തിരുവനന്തപുരം: തൃക്കാക്കരയിൽ പി.ടി തോമസിന്റെ ഭാര്യ ജയിച്ചതുവഴി ജനാധിപത്യം ചെറുതായെങ്കിലും പരാജയപ്പെടുകയാണെന്ന എഴുത്തുകാരി ശാരദക്കുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ജനങ്ങളുടെ മികച്ച തീരുമാനത്തോടുള്ള വെല്ലുവിളി തന്നെയാണ് ശാരദടീച്ചറുടെ പ്രതികരണമെന്ന് ഷാനിമോൾ കുറ്റപ്പെടുത്തുന്നു.

മികച്ച വ്യക്തിത്വവും പക്വതയും പ്രചരണരംഗത്തുടനീളം പ്രകടിപ്പിച്ച ഉമാ തോമസിനെ കേരളമാകെ കണ്ടതാണ്. അവരുടെ രാഷ്ട്രീയ വിവേകവും പ്രതികരണങ്ങളും ഏറെ പ്രശംസ നേടുമ്പോൾ ടീച്ചറുടെ കക്ഷി രാഷ്ട്രീയമാവാം അനുചിതമായ പ്രസ്താവനയുടെ പിന്നിലെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ ഷാനിമോൾ പറയുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തി ഒട്ടേറെ പ്രമുഖർ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ വിജയമെന്നും അതല്ല സഹതാപ തരംഗമാണെന്നും ഇവരിൽ പലരും വിലയിരുത്തിയത്. മറ്റൊരാളുടെ കുറിപ്പ് പങ്കുവച്ചായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

'തൃക്കാക്കര ഒരു പാഠം തന്നെയാണ്. അനാവശ്യമായ ആവേശം കൊണ്ട് വലുതായൊന്നും നേടാനില്ല എന്ന പാഠം. പി.ടി തോമസിന്റെ ഭാര്യ ജയിച്ചതുവഴി ജനാധിപത്യം ചെറുതായെങ്കിലും പരാജയപ്പെടുകയാണ്. പി.ടി യെപ്പോലുള്ള ഒരാൾക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ആ സാധ്യത ഇരുമുന്നണികളും ഈ മണ്ഡലത്തിലെ ജനങ്ങൾക്കു മുന്നിൽ വെച്ചില്ല.' എന്നാണ് ശാരദക്കുട്ടി കുറിച്ചത്. പിന്നാലെയാണ് മറുപടിയുമായി ഷാനിമോൾ ഉസ്മാൻ രംഗത്ത് വന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയ ശാരദക്കുട്ടി ടീച്ചർ, പി. ടി യുടെ ഭാര്യ ഉമാ തോമസ് വിജയിച് തോടെ ജനാധിപത്യത്തിനു ചെറുതായൊരു ഇടിവുവന്നെന്നതാങ്കളുടെ അഭിപ്രായം തീർത്തും ജനങ്ങളുടെ മികച്ച തീരുമാനത്തോടുള്ള വെല്ലുവിളി തന്നെയാണ്, മികച്ച വ്യക്തിത്വവും പക്വതയും പ്രചരണരംഗത്തുടനീളം പ്രകടിപ്പിച്ച ഉമാ തോമസിനെ കേരളമാകെ കണ്ടതാണ്. അവരുടെ രാഷ്ട്രീയ വിവേകവും പ്രതികരണങ്ങളും ഏറെ പ്രശംസ നേ ടുമ്പോൾ ടീച്ചറുടെ കക്ഷി രാഷ്ട്രീയമാവാം അനുചിതമായ പ്രസ്താവനയുടെ പിന്നിൽ, ഉശിരുള്ള ചെറുപ്പക്കാർ എന്നതുകൊണ്ടെന്താനുദ്ദേശിച്ചത്? തൊഴിൽപരമായ സകല ധാർമികതയും കാറ്റിൽപറത്തി സ്റ്റെത്ത് കഴുത്തിലിട്ട് ഓപ്പറേഷൻ തിയേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്. അഭിഭാഷകർ വളരെ കൂടുതലുള്ള ഒരു മേഖലയാണ് രാഷ്ട്രീയം, ഗൗണും കോട്ടുമിട്ട് തെരഞ്ഞെടു പ്പിനിറങ്ങിയ ഒരാളെയെങ്കിലും ചരിത്രത്തിൽ കണ്ടിട്ടുണ്ടോ? അത് പ്രഫഷണൽ എത്തിക്‌സിന് നിറക്കാത്തതാണെന്ന് ധരിക്കുന്ന ഓരോരുത്തർക്കും അറിയാം, തോൽക്കുമെന്നറിയാമായിരുന്നിട്ടും ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചു ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോൾ ടീച്ചർ മിണ്ടാതിരുന്നതെന്തേ?