കൊച്ചി: കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനായി മംഗലുരുവിലും കൊല്ലൂർ മൂകാംബികയിലും തിരച്ചിൽ തുടരുന്നു. അതിനിടെ, വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ മദ്യം നൽകി വൈഗയെ ബോധരഹിതയാക്കി പുഴയിൽ തള്ളിയിട്ടതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.

അതേസമയം, സനു മോഹൻ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു. സ്വന്തം ആധാർ കാർഡ് ഉപയോഗിച്ചാണു മുറിയെടുത്തതെന്നും വ്യക്തമായി. ഹോട്ടലിലെ ബിൽ അടയ്ക്കാതെയാണ് ഇയാൾ മുങ്ങിയത്. ലോഡ്ജിൽ നൽകിയത്, നേരത്തെ ഇയാൾ ഉപേക്ഷിച്ച, പ്രവർത്തന രഹിതമായ ഫോൺ നമ്പറാണ്. ലോഡ്ജിലെ ജീവനക്കാർ ഇതിൽ വിളിച്ചു നോക്കിയിരുന്നു. ലോഡ്ജ് ജീവനക്കാർ മലയാളികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം മൊബൈൽ ഫോണോ എടിഎം കാർഡോ ഇയാൾ ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ദൃക്‌സാക്ഷി മൊഴികളിൽ നിന്നുമാണു സനു മോഹനെ പൊലീസ് തിരിച്ചറിഞ്ഞത്.

ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പിൽ നിന്നാണ് ഇയാളെ ജീവനക്കാർ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.

ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്. മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.