ഡബ്ലിൻ: യൂനിത്താസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18, 19 തീയതികളിലായി നടന്ന ദീപാവലി ആഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ വർഷം മുതൽ നടത്തി വരുന്ന 'അയർലണ്ട് കാ ടാലെന്റ്‌' മത്സരത്തിൽ സദസ്സിനെയും വിധികർത്താക്കളേയും സ്തബ്ധരാക്കി അത്ഭുതകരമായ പ്രകടനം കാഴ്ച വച്ച്, താരതമ്യങ്ങൾക്കതീതമായി തന്റെ സ്വതസിദ്ധമായ നടനവൈഭവം വീണ്ടും തെളിയിച്ചു കൊണ്ട് സപ്താ രാമൻ 'അയർലണ്ട് കാ ടാലെന്റ്‌റ്' സീസൺ 2 കിരീടം ചൂടി.

അമൃതാ സൂപ്പർ ഡാൻസർ ജൂനിയർ 7 താരമായ സപ്തയുടെ ഒരു വർഷത്തിനുള്ളിലെ തുടർച്ചയായ 3മത് വിജയമാണിത്.യൂറോപ്പിലെ കലാമാമാങ്കമായ കേളി ഇന്റർനാഷണൽ കലാമേള 2014 ലെ സൂര്യ ഇന്ത്യ കലാതിലകം, ഐറിഷ് ആർട്ടിസ്റ്റ് അവാർഡ് ഫോർ ബെസ്റ്റ് ഡാൻസർ എന്നിവയാണ് രാജ്യാന്തര മത്സരങ്ങളിലെ സപ്തയുടെ മറ്റു വിജയങ്ങൾ. മൈൻഡ് 2014 കിഡ്‌സ് ഫെസ്റ്റിലെ നൃത്ത നൃത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ (6) സമ്മാനങ്ങൾ കരസ്ഥമാക്കിയതും ഈ കൊച്ചുമിടുക്കി തന്നെ.

ഇതു വരെ സ്വായത്തമാക്കിയ നൃത്തകലയുടെ മുഴുവൻ ശക്തിയും ആവഹിച്ചുകൊണ്ടായിരുന്നു സപ്തയുടെ പ്രകടനം. ക്ലാസിക്കൽ നൃത്തത്തിന്റെ ഭാവരാഗതാളലയങ്ങളെ റിങ്ങിലൂടെ സമന്വയിപ്പിച്ചുകൊണ്ട് അഗ്‌നിയേന്തിയ കുടങ്ങളുമായി സപ്ത നൃത്തച്ചുവടുറപ്പിച്ചപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ കാണികള ഹർഷാരവത്തോടെ താളം പകർന്നു. നൃത്തത്തിന്റെ അവസാനനിമിഷങ്ങളിൽ സദസ്സും വിധികർത്താക്കളും അത്ഭുതപരതന്ത്രരായി ശ്വാസമടക്കി നിന്നു.

18 തീയതി നടന്ന ദീപാവലി ആഘോഷത്തിൽ പ്രൊഫഷണൽസ മാത്രം അവതരിപ്പിച്ച നൃത്ത പ്രകടനങ്ങളിൽ സപ്തരാമൻ യൂനിത്താസിന്റെ ക്ഷണപ്രകാരം വെസ്റ്റേൺ നൃത്തം (മൈക്കിൾ ജാക്ക്‌സൺ) അവതരിപ്പിക്കുകയുണ്ടായി. തികച്ചും വ്യത്യസ്ത തലങ്ങളിലുള്ള ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തവും വെസ്റ്റേൺ നൃത്തവും തനിക്കു ഒരു പോലെ വഴങ്ങുമെന്ന് ഇതോടെ ലോകം മുഴുവൻ ആരാധകരുള്ള സപ്ത തെളിയിച്ചു.

പൂർണതയ്യാർന്ന നടനവൈഭവത്തോടെ കാണികളിലും വിധികർത്താക്കളിലും വിസ്മയം തീർത്ത സപ്തയെ വിധികർത്താക്കൾ പ്രത്യേകം അനുമോദിക്കുകയും ഭാവിയിൽ നൃത്തപ്രയാണം കഠിന തപസ്യ ആക്കി എടുക്കുവാൻ ആശംസിക്കുകയും ചെയ്തു.