ഡബ്ലിൻ: അയർലണ്ട് മലയാളികൾക്ക് ഇനി അഭിമാനിക്കാം. ഇന്റർനാഷണൽ ഡാൻസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇറ്റലിയിലെ ബെല്ലാരിയയിൽ കഴിഞ്ഞ ആഴ്ച നടന്ന 13മത് വേൾഡ് ഡാൻസ് ചാമ്പ്യൻഷിപ്പിൽ ഫോക് ഡാൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മലയാളി പെൺകുട്ടിയായ സപ്ത രാമൻ നമ്പൂതിരി ചരിത്രം കുറിച്ചു. മുപ്പത്തി ഒന്ന് രാജ്യങ്ങളിൽ നിന്നുമായി 1600 ഓളം മൽസരാർഥികൾ ഇരുപതു വ്യത്യസ്ത നൃത്ത വിഭാഗങ്ങളിലായീ പങ്കെടുത്ത മത്സരങ്ങളിൽ നിന്നാണ് സപ്ത ഈ അത്യപൂർവ വിജയം കൊയ്‌തെടുത്തത്.

സപ്തയുടെ നൃത്തജീവിതത്തിലെ വിജയഗാഥകളിൽ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിത്. അയർലണ്ടിൽ നിന്നും ഇതാദ്യമായാണ് ഒരു മലയാളി പെൺകുട്ടി ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നത്. ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈൻഡ് കഴിഞ്ഞ വർഷം നടത്തിയ കിഡ്‌സ് ഫെസ്റ്റിൽ നൃത്ത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം സപ്തക്ക് ലഭിച്ചത്. ഇന്ത്യൻ സംസ്‌കാരം പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുന്നതിലും കുട്ടികളുടെ കലാവാസനയെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുന്നതിലും മൈൻഡ് പുലർത്തുന്ന പ്രവൃത്തികൾ വളരെ പ്രശംസനീയമാണ്.



അമൃത ടി വിയിൽ സപ്തയുടെ കോറിയോഗ്രാഫറായിരുന്ന വിനീത് മാസ്റ്റർ ആണ് ഈ നൃത്തത്തിന്റെയും കൊറിയോഗ്രഫി മനോഹരമായി നിർവഹിച്ചിരിക്കുന്നത്. ഈ മികച്ച നേട്ടം കൈവരിക്കാൻ വിനീത് മാസ്റ്ററോടൊപ്പം സപ്തയെ സഹായിച്ച കിരൺ ബാബു കരാലിൽ (മ്യൂസിക് എഡിറ്റിങ്), റിസൺ ചുങ്കത്ത് (പ്രോപെർട്ടി) ഫാ. വിന്‌സന്റ് എന്നിവരെ പ്രത്യേക നന്ദിയോടെ അനുസ്മരിക്കുന്നതായ് സപ്തയുടെ മാതാപിതാക്കൾ പറഞ്ഞു. ശാസ്ത്രീയ നൃത്തത്തിൽ കൂടുതൽ അറിവ് നേടി മികച്ച ഒരു നർത്തകിയാവുക എന്നതാണ് സപ്തയുടെ ആഗ്രഹം.

അയർലണ്ടിനെ പ്രതിനിധീകരിച്ചു മത്സരങ്ങളിൽ പങ്കെടുത്ത സിയാന മക്ലൗഗ്ലിനും മോളി റട്‌മോണ്ടിനും സമ്മാനങ്ങൾ ലഭിച്ചു. വേൾഡ് ഡാൻസ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ നയിച്ചത് അയർലണ്ട് കോർഡിനേറ്റെഴ്‌സ് ആയ ഗോഡ് ഫ്രെയും ബ്രെൻഡയും ആയിരുന്നു.