അസം എംഎൽഎയും ചലച്ചിത്ര താരവുമായ അങ്കൂർലത ദേകയുടെ ചിത്രവുമായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷം തന്നെ നടത്തിയിരുന്നു. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വീറ്റിനു പിന്നാലെയാണ് അങ്കൂർലതയുടെ ചിത്രമെന്ന നിലയിൽ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പറന്നു നടന്നത്.

എന്നാൽ, ഇതൊക്കെ തന്റെ ചിത്രമാണെന്ന വെളിപ്പെടുത്തലുമായി ഫിറ്റ്‌നസ് ട്രെയ്‌നർ സപ്‌ന വ്യാസ് പട്ടേൽ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രങ്ങളിൽ മിക്കതും തന്റേതാണെന്ന അവകാശവാദവുമായാണ് സപ്ന എത്തിയിരിക്കുന്നത്.

ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ ചിത്രം അങ്കുർ ലതയുടേതെന്ന പേരിൽ വന്നതാണെന്ന് സപ്ന പറയുന്നു. ഇനി ഒന്നും മിണ്ടാനില്ലെന്നാണ് സപ്നാ ഫേസ്‌ബുക്കിലൂടെ പറയുന്നത്.

രാംഗോപാൽ വർമ അങ്കൂർലതയെക്കുറിച്ച് പരാമർശം നടത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ സംഭവത്തിന് ചൂടേറിയത്. അങ്കൂർലതയുടെ സൗന്ദര്യത്തിൽ വീണുപോയ രാമു, ഇപ്പോഴാണ് ഇവിടെ അച്ചാദിൻ വന്നതെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. 'എംഎൽഎമാരെല്ലാം ഇങ്ങനെ സൗന്ദര്യമുള്ളവരാണെങ്കിൽ ഇവിടെ അച്ചാദിൻ വന്നു കഴിഞ്ഞു. നന്ദി അങ്കൂർലത ജി, നന്ദി മോദി ജി. ഇപ്പോൾ ആദ്യമായി ഞാൻ രാഷ്ട്രീയം ഇഷ്ടപ്പെട്ട് തുടങ്ങി'- രാമു പറയുന്നു.

ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ അസാമിലെ ബട്ടദ്രോബ മണ്ഡലത്തിൽ നിന്നാണ് അങ്കുർലത നിയമസഭയിലെത്തിയത്. 6000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു താരത്തിന്റെ ജയം.