കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങൾ വരെ ചർച്ചയ്‌ക്കെടുത്ത ഒരു വിഷയമായിരുന്നു തലസ്ഥാനത്തെ ഒരു സ്‌കൂളിലെ കെട്ടിപ്പിടിക്കൽ വിവാദം. സ്‌കൂളിൽ വച്ച് കെട്ടിപ്പിടിച്ചെന്ന പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയ സ്‌കൂൾ മാനേജ്മെന്റിന്റെ നടപടിക്കെതിരെയും അദ്ധ്യാപകരുടെയും മനോഭാവത്തിനെതിരെയും നിരവധി വിമർശങ്ങളുയർന്നു. ഒടുവിൽ ഹൈക്കോടതിയും വിഷയത്തിൽ ഇടപെടുകയും കുട്ടികൾക്കെതിരായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ലോകം മുഴുവനും ചർച്ച ചെയ്ത ആ വിഷയത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി.

തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവർ പണ്ടും ഉണ്ടായിരുന്നു. അവരാണ് ഇന്നത്തെ കുട്ടികൾക്ക് ഉപദേശവുമായി എത്തുന്നതെന്നും ശാരദക്കുട്ടി കളിയാക്കുന്നു പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ വായിക്കാം.

പോസ്റ്റിന്റെ പൂർണരൂപം

മൂത്രപ്പുരയുടെ പിന്നിൽ വെച്ച് ഹൈസ്‌കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഓടിപ്പോയ എന്നെ വിളിച്ച് ആരോടും പറയാതിരുന്നാൽ സ്പോ്ര്ട്സ് ഡേക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്നു പറഞ്ഞു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്‌ക്കൂളിൽ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവർ.

സ്പോർട്ട്സ് ദിവസങ്ങളിൽ ആണ് രസം. സീനിയർ ചേച്ചിമാർ ചേട്ടന്മാർക്കു കൊടുക്കാൻ എഴുതിത്ത്ത്തന്നു വിട്ടിരുന്ന കുറിപ്പുകൾ കൃത്യവിലോപമില്ലാതെ എത്തിച്ചിരുന്നതിനു പകരമായി എത്ര തവണ ഐസ്സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്. അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമിൽ ഞെരുങ്ങി ,ചൂരലിൽ കുരുങ്ങി സൈനിക റെജിമെന്റുകളിലെന്നതു പോലെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ടു കഴിഞ്ഞു കൂടുന്നത്.

സ്‌കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികൾക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗൺസിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോൾ ഓർത്തു പോയതാണ്.. ചേച്ചി റിട്ടയർഡ് ഹെഡ്‌മിസ്ട്രസാണ്. ചേച്ചീ, ആദ്യ ഐസ് ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നു പോയതെങ്ങനെ?.. എന്റെ 12 വയസ്സിൽ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ.