തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺഫോറത്തിൽ, സ്ത്രീവിരുദ്ധ ഡയലോഗുകൾ ആഘോഷിച്ച കസബ എന്ന സിനിമയെയും, ഡയലോഗുകൾ പറയാൻ മടി കാട്ടാതിരുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയെയും നടി പാർവതി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ വെട്ടുകിളികളെ പോലെ പാർവതിയെ ആക്രമിച്ചു. അക്കൂട്ടത്തിൽ, മമ്മൂട്ടി ഫാൻസ് ചെങ്ങന്നൂർ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റവും ശ്രദ്ധേയമായി പാർവതിയെ മാത്രമല്ല, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരെയെല്ലാം വ്യക്തിഹത്യ നടത്തുന്ന രീതിലാണ് സുജ പ്രതികരിച്ചത്.

ഈ പശ്ചാത്തലത്തിലാണ് തന്റേടത്തോടെ മിണ്ടുന്ന സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള ആണത്താഘോഷങ്ങളെയും അതിനെ പിന്താങ്ങുന്ന പെൺഫാനിനെയും വിമർശിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂർണരൂപം:

'കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമ. കസബ തമ്മിൽ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവൻ, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാൻ.. നിര നീണ്ടതാണ്..പാർവ്വതി മാത്രമല്ല സൈബർ ആക്രമണം നേരിടുന്ന സ്ത്രീ. പാർവ്വതി കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം.തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്‌ളില വാക്കുകളുടെ കമ്പിപ്പാരകൾ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബർ ഗുണ്ടകൾ. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെൺഫാൻ. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആൺബോധവാഹകർ ആയ സ്ത്രീകൾ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളർത്തുന്ന നടൻ. കസബയിൽ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹൻലാൽ, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാർക്കെതിരെ. പാർവ്വതിക്കൊപ്പം മാത്രമല്ല, പാർവ്വതിമാർക്കൊപ്പം.. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കിൽ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണം.'