കൊച്ചി: സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയാൽ വീടിന്റെ ആധാരം പണയം വെക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ സാധാരണക്കാർ. കൊച്ചിയിലെ ശാരദാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ യുവാവാണ് ഇപ്പോൾ രണ്ട് ദിവസത്തെ ആശുപത്രി ബില്ല് കണ്ട് കണ്ണ് തള്ളിയത്.

പനിക്ക് ചികിത്സ തേടിയ അഴീക്കൽ സ്വദേശിയായ സന്ദീപ് എന്ന യുവാവാണ് ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. നഴ്‌സിങ് ചാർജ്, ഫാർമസി, ലാബ് ബിൽ ഇങ്ങനെ 9072 രൂപയുടെ ബില്ലാണ് രണ്ട് ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ ഡിസ്ചാർജ് ആയപ്പോൾ സന്ദീപിനെ തേടി എത്തിയത്.

തനിക്കിട്ട് എട്ടിന്റെ പണി തന്ന ആശുപത്രിക്കാർക്ക് ഈ ബിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് സന്ദീപ് മറുപണി കൊടുത്തത്. സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതോടെ നഴ്‌സുമാരും നഴ്‌സിങ് സംഘടനകളും സംഭവം ഏറ്റു പിടിച്ചിരിക്കുകയാണ്.

നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകാൻ മടിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകൾ നഴ്‌സിങ് ചാർജായി രണ്ട് പ്രാവശ്യമായി ഈടാക്കിയത് 900 രൂപയാണ്. സമരം ചെയ്തതോടെ നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിച്ച ആശുപത്രികൾ വരും ദിവസങ്ങളിൽ ഇനിയും ജനങ്ങളെ കൂടുതൽ പിഴിയാൻ ഇരിക്കുന്നതേ ഉള്ളൂ എന്നാണ് ഇപ്പോഴത്തെ ചർച്ച