വാഷിങ്ടൻ: പാക്കിസ്ഥാനെതിരെ കർശന നിലപാടുമായി അമേരിക്ക രംഗത്തെത്തി, അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ വേണമെന്നു പാക്കിസ്ഥാനോട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്റെ സ്ഥലങ്ങൾ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണം. കാബൂളിലെ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ മരിച്ചതിനു പിന്നാലെയാണു വൈറ്റ് ഹൗസിന്റെ നിർദ്ദേശം വന്നത്.

സാധാരണക്കാർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ, അഫ്ഗാനിസ്ഥാനു നൽകുന്ന പിന്തുണ വർധിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കും. അഫ്ഗാൻ സുരക്ഷാ സേനയുടെ ശക്തമായ നിലപാടിനു പിന്തുണ നൽകുന്നു. യുഎസ് പിന്തുണയോടെ ശത്രുക്കളെ നേരിടാനാണ് അഫ്ഗാൻ സേന ശ്രമിക്കുന്നതെന്നും യു.എസ് പറഞ്ഞു.