തിരുവനന്തപുരം: സ്ത്രീയോടു ലൈംഗിക സംഭാഷണം നടത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തായതിനെതുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം എൻസിപിക്ക് പുതിയ മന്ത്രി ഉടൻ ഉണ്ടാകില്ലെന്നു സൂചന. പകരം മന്ത്രി വേണമോയെന്ന കാര്യത്തിൽ വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിലേ തീരുമാനം ഉണ്ടാകൂ. ശശീന്ദ്രൻ നിരപരാധി ആണെങ്കിൽ അദ്ദേഹത്തെ തിരിച്ചു മന്ത്രിയാക്കണമെന്നതാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതിന് സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്.

ശശീന്ദ്രൻ നിരപരാധി ആണെങ്കിൽ അദ്ദേഹത്തിനു തിരികെ മന്ത്രി സ്ഥാനം നല്കണമെന്ന നിലപാടാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കൈക്കൊണ്ടിട്ടുള്ളത്. ശശീന്ദ്രൻ വഹിച്ചിരുന്ന ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടി എംഎൽഎയ്ക്ക് നൽകണമെന്ന് സംസ്ഥാന എൻസിപി നേതൃയോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായിരുന്നു. എ.കെ.ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിർദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ ഇടപെടൽ.

എൻസിപിയുടെ മന്ത്രിസ്ഥാനം ആർക്കും വിട്ടുനൽകില്ലെന്ന് തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു മന്ത്രിമാർക്ക് നൽകാൻ അനുവദിക്കില്ല. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ട്. താൻ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനെന്ന് തെളിഞ്ഞാൽ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതു തന്നെയാണെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നു വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേരളത്തിലാണ് എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടു സി.പി.എം കേന്ദ്ര നേതൃത്വത്തിനു വിയോജിപ്പുണ്ടെന്നാണു റിപ്പോർട്ട്. എന്നാൽ പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടതു കേരളത്തിലാണെന്നും സംസ്ഥാന നേതൃത്വം അഭിപ്രായം തേടിയാൽ മാത്രമേ ഇടപെടുകയുള്ളൂ എന്നുമാണു കേന്ദ്ര നേതാക്കളുടെ നിലപാട്. മന്ത്രിസ്ഥാനം ആർക്കെന്നു തീരുമാനിക്കേണ്ടത് എൻസിപിയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.