ലണ്ടൻ: സറയുടെ മരണം ബ്രിട്ടനിലെ സ്ത്രീമനസ്സുകളിൽ സൃഷ്ടിച്ചിരിക്കുന്നത് കടുത്ത അരക്ഷിതത്വബോധമാണ്. ഈ ലോകത്ത് തങ്ങൾ തീരെ സുരക്ഷിതരല്ലെന്ന ഭീതി പടർന്നുകഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തുടർച്ചയായ മൂന്നാംദിവസവും രാത്രി പർലമെന്റ് ചത്വരത്തിൽ നടക്കുന്ന പ്രതിഷേധം. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് 200 പേരോളമാണ് ചത്വരത്തിൽ ആദ്യം ഒത്തുകൂടിയത്. പിന്നീട് ആൾക്കൂട്ടം വളരുന്ന കാഴ്‌ച്ചയാണ് കാണാൻ കഴിഞ്ഞത്. ആയിരത്തോളം പേരായി വളർന്ന ആൾക്കൂട്ടം പിന്നീട് ചത്വരത്തിനു പുറത്തുകടന്ന് വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിൽ കുത്തിയിരിപ്പുസമരം നടത്തി.

ഭരണകക്ഷിക്കും, ബോറിസ് ജോൺസനും, പ്രീതി പട്ടേലിനും, പൊലീസിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി കുത്തിയിരുന്ന പ്രതിഷേധക്കാർ ഏതാനും സമയത്തേക്ക് ഗതാഗത തടസ്സവും ഉണ്ടാക്കി. ഞങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് സമാധാനം നൽകുകയില്ലെന്ന് ആവർത്തിച്ചു വിളിച്ച് ഈ ആൾക്കൂട്ടം 10 മിനിറ്റോളം പാലത്തിനു മുകളിൽ കുത്തിയിരുന്നു. പൊലീസുകാർ നിസ്സഹായരായി നോക്കിനിൽക്കുക മാത്രമാണുണ്ടായത്.

അവിടെനിന്നും പ്രകടനമായി ന്യു സ്‌കോട്ട്ലാൻഡിലെത്തിയ പ്രതിഷേധക്കാർ കുറച്ചുസമയം പൊലീസ്ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് പർലമെന്റിനു മുന്നിൽ എത്തിയപ്പോഴേക്കും ബ്ലാക്ക് ലൈവ്സ് മാറ്റർ എന്നതായി പ്രധാന മുദ്രാവാക്യം. പ്രകടനക്കാർക്കൊപ്പം നീങ്ങിയ പൊലീസ് ഇവരെ പാർലമെന്റ് ചത്വരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒന്നു രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെയുള്ള പുതിയ നിയമനിർമ്മാണത്തിനെതിരെയും പ്രതിഷേധം ഉയർന്നു. നാളെയാണ് ഈ ബിൽ ചർച്ചക്ക് എടുക്കുന്നത്.

പൊലീസ്, ക്രൈം, സെന്റൻസിങ് ആൻഡ് കോർട്ട് ബിൽ എന്ന ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ തടയാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന് അധികാരം ലഭിക്കും. താൻ ഈ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ലേബർ എം പി യായ സാറാ സുൽത്താന, പാർലമെന്റ് ചത്വരത്തിൽ പ്രതിഷേധിക്കാനെത്തിയവരോട് സംസാരിക്കവെ സൂചിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ ശക്തമായി നേരിടുമെന്നു പറഞ്ഞ പ്രീതിപട്ടേൽ ലക്ഷെ ഈ കോവിഡ് കാലത്ത് പ്രതിഷേധ പ്രകടനവുമായി ആരും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു.

അനാവശ്യ സന്ദേശമയച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടി

ഇതിനിടയിൽ, സാറാ എവെറാർഡ് കൊല്ലപ്പെട്ട സ്ഥലത്ത് കാവൽ ജോലിക്ക് നിയമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ സാറയുടെ കൊലപാതകത്തെ കുറിച്ച് ചില അനാവശ്യ സന്ദേശങ്ങൾ തന്റെ സഹപ്രവർത്തകർക്ക് അയച്ചു. ഒരു ചിത്രമായിരുന്നു മെറ്റ് പൊലീസിലെ ഈ പ്രൊബേഷണറി ഓഫീസർ തന്റെ സുഹൃത്തുക്കളുമായി പങ്ക് വച്ചതെന്നാണ് അറിയാൻ കഴിയുന്നത്. അതിലെ ഉള്ളടക്കം വളരെ ഗുരുതരമായ ഒന്നായതിനാൽ ഇത് ലഭിച്ച ചില പൊലീസുകാർ കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ അധികൃതർ ഈ കോൺസ്റ്റബിളിനെ ഉടനെ തന്നെ അന്വേഷണ സംഘത്തിൽ നിന്നും നീക്കം ചെയ്തു. പൊതുജനങ്ങളുമായി നേരിട്ടു സമ്പർക്കം ആവശ്യമില്ലാത്ത ഒരു വിഭാഗത്തിലേക്ക് അയാളെ മാറ്റിയതായാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. മാത്രമല്ല, ഇക്കാര്യം പൊലീസ് പെരുമാറ്റചട്ടം നടപ്പിലാക്കേണ്ട അഥൊറിറ്റിയുടെ അന്വേഷണത്തിനായി വിടുകയും ചെയ്തിട്ടുണ്ട്. ഈ പൊലീ സുദ്യോഗസ്ഥൻ അയച്ച വാട്ട്സ്അപ് സന്ദേശത്തിലെ ഗ്രാഫിക്കിൽ സാറയുടെ ചിത്രമോ ഫോട്ടോയൊ അല്ലെങ്കിൽ ഈ കൊലപാതക അന്വേഷണത്തിനിടെ ലഭിച്ച ഏതെങ്കിലും വസ്തുക്കളുടെയോ തെളിവുകളുടെയോ ചിത്രങ്ങളും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.