തൃശ്ശൂർ: കേരളത്തിൽ പോലും വലിയ തരംഗങ്ങൾ ഉണ്ടാക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. അന്നൊക്കെ സോഷ്യൽ മീഡിയയുടെ അകമൊഴിഞ്ഞ പിന്തുണയും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ പോലും പൊട്ടിത്തെറികൾ ഉണ്ടായി. എങ്കിലും അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയുടെ പിന്തുണയോടെ കൊച്ചിയിലും കോഴിക്കോട്ടും നടന്ന ചുംബന സമരത്തിൽ ആം ആദ്മി പാർട്ടിയുടെ നിലപാട് എന്താണ്? പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പോലും സദാചാര പൊലീസിംഗിന് എതിരായ ചുംബന സമരത്തെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആം ആദ്മി നേതാവും എഴുത്തുകാരിയുമായ സാറാ ജോസഫ് മറുനാടൻ മലയാളിയോട് സംസാരിച്ചു. സദാചാര പൊലീസിംഗിനെതിരായ ചുംബന സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന നിരീക്ഷണമാണ് സാറാ ജോസഫ് നടത്തിയത്. മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാറിനോട് സാറ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

ചുംബന സമര വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നിലപാട് മുഴുവനായി പറയുന്നില്ലെന്നാണ് സാറാ ജോസഫ് സംസാരിച്ചു തുടങ്ങിയത്. എന്നാൽ, സദാചാര പൊലീസിംഗിന് എതിരായി ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്നും അവർ പറഞ്ഞു. വ്യക്തിപരമായി അഭിപ്രായമാണ് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ സാറാ ജോസഫ് വിശദീകരിച്ചത്.

വ്യക്തിപരമായി എന്റെ വീക്ഷണകോണിൽ കേരളത്തിന്റെ സദാചാര ചരിത്രം ഈ ചുംബന ാരത്തിന് മുമ്പും പിമ്പും എന്ന് വായിക്കേണ്ടിയിരിക്കുന്നു. നാളത്തെ തലമുറ അതിനെ അങ്ങിനെയായിരിക്കും കാണുക. പൊതു ഇടങ്ങൾ എന്തിനാണ് എന്നുള്ളത് തീരുമാനിക്കാൻ ഇന്നാട്ടിലെ വർഗീയവാദികൾക്ക് എന്തവകാശമാണുള്ളത്? ഇത് ജനാധിപത്യത്തിന് മേലുള്ള ഫാസിസത്തിന്റെ കടന്നു കയറ്റമായെ കാണാനാകൂ.

എന്റെ കാഴ്‌ച്ചപാടിൽ സദാചാര പൊലീസിംഗിനോളം അശ്ലീലമായ മറ്റൊന്നില്ല. ഇപ്പോൾ നിങ്ങൾ ഊറ്റം കൊണ്ട് നടക്കുന്ന സംസ്‌കാരത്തിന് കീഴിൽ പിഞ്ചുകുട്ടികളും വ്യദ്ധകളും വരെ ബലാൽസംഗം ചെയ്യപ്പെടുന്നു.സ്ത്രീക്ക് പൊതു ഇടങ്ങളിൽ പോലും സുരക്ഷിതമായി ഇരിക്കാനാകാത്ത അവസ്ഥയുണ്ടാകുന്നു. ഇതിനെല്ലാം കാരണം നിങ്ങൾ പറയുന്ന ഈ സംസ്‌കാരം തന്നെയാണ്.സദാചാര പൊലീസിംഗിന് എതിരായ സർഗാത്മകമായ ഇടപ്പെടലാണ് ചുംബനസമരം. ചരിത്രത്തിലും അത് അങ്ങിനെ തന്നെ അടയാളപ്പെടുത്തും.

