസ് രേഖകൾ സഹായിക്കുമെന്നാണു പൊലീസ് കരുതുന്നത്.
ഭാര്യയ്ക്കോ അടുത്ത ബന്ധുക്കൾക്കോ പോലും അറിയാത്ത ഭൂസ്വത്തോ നിക്ഷേപമോ സനുവിനു കണ്ടേക്കാമെന്നും പണം കിട്ടാനുള്ളവർ ഇതു ലക്ഷ്യമാക്കി സനുവിനെ തടങ്കലിൽ ആക്കിയേക്കാമെന്നും ആദ്യം മുതലേ സനുവിന്റെ ചില സുഹൃത്തുക്കൾ പൊലീസിനു സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബാങ്ക് അക്കൗണ്ട് സനു തുറന്നിട്ടുണ്ടോ എന്നറിയാൻ പുതുതലമുറ ബാങ്കുകളിൽ ഉൾപ്പെടെ പൊലീസ് അന്വേഷണം നടത്തിയത്. കേരളത്തിൽ എവിടെയെങ്കിലും സനുവിന്റെ പേരിൽ ഭൂ സ്വത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം രണ്ടാഴ്ചയായി ചെന്നൈയിലും കോയമ്പത്തൂരിലും തിരച്ചിൽ നടത്തിയിട്ടും സനു മോഹനെ കണ്ടെത്താനാകാത്തതിനെ തുടർന്നു പൊലീസ് തിരികെ പോരാനൊരുങ്ങുന്നു. അവിടെ ഹോട്ടലുകളിലും വീടുകളിലും ചില പാർപ്പിട കോളനികളിലുമായിരുന്നു പൊലീസിന്റെ തിരച്ചിൽ. കേരളത്തിലുള്ള തമിഴ്നാട്ടുകാരുടെ ബന്ധുക്കളും സനു മോഹനെ കണ്ടുപിടിക്കാൻ പൊലീസിനെ സഹായിച്ചിരുന്നു.
തമിഴ്നാട്ടിൽ സനു മോഹൻ എത്താനിടയുണ്ടെന്നു സൂചന ലഭിച്ച പ്രദേശങ്ങളിൽ കേരള പൊലീസ് സംഘം ചെന്നപ്പോഴാണ് നേരത്തെ കേരളത്തിൽ തൊഴിലെടുത്തിരുന്ന തമിഴ്നാട്ടുകാർ അവർക്കൊപ്പം കൂടിയത്. പുറമേ നിന്നുള്ളവർ വാടകയ്ക്കു താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണത്തിലാണ് നാട്ടുകാരുടെ സഹായവും ലഭിച്ചത്. മൂന്നാഴ്ച കൊണ്ടു സനു മോഹൻ തമിഴ്നാട്ടിൽ ആൾമാറാട്ടത്തിലൂടെ ജോലിയൊന്നും സംഘടിപ്പിക്കാനുള്ള സാധ്യത പൊലീസ് കാണുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