മനാമ : കാറിനുള്ളിൽ കുട്ടിയെ ഇരുത്തി അമ്മ കടയിലേക്ക് കയറിയ തക്കം നോക്കി കുട്ടിയെുൾപ്പെടെ കാറുമായി മോഷ്ടാവ് കടന്നു. ഇന്നലെ ഹൂറയിലാണ് സംഭവം.ഇന്നലെ വൈകീട്ട് 7.15ഓടെയായിരുന്നു സംഭവം.

ഹൂറയിലെ ഡേ കെയറിൽ നിന്ന് കുട്ടിയെ കൂട്ടിയ ശേഷം കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. ഹൂറയിലെ ഗോൾഡൻ സാൻഡ്സ് അപ്പാർട്ട്‌മെന്റിന് സമീപം കാർ നിർത്തിയ ശേഷം കുട്ടിയെ പിൻസീറ്റിലിരുത്തി യുവതി അടുത്തുള്ള കോൾഡ് സ്റ്റോറിൽ കയറി. ഒരു മിനിറ്റിൽ താഴെ മാത്രം സമയത്തിനുള്ളിൽ ഇവർ തിരിച്ചെത്തിയെങ്കിലും ആരോ കാറുമായി കടന്നു കളയുകയായിരുന്നു. കുറച്ച് ദൂരം ഇവർ കാറിനു പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ഹൂറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ കണ്ടെത്തിയെങ്കിലും കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഹൂറയിലെ കെ.എഫ്.സിക്ക് സമീപത്താണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

315820 എന്ന നമ്പറിൽ ഉള്ള പച്ച നിറത്തിലുള്ള മാരുതി സുസുക്കി ആൾട്ടോ കാറിലാണ് കുട്ടിയെ കൊണ്ട് പോയത്. യുവതി ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനമാണിത്. ലക്‌നൗ സ്വദേശികളായ ദമ്പതികളുടെ സാറാ എന്ന അഞ്ച് വയസുകാരി പെൺകുട്ടിയെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാദ്ധ്യമങ്ങളിലും വാർത്ത പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തുന്നവർ 999 എന്ന നമ്പരിലോ 39472692 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.