ഫാസിസത്തിന്റെ കടന്നു വരവിനെ സർഗാത്മകമായി പ്രതിരോധിക്കാൻ ചുംബന സമരത്തിനായി എന്നതും കാണാതിരുന്നുകൂടാ. പലരും ചുംബനത്തെ ലൈംഗികതയുടെ വീക്ഷണ കോണിൽ മാത്രമാണ് ഇപ്പോഴും കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി വിജയന്റെ പ്രസ്താവന. ആണും പെണ്ണും മുറിയിൽ ഇരുന്ന് ചെയ്യേണ്ടതാണ് ചുംബനമെന്നാണ് അദ്ദേഹം പോലും പറയുന്നത്. ഇവിടെയാണ് ചരിത്രത്തിലെ ചുംബനങ്ങളെക്കുറിച്ച് കൂടി നാം വിശകലനം ചെയ്യേണ്ടത്.

ഒറ്റുകൊടുക്കാനായി ചുംബിച്ചിട്ടില്ലെ? യേശുദേവനെ ഒറ്റുക്കൊടുക്കാനായി യൂദാസ് തിരഞ്ഞെടുത്ത വഴിയും ചുംബനമായിരുന്നല്ലോ. ശിഷ്യന്മാരുടെ കാൽ കഴുകി യേശുവും തന്റെ ചുംബനം അടയാളപ്പെടുത്തിയിട്ടുണ്ട്. ചുംബനത്തിന് വലിയ അർത്ഥതലമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ഭാര്യ ഭർത്താവിനെ എത്ര മനോഹരമായി ചുംബിക്കാമെന്ന് കോഴിക്കോട്ടെ തെരുവിൽ ദീദി ദാമോദരൻ കാണിച്ചു തന്നല്ലോ? അപ്പോഴും ഒരു കാര്യം നാം വിസ്മരിച്ചു കൂടാ. കാമുകി കാമുകന്മാർ അവർ ഏത് ഇച്ഛയിലാണോ ചുംബിക്കുന്നത് എന്ന് മനസ്സിലാക്കുന്ന ഒരു സമൂഹം ഇപ്പോഴും ഇവിടെയില്ല. പൊതുസമൂഹത്തെ അത്തരത്തിൽ ബോധവൽക്കരിക്കുന്നതിന് ചുംബന സമരത്തിന് കഴിയണം. ചുംബന സമരമെന്ന സർഗാത്മകമായ ഇടപ്പെടലിനെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു.

അടുത്തിടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ നടത്തിയ ദുബായ് യാത്രയും ദേശീയ മാദ്ധ്യമങ്ങളിലൂടെ വിവാദത്തിലായിരുന്നു. ദുബായിൽ വിവിധ പരിപാടികളിൽ സംഘടിക്കാൻ പോയ കെജ്രിവാൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതുവഴി കെജ്രിവാളിനെ അടിക്കാൻ കിട്ടിയ വടിയായും ബിജെപി നേതാക്കൾ ഉപയോഗിച്ചിരുന്നു. ഇതേക്കുറിച്ച് സാറാ ജോസഫ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:

നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ആം ആദ്മി ഒരിക്കലും ദരിദ്രന്മാരുടെ പാർട്ടിയല്ല. വർഗ്ഗപരമായി ആരേയും വേർതിരിച്ചിട്ടുമില്ല. ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ പാർട്ടിയാണ്. ഇവിടത്തെ എല്ലാ വിഭാഗം ജനങ്ങളും ആം ആദ്മി ആകണമെന്നാണ് പാർട്ടിയുടെ ലക്ഷ്യം. കെജ്രിവാളിന്റെ വിമാനയാത്ര വിവാദമാക്കിയത് രാഷ്ട്രീയ കളിയുടെ ഭാഗമായാണ്. ബിസിനസ് ക്ലാസ്സിൽ അദ്ദേഹം യാത്ര ചെയ്തതിനെ ഞാൻ തെറ്റ് പറയാനില്ല.പണമുണ്ടെങ്കിൽ ഏത് ക്ലാസ്സിലും യാത്ര ചെയ്യാൻ നമുക്കനുവാദമുണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ട്. അദ്ദേഹം ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്തു.അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ്. ഒരിക്കലും ഞാൻ അതിനെ തെറ്റ് പറയില്ല - സാറാ ജോസഫ് വ്യക്തമാക്കി.