കൊച്ചി: മുട്ടാർപുഴയിൽ 13കാരി വൈഗ മുങ്ങി മരിച്ച സംഭവം മൂന്നുനാൾ പിന്നിട്ടും പിതാവിനെ കുറിച്ച് വിവരമില്ല. കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിൽനിന്നാണു ലഭിച്ചത്. സാനു മോഹനനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്ന് തൃക്കാക്കര പൊലീസ് പറയുന്നു. കളമശേരി, തൃക്കാക്കര പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വൈഗയുടേത് മുങ്ങിമരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു. വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, നാൽപതുകാരനായ സാനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സാനു മകൾക്കൊപ്പം സഞ്ചരിച്ചിരുന്ന കാറും കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടുപോയതെന്ന സംശയവും ഉയരുന്നു. സാനുവിന്റെ തിരോധാനത്തിന് പിന്നിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘമാണെന്ന സംശയവും പൊലീസിനുണ്ട്.

കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന സാനു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് വിവരം. തന്റെ അക്കൗണ്ടിലൂടെ വലിയ തുകയുടെ ഇടപാടു നടന്നതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അത് ശരിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നു കടക്കാരോടു പറഞ്ഞിരുന്നത്. പണം കിട്ടാനുള്ള പലരും ഇവരുടെ ഫ്ളാറ്റിൽ വന്നിരുന്നതായും പറയുന്നു. എന്നാൽ സാനു മോഹന് സാമ്പത്തിക ബാധ്യതകളുള്ളതായി തങ്ങൾക്കറിയില്ലെന്നാണ് ഭാര്യയും ബന്ധുക്കളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.

നാൽപ്പതു ലക്ഷം രൂപയുടെ സ്ഥിരംനിക്ഷേപത്തിനു പുറമെ എസ്.ബി. അക്കൗണ്ടിൽ ലക്ഷം രൂപയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചില അനധികൃത ഇടപാടുകളുടെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നു സൂചനയുണ്ട്. ഞായറാഴ്ച രാത്രി ഏഴോടെ സാനു മോഹനും ഭാര്യ രമ്യയും വൈഗയുമായി ആലപ്പുഴയിൽ രമ്യയുടെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നു മറ്റൊരു ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് സാനു മകൾ വൈഗയുമായി കാറിൽ പുറപ്പെട്ടത്. പിന്നീട് ഇരുവരെയും കാണാതായി.

മഹാരാഷ്ട്രയിലെ പൂണെയിൽ അടക്കം വൻ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തിൽ പൊലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളിൽ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷൻ സംഘങ്ങൾ തട്ടിക്കൊണ്ടു പോയതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ചെക്ക് കേസുകളും സാനുവിനെതിരെ ഉണ്ട്.

താമസിച്ചിരുന്ന ഫ്‌ളാറ്റിൽ അഞ്ചുപേരുൾപ്പടെ പതിനഞ്ചോളം പേരിൽ നിന്ന് വൻതുക സാനു കടം വാങ്ങിയിരുന്നു. ഭാര്യയിൽ നിന്ന് മൊഴിയെടുത്താൽ മാത്രമെ സാനുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അച്ഛനും മകളും ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് കരുതിയത്. എന്നാൽ, റോഡിലെ സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാനുവിന്റെ വോക്സ് വാഗൺ കാർ തൃശൂർ വഴി വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തിയത്. ഇതോടെയാണ് സാനു തമിഴ്‌നാട്ടിലേക്ക് പോയതായി അന്വേഷണ സംഘത്തിന് സംശയം തോന്നിയത്.

ചെക്ക് പോസ്റ്റ് കടക്കുമ്പോൾ സാനു മോഹൻ മാത്രമായിരുന്നോ കാറിൽ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാളയാർ ചെക്ക് പോസ്റ്റിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാവും കൂടുതൽ അന്വേഷണം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്.

വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സാനുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇക്കാര്യം ഭാര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരെയെങ്കിലും ഭയന്നിട്ടാണോ ഫോൺ ഓഫ് ചെയ്തത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനുവിന്റെയും ഭാര്യയുടെയും ഒരുമാസത്തെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സാനു മോഹന്റെ ഭാര്യ രമ്യയുടെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നതോടെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കാണാതാകുന്ന ദിവസം ഭാര്യയുടെ ഫോണുമായാണ് കൊച്ചിയിലെത്തിയത്. രാത്രിയിൽ ഭാര്യാപിതാവിനെ വിളിച്ചിരുന്നതായും തുടർന്ന് ഫോൺ ഓഫായെന്നും പൊലീസ് പറയുന്നു. സാനുവിന്റെ ബന്ധുവായ പ്രവീണാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.