റിയാദ്: ആധുനിക സംവിധാനങ്ങളൊരുക്കി പുതിയ പരിഷ്‌കാരങ്ങളുമായി നിരത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി ബസുകൾ. രണ്ട് മാസത്തിനകം സാപ്റ്റ്‌കോ ബസുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് പ്രധാന പരിഷ്‌കാരങ്ങളിൽ ഒന്ന്. കൂടാതെ രണ്ട് വർഷത്തിനകം പുതിയ രണ്ടായിരം വാഹനങ്ങൾ നിരത്തിലിറക്കാനും പദ്ധതിയിടുന്നുണ്ട്.

സ്വകാര്യ നിക്ഷേപകർ രാജ്യത്ത് റോഡ് ഗതാഗത രംഗത്തേക്ക് കടന്നുവരാനിരിക്കെയാണ് സ്പ്റ്റ്‌കോ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയത്. മക്ക, മദീന, ജിദ്ദ, രിയാദ്, അൽഖോബാർ നഗരങ്ങളിലെ ബസ് സർവീസുകളിലാണ് വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നത്. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലവും മറ്റു സേവനങ്ങളും ഇന്റർനെറ്റ് മുഖേന നിരീക്ഷിക്കാനാകും.

അടുത്ത രണ്ട് വർഷത്തിനകം 1000 പുതിയ വാഹനങ്ങൾ നിരത്തിലിറക്കും. മാത്രമല്ല വിവിധ നഗരങ്ങളിലെ ബസ് സ്റ്റാന്റുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. അതോടൊപ്പം ഹുഫൂഫ്, ഖസീം, തായിഫ് തുടങ്ങിയ നഗരങ്ങളിൽ പുതിയ ബസ് സ്റ്റാന്റുകൾ നിർമ്മിക്കും. ജനങ്ങളെ പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസിലേക്ക് ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം.