ടുക്കളയിൽ നിന്ന് പടർന്നു പിടിച്ച തീയിൽ കത്തുന്ന ഉടലുമായി വീടിനു പുറത്തേക്കോടുന്ന ഒരു സ്ത്രീയെ സങ്കല്പിക്കു. അല്ലെങ്കിൽ, മരുഭൂമിപോലെ വരണ്ട മണ്ണിൽ മഴ കാത്തിരിക്കുന്ന വീട്ടമ്മയെ. ഛേദിക്കപ്പെട്ട അവയവങ്ങളും അപഹരിക്കപ്പെട്ട മാനവും ശിഥിലമാക്കപ്പെട്ട ജീവിതവുമായി പടനിലത്തെ വിധവയെപ്പോലെ നിരാലംബയായി നിലവിളിക്കുന്നവളെ. വേട്ടപ്പട്ടികളെപ്പോലെ ഊരാളന്മാരും കരാളന്മാരും കടിച്ചുകീറിയ കീഴാളപെൺകുട്ടിയെ. അപൂർവം ചിലപ്പോൾ വേട്ടക്കാരന്റെ വെട്ടിയെടുത്ത ശിരസ്സുമായി തന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും സ്ത്രീത്വത്തിന്റെയും അന്തസ്സിനു വില പറയുന്ന രുദ്രയെ - സാറാജോസഫിന്റെ കഥകൾ ഒന്നാകെയെടുത്താൽ അവ പകരുന്ന ചിത്രങ്ങളിൽ ചിലത് ഇവയായിരിക്കും. സംഗ്രഹിച്ചു പറഞ്ഞാൽ, മണ്ണിന്റെയും പെണ്ണിന്റെയും ശ്യാമശരീരങ്ങൾകൊണ്ടു തീർത്ത ഭാവനാഭൂപടങ്ങൾ വരച്ചാണ് ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയ്ക്ക് സാറാജോസഫ് രാഷ്ട്രീയജീവിതം പകർന്നു നൽകിയത്.

'നവോത്ഥാനകഥാകൃത്തുക്കൾക്കു പ്രശ്‌നം മനുഷ്യന്റെ വയറായിരുന്നുവെങ്കിൽ തന്റെ തലമുറയ്ക്ക് അത് ഹൃദയമായിരുന്നു' വെന്നുപറഞ്ഞത് എം ടി വാസുദേവൻ നായരാണ്. 1950 കളിൽ മാധവികുട്ടിക്കും പത്മനാഭനുമൊപ്പം മലയാള കഥയിൽ ആധുനികതാവാദത്തിന്റെ ഒന്നാം ഘട്ടത്തിനു തുടക്കമിടുകയായിരുന്നു, എം ടി. തൊട്ടു പിന്നീടു വന്ന തലമുറ പ്രശ്‌നം തലച്ചോറിന്റേതാണെന്നു വരുത്തി കഥയിൽ ചിന്താപരതയ്ക്കും വിചാരലോകങ്ങൾക്കും തുടക്കമിട്ടു. ഇവരിൽ നിന്നും ഭിന്നമായി രാഷ്ട്രീയമായിത്തീർന്ന ശരീരത്തിലേക്കു കഥയെ പറിച്ചുനടുകയായിരുന്നു സാറാജോസഫ് ഉൾപ്പെടെയുള്ളവർ ചെയ്തത്. രാഷ്ട്രീയജീവിതം ആലേഖനം ചെയ്ത ശരീരങ്ങൾ കൊണ്ട് ആത്മകഥയെഴുതുന്ന സ്ത്രീത്വത്തിന്റെ സമരഗാഥകളായി മാറി, അവരുടെ രചനകൾ. സ്ത്രീശരീരത്തെ മൂടിയും മറച്ചും മെരുക്കിയും തളർത്തിയും ഛേദിച്ചും പീഡിപ്പിച്ചും ദഹിപ്പിച്ചും നശിപ്പിച്ചും പുരുഷൻ നടത്തുന്ന പെൺവേട്ടകളുടെ ചരിത്രപാഠങ്ങൾ. മാംസദാഹം പൂണ്ട നരന്റെ നരനായാട്ടുകൾ. ഉയിരിന്റെ ഉയിർത്തെഴുനേൽപ്പുകൾ. മാംസപിണ്ഡമായ ദേഹമല്ല താൻ എന്നുതിരിച്ചറിയുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യഗീതങ്ങൾ. സ്‌ത്രൈണചോദനകളുടെ തീപ്പടർച്ചകൾ. പെണ്മയുടെ പടപ്പാട്ടുകൾ. മാധവിക്കുട്ടിയിൽ നിന്നു മുന്നോട്ട് പോന്ന്, മലയാളി എഴുത്തുകാരികൾ വരച്ചിട്ട പെണ്ണുടലിന്റെ കാമനാരൂപകങ്ങളിൽ സാറാജോസഫിനെപ്പോലെ തീവ്രവും തീക്ഷ്ണവും സമര സജ്ജവും സാർഥകവുമായി ഇടപെട്ട മറ്റൊരാളില്ല. ഈ ലേഖകൻ സാറാജോസഫിന്റെ ''സമ്പൂർണ്ണകഥകൾ' മുൻനിർത്തിയെഴുതിയ പഠനത്തിൽ നിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ:

'നട്ടെല്ലു നിവർത്തി ഉയരുന്ന സമകാല മലയാളിസ്ത്രീയുടെ ജീവചരിത്രമാണ് സാറാ ജോസഫിന്റെ കഥാലോകം എഴുതിപൂർത്തിയാക്കുന്നത്. അസ്തിത്വദുഃഖത്തിലും വിരഹത്തിലും ഏകാന്തതയിലും നിരാശയിലും സഹനത്തിലും കീഴടങ്ങലിലും പിണങ്ങിപ്പിരിയലിലും കണ്ണീരിലും നെടുവീർപ്പിലും മരണാഭിമുഖ്യത്തിലും നിന്ന് ആത്മബോധത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും ചോദ്യം ചെയ്യലിലേക്കും ഇറങ്ങിപ്പോക്കിലേക്കും അതിജീവനത്തിലേക്കും ഘട്ടംഘട്ടമായി വളരുന്ന ഒരു സ്ത്രീയെയാണ് ഈ കഥകളുടെ ഒന്നിച്ചുള്ള വായന അനുസ്മരിപ്പിക്കുന്നത്. പുരുഷനെ ഇരട്ടി പ്രതാപത്തോടെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി മാറേണ്ടിവരുന്ന സ്ത്രീയെക്കുറിച്ചുള്ള വെർജിനിയ വൂൾഫിന്റെ തിരിച്ചറിവിൽ തുടങ്ങി കർത്തൃത്വം നിരാകരിക്കപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള സിമോൺ ഡി ബുവ്വെയുടെ നിരീക്ഷണത്തിലൂടെ മുന്നേറി, ഭാഷയുടെ ലിംഗരാഷ്ട്രീയത്തെയും സാമൂഹികാധികാരത്തെയും കുറിച്ചുള്ള റൊളാങ് ബാർത്തിന്റെയും ജൂലിയക്രിസ്‌തേവയുടെയും ബോദ്ധ്യങ്ങൾ പങ്കുവച്ച്, സ്വത്വപ്രഖ്യാപനങ്ങളിലും കർത്തൃത്വരൂപീകരണത്തിലും സ്ത്രീശരീരത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് ഹെലൻസിക്‌സുവും ജൂഡിത് ബട്‌ലറും മുതൽ മിഷേൽ ഫൂക്കോയും ഴാക് ലക്കാനുമുൾപ്പെടെയുള്ളവർ വരെ ഉന്നയിക്കുന്ന ആശയങ്ങൾ പിൻപറ്റി, ചരിത്രത്തിലും പുരുഷപാഠങ്ങളിലും ഒരുപോലെ സംഭവിച്ച വംശത്തിന്റെയും വർണ്ണത്തിന്റെയും സ്ത്രീവിരുദ്ധരാഷ്ട്രീയങ്ങളെക്കുറിച്ചുള്ള ബാർബറാസ്മിത്തിന്റെയും മറ്റും വെളിപാടുകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീസ്വത്വ ബോധത്തിന്റെ ഇന്ത്യൻ/ കേരളീയ പാഠരൂപങ്ങളാണ് സാറാജോസഫിന്റെ രചനകൾ എന്നും പറയാം. അതേസമയം തന്നെ പാശ്ചാത്യഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെയും സങ്കല്പനങ്ങളുടെയും വെള്ളം തൊടാത്ത വിഴുങ്ങലുകളുമല്ല അവ. ആദ്യകാലകഥകളിൽപ്പോലും മാതൃത്വത്തെ പാടെ നിരാകരിക്കുന്ന ബുവ്വയുടെ നിലപാടുകളല്ല, മാതൃത്വത്തിന്റെ വിമോചനസാദ്ധ്യതകളും ആനന്ദസമവാക്യങ്ങളും തിരിച്ചറിയുന്ന ക്രിസ്‌തേവയുടേയും മറ്റും നിലപാടുകളാണ് സാറാജോസഫിനു പഥ്യം. വംശത്തിന്റെയും വർണ്ണത്തിന്റെയും മണ്ഡലങ്ങളിൽ നിലനില്ക്കുന്ന ലിംഗരാഷ്ട്രീയത്തിൽ ബാർബറാ സ്മിത്തിനെ അംഗീകരിക്കുമ്പോൾത്തന്നെ സ്മിത്ത് ഉന്നയിക്കുന്ന സ്വവർഗ്ഗരതിയുടെ വിമോചനരാഷ്ട്രീയത്തെ സാറാ ജോസഫിന്റെ കഥകൾ ഏറ്റെടുക്കുന്നതേയില്ല. ചരിത്രം, മതം, മുതലാളിത്തം, കീഴാളത, കുടുംബം, ദളിതത്വം, ശരീരം, പരിസ്ഥിതി, ഭാഷ തുടങ്ങിയവയെക്കുറിച്ചുള്ള സ്ത്രീപക്ഷ രാഷ്ട്രീയവിശകലനങ്ങളാണ് സാറാ ജോസഫിന്റെ രചനകൾ- സാഹിതീയവും സാഹിത്യേതരവുമായവ - ഒന്നടങ്കം. അക്കാദമികവും സാങ്കേതികവും പ്രതീകാത്മകവും പ്രചാരണപരവും പ്രഭാഷണപരവുമാണ് അവ എന്ന വിമർശനം പരക്കെ നിലനില്ക്കുമ്പോൾത്തന്നെ സാഹിത്യത്തെക്കുറിച്ചുള്ള അടിസ്ഥാനധാരണകൾപോലും 'സൗന്ദര്യാത്മകത'യുടെ തോടുകൾ പൊളിച്ച് പുറത്തുവന്നു കഴിഞ്ഞ നമ്മുടെ കാലഘട്ടത്തിൽ സാഹിത്യത്തിന്റെ കാവ്യശാസ്ത്രവും പ്രത്യയശാസ്ത്രവും രണ്ടല്ല എന്ന് പ്രസ്താവിക്കുന്നുണ്ട് സാറാ ജോസഫിന്റെ രചനകൾ.'

'ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മറ്റുകഥകളും' എന്ന ഈ പുസ്തകത്തിലുള്ളത് മേല്പറഞ്ഞ സൗന്ദര്യരാഷ്ട്രീയത്തെ ചരിത്രവൽക്കരിക്കുകയും ഭാവുകത്വ പരിണാമത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പതിനഞ്ചു കഥകളാണ്.

ശീർഷക കഥതന്നെ നോക്കുക. തന്റെ ശരീരത്തിനു മേൽനടന്ന ഒരാക്രമണത്തിലുള്ള ആത്മരോഷം മുഖ്യമൂലധനമാക്കി മുഴുവൻ സ്ത്രീകൾക്കും വേണ്ടി സിനിമയെടുക്കുന്ന ലീലാഭായി എന്ന സംവിധായിക തന്റെ നായികയോടാവശ്യപ്പെടുന്നത് വടിവൊത്ത ഉടലോ മിന്നുന്ന തൊലിയോ ചന്തമുള്ള മുഖമോ അല്ല, ക്ഷോഭിക്കുന്ന രണ്ടു മുലകളാണ്.

''മുലകളെ ക്ഷോഭിപ്പിക്കാനൊന്നും എനിക്കറിഞ്ഞുകൂടാ''.

നടി പറഞ്ഞു.

നടിയുടെ കൈപിടിച്ച് വലിച്ച് ലീലാഭായി മുറിക്കകത്തേക്കോടിക്കയറി. നിറഞ്ഞ വെളി ച്ചത്തിൽ തന്റെ അയഞ്ഞ ബ്ലൗസ് വലിച്ചുചീന്തി ലീലാഭായി നടിയുടെ മുന്നിൽ നിന്നു.

അനേകം മുറിവുകളും ചതവുകളും ഉണങ്ങിയും ഉണങ്ങാതെയും വിണ്ടുകീറിയും വടു കെട്ടിയും തകർന്ന മുഖമുള്ള ക്ഷോഭിക്കുന്ന രണ്ടുമുലകൾ കണ്ട് നടി പകച്ചുനിന്നു.

സ്ത്രീയുടെ തകർന്ന ഉടലിന്റെയും തളരാത്ത പ്രജ്ഞയുടെയും വെളിപാടുകളായെഴുതപ്പെടുന്ന ഇത്തരം ഒരുപിടി കഥകളാണ് ഈ പുസ്തകത്തെ ശരീരത്തിന്റെ രാഷ്ട്രീയ ഭൂപടമാക്കിത്തീർക്കുന്നത്. ഭൂമിരാക്ഷസം, തായ്കുലം, അശോക എന്നീ കഥകൾ രാമായണത്തിലെ നാലുസ്ത്രീകളുടെ (അരജ, ശൂർപ്പണഖ, അയോമുഖി, സീത എന്നിവർ) കയ്യേറ്റം ചെയ്യപ്പെട്ട കാമനകളുടെയും കർതൃത്വങ്ങളുടെയും കഥ പറയുന്നു. ശുക്രമഹർഷിയുടെ മകൾ അരജയെ ദണ്ഡകൻ ബലാൽകാരം ചെയ്തു. ആശ്രമവും വനവും മാത്രമല്ല ഭൂമിതന്നെയും ദണ്ഡകനോട് പകവീട്ടി. ഏഴുദിവസം നിലയ്ക്കാതെ മൺമാരി പെയ്തു തൂർന്ന്, അനേകായിരം വർഷങ്ങളിലേക്ക് പുല്ലുപോലും മുളയ്ക്കാതെ ദണ്ഡകാരണ്യം പഴുത്തു കിടന്നു.

തന്റെ പ്രണയം തുറന്നുപറഞ്ഞ അയോമുഖി എന്ന രാക്ഷസിയുടെയും ശൂർപ്പണഖയുടെയും മുലയരിഞ്ഞ് ഉത്തമപുരുഷനായ ലക്ഷ്മണൻ വീര്യം കാട്ടി. രാമനും രാവണനും സ്ത്രീയോടുചെയ്യുന്ന നീതികളുടെ വൈരുധ്യം തുലാസിൽ തൂക്കി പുരാണത്തിന്റെയും പുരുഷോത്തമന്റെയും മൂല്യവിചാരണ നടത്തുന്നു, സാറാജോസഫ്.

'അശോക'യിൽ, സീത നേരിട്ടുതന്നെ രാമനെ വിചാരണ ചെയ്യുന്നു. 'ഉത്തമപുരുഷന്റെ ഏകവചനം' കൊണ്ടു തന്നെ സീത രാമനെ രാക്ഷസനെക്കാൾ അധമനായി തിരിച്ചറിയുകയും തനിക്കുചിതം ചിതാപ്രവേശം മാത്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. സീത, രാവണലങ്കയിൽ വച്ചു രാമനോടു ചെയ്യുന്നതിലപ്പുറമൊന്നും ആത്മബോധമുള്ള ഒരു സ്ത്രീയ്ക്ക് തന്റെ സ്ത്രീത്വത്തെയും സ്വത്വത്തെയും അപമാനിക്കുന്ന പുരുഷനോട് ചെയ്യാനാവില്ല എന്ന് ഈ കഥ വിശ്വസിക്കുന്നു. പ്രണയം പൂത്തുലഞ്ഞുനിന്ന തങ്ങളുടെ ഉടലിനുമേൽ പുരുഷൻ നടത്തിയ രതിഛേദങ്ങളുടെയും പരാക്രമങ്ങളുടെയും പ്രണയഹിംസകളുടെയും നൃശംസതയ്ക്ക് സ്ത്രീത്വത്തിന്റെ പ്രാണനൈതികതകൊണ്ടു പകരം വീട്ടുന്നവരാണ് സാറാജോസഫിന്റെ നായികമാർ. മലയാളത്തിന്റെ ജീനിയസ് വെളിപ്പെടുന്ന ഭാഷയുടെ ലീലകൊണ്ട് സാറാജോസഫ് സീതയുടെ ചിന്താവിഷ്ടത വരച്ചിടുന്നു.

ലങ്കയുടെ കടലിലപ്പോൾ ഭീകരമായ നിശ്ശബ്ദതയായിരുന്നു. കടലിനുമീതെ തണുത്ത രക്തക്കട്ടപോലെ സൂര്യൻ. ആകാശം മൂടിനില്ക്കുന്ന വിഷമേഘങ്ങളുടെ നിഴൽ ഇരുട്ടായി ലങ്കയെ പൊതിഞ്ഞു. കടലിന്റെ നിശ്ചലതയിലേക്കുറ്റു നോക്കിക്കൊണ്ട് പടുകൂറ്റൻ കഴുകുകൾ നിരനിരയായി അനക്കമറ്റിരുന്നു. കടൽത്തീരത്തു കൂടി പരാജിതന്റെ ഒടിഞ്ഞ രഥം തെന്നിനീങ്ങി. മുറിവുകളിൽ നിന്ന് പുഴപോലെ രക്തമൊഴുക്കിക്കൊണ്ട് അവൻ രഥത്തിന്റെ പടിയിൽ മുഖം കമഴ്ന്നുകിടന്നു. നനഞ്ഞ മണലിൽ അവന്റെ കൈകാലുകൾ ഇഴഞ്ഞുണ്ടായ കല്പച്ചാലുകളിൽ അവന്റെതന്നെ രക്തം വീണുപതഞ്ഞു. സീതയുടെ ജടയും വസ്ത്രാഞ്ചലങ്ങളും ഒടിഞ്ഞ ആരക്കാലുകളിൽ ബന്ധിച്ചിരിക്കുന്നു. മണ്ണിലിഴഞ്ഞും മുടി വലിഞ്ഞും വസ്ത്രമഴിഞ്ഞും സീത ലങ്കയുടെ കടൽത്തീരത്തുകൂടി വലിച്ചിഴയ്ക്കപ്പെടുന്നു. നിശബ്ദതയുടെ വ്യാകുലത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വാൾപോലെ ഇടയ്‌ക്കൊരു ശംഖനാദമുയരുമ്പോൾ കഴുകൾ പിടഞ്ഞ് ചിറകു വിരുത്തുന്നു. പിന്നെയും ചിറകൊതുക്കി കടലിലേക്കുറ്റുനോക്കി. നിരനിരയായി നിശ്ചലമിരിക്കുന്നു. മരണവീട്ടിലെ തളർന്നൊടുങ്ങുന്ന നിലവിളിപോലെ കടലും മൗനവും ഇടയ്‌ക്കൊന്ന് തേട്ടുന്നു.

വീടുവിട്ടിറങ്ങി, തന്റെ പ്രതിഭയും ഭാവനയും കൊണ്ടു മൂർത്തമാക്കിയ ശരീരത്തിന്റെ വഴികൾ സ്വയം തെരഞ്ഞടുക്കുന്ന സ്ത്രീകളുടെ കഥപറയുന്ന ഓരോ എഴുത്തുകാരിയുടെ ഉള്ളിലും മഴ എന്നീ രചനകൾ. ഏറെ പ്രസിദ്ധമായ കഥയാണല്ലോ 'എഴുത്തുകാരി...' സമൂഹം പെണ്ണിനെ പെറ്റു വളർത്തുന്നതെങ്ങനെ എന്നതിന്റെ മലയാളത്തിലെ ഏറ്റവും പ്രശസ്തമായ പരാവർത്തനങ്ങളിലൊന്ന്. പ്രതിഭയുടെ സ്വാതന്ത്ര്യമാഘോഷിക്കുന്ന എഴുത്തുകാരായിട്ടുപോലും സമൂഹം സ്ത്രീക്കും പുരുഷനും രണ്ടു നീതിയാണു കല്പിച്ചു നൽകുന്നത്. ഹിംസാത്മകം തന്നെയായ അവഗണനകൊണ്ട് സ്ത്രീയുടെ ശരീരത്തെ സമൂഹം തടവിലിടുന്നു.


മേബിൾ അമ്മായിയുടെ നഗരത്തിലും സമകാലികരായ എഴുത്തുകാരുടെ കൂടിച്ചേരലുകൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ ഒരിക്കലെങ്കിലും, അവസാനംവരെ, എഴുത്തുകാരുടെ സംവാദങ്ങളിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ കാലിൽ മാംസത്തിൽ പൂണ്ടുകിടക്കുന്ന ഒരു പഞ്ചലോഹവളയുള്ളതായിരുന്നു കാരണം. എന്നെ പെറ്റ ഉടനെ അമ്മ പ്രത്യേകം പറഞ്ഞുതീർപ്പിച്ച് ഇടുവിച്ചതാണ്. പിന്നീട് ഞാൻ വളരുകയും ലോഹവളയം വളരാതിരിക്കുകയും ചെയ്തതോടെ, ക്രമേണ മാംസം വന്ന് അത് മൂടിപ്പോയി. ഉച്ചത്തിലലറിക്കൊണ്ടു പാഞ്ഞുനടന്ന പഞ്ചലോഹവളയം മാംസത്തിനകത്ത് അനേകം കുഞ്ഞുവളയങ്ങളുടെ മുട്ടയിട്ടു പെരുകി. ഏറെ നേരം കാൽ തൂക്കിയിട്ട് ഇരിക്കേണ്ടിവരുമ്പോൾ സ്വന്തം അസ്തിത്വം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോഹവളയങ്ങൾ പാഞ്ഞുനടക്കുകയും എന്നെ അസഹ്യമായ വേദനയുടെ പൊള്ളലിലേക്ക് തള്ളിയിടുകയും ചെയ്തു.

സമൂഹവും ഭരണകൂടവും മതവും വംശവും ജാതിയും ഗോത്രവും വർഗവും കുടുംബവും ദാമ്പത്യവും മാതൃത്വവും സ്ത്രീയുടെ ബലിഗാഥകൾ കൊണ്ടു കൊയ്തു കൂട്ടുന്ന ചരിത്രത്തിന്റെ കണ്ണീർപ്പാടങ്ങളാണ്. 'നാലാംനിലയിലെ ജാലകം, ഈ ഉടൽ എന്നെ ചൂഴുമ്പോൾ, അട്ടപ്പാടി, ആന്മേരിയുടെ കല്യാണം, ശാപായനം, പ്രകാശിനിയുടെ മകൾ, ഛായാപടം, പാതാളപ്പടികൾ എന്നീ കഥകളൊക്കെ.


ഒരു മധ്യവയസ്‌കയുടെ മനസും ശരീരവും പ്രശ്‌നവത്കരിക്കുന്നു, ആദ്യകഥ. ബലാത്സംഗത്തിന്റെ മനഃശാസ്ത്രമാവിഷ്‌കരിക്കുന്ന മേതിലിന്റെ 'ഉടൽ ഒരു ചൂഴ്‌നില' എന്ന കഥയുടെ സ്ത്രീ, ദലിത് വിരുദ്ധത അപനിർമ്മിക്കുന്നു, 'ഈ ഉടൽ.....' തന്നെ വേട്ടയാടിയ സവർണന്റെ തലയറുക്കുന്ന നഞ്ചമ്മയെന്ന അവർണ സ്ത്രീയുടെ മിത്തിക്കൽ ചരിത്രഗാഥയാണ് അട്ടപ്പാടി. സ്വർണം കൊണ്ടുപെണ്ണിന്റെ ഉടൽമൂടുന്ന നസ്രാണിമുഷ്‌കിന്റെ അപഹാസ്യത മറനീക്കുന്നു 'ആന്മേരി...'. ഭൂമിയിലെമ്പാടും കിണർകുഴിച്ചിട്ടും വെള്ളം കിട്ടാത്ത ലോകാവസ്ഥയെ, ഭാവിയുടെ യുദ്ധകാണ്ഡമാക്കുന്നു, ശാപായനം. പെണ്മയും ഗർഭവും മാതൃത്വവും പലനിലകളിൽ സാമൂഹ്യവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും ചെയ്യുന്നു, പ്രകാശിനി...., ഛായാപടം, പാതാളപ്പടികൾ എന്നീ കഥകൾ. മറ്റു മുഴുവൻ കഥകളിലുമെന്നപോലെ, ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ ജീവിതത്തിന്റെ ഭയാനകമായ അനുഭവലോകങ്ങളിൽ നടക്കുന്ന കത്തുന്ന ഉടലുകളുടെ സംഘനൃത്തമാണ് ഈ രചനകളുടെയും ഭാവസ്വരൂപം.

സറിയലിസത്തിന്റെയും സറ്റയറിന്റെയും ബോധധാരയുടെയും സാമൂഹിക വിമർശനത്തിന്റെയും മുഴക്കങ്ങളുള്ള കഥകൾ. മണ്ണിനെയും പെണ്ണിനെയും പലനിലകളിൽ സമീകരിക്കുന്ന സഹനത്തിന്റെയും ചൂഷണത്തിന്റെയും അന്യാപദേശങ്ങൾ. ഭാഷയുടെ പരലോക ഭാവനകൾ. സാറാജോസഫിന്റെ കഥാലോകം ആധുനികാനന്തര മലയാളസാഹിത്യത്തിൽ വരച്ചിടുന്ന സ്ത്രീയുടെ ശരീര ജീവിതം അനന്യവും അടിമുടി പ്രത്യയശാസ്ത്രബദ്ധവുമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ പ്രക്രിയതന്നെയാകുന്നു.

ഈ കഥാസമാഹാരത്തിന്റെ അവതാരികയിൽ ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നതുപോലെ, നമ്മുടെ വർത്തമാനകാലത്തിനു നേർക്കുപിടിച്ച ഒരു കണ്ണാടിയാണ് സാറാ ജേസഫിന്റെ കഥകൾ. ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്. സത്യങ്ങളോട് ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്നു കേൾക്കാനാവുക, ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്യമാണ്. ഐറണിയുടെ കരുത്ത് സാറാജോസഫിന്റെ കഥകൾക്ക് ഇരട്ടി ബലമാണ് നൽകുന്നത്. വിവേകവും നർമബോധവുമുള്ള സ്ത്രീ എങ്ങനെ അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു. തന്നെത്തന്നെയും ലോകത്തെയും അപനിർമ്മിക്കുവാൻ ഈ നർമബോധവും കൂസലില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ സമർപ്പണ ബോധവും സാറാജോസഫിന് കരുത്തു പകരുന്നു. അവരുടെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിലും ശരീരത്തിലും മാത്രമല്ല അവരെ നിലനിർത്തുന്ന മണ്ണിന്റെ അടിത്തട്ടിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തുന്നു. സത്യത്തിന്റെ ചിറകുകളിൽ അനായാസം പറക്കാൻ ആ കഥകൾ വായനക്കാരെ പ്രാപ്തരാക്കുന്നു. സ്‌ത്രൈണതയുടെ കാല്പനികഘട്ടത്തിൽ നിന്നും സ്ത്രീവാദത്തിന്റെ തീക്ഷ്ണകാലങ്ങളിലേക്കും അവിടെ നിന്ന് സ്ത്രീത്വത്തിന്റെ പരിപാകം വന്ന, മാനവികതയുടെ സമഗ്ര വീക്ഷണങ്ങളിലേക്കുമുള്ള ക്രമാനുഗതമായ സഞ്ചാരമായി സാറാ ജോസഫിന്റെ എഴുത്തുജീവിതത്തിന്റെ വളർച്ചയെ അടയാളപ്പെടുത്താം. ഈയൊരു വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു എഴുത്തുകാരിയും മലയാളത്തിൽ സാറാജോസഫ് മാത്രമാണ്.

അശോക എന്ന കഥയിൽ നിന്ന്:

ഒരു കണ്ണിൽ രോഷവും മറുകണ്ണിൽ വെറുപ്പുമായി ജേതാവ് വെട്ടിപ്പിടിച്ചെടുത്ത മണ്ണിനുമേൽ കാലമർത്തിച്ചവിട്ടി നിന്നു. നാലുവശത്തുനിന്നു തിക്കിത്തിരക്കുകയും തള്ളിക്കയറുകയും ചെയ്യുന്ന കരടികൾക്കും വാനരന്മാർക്കും ദാനവന്മാർക്കും ഇടയിലൂടെ വിഭീഷണന്റെ പിന്നാലെ ഞെങ്ങിഞെരുങ്ങി സീത മുന്നോട്ടു നീങ്ങി. വീണ്ടെടുപ്പിന്റെ യുദ്ധം ജയിച്ചാൽ അമ്പും വില്ലും വലിച്ചെറിഞ്ഞ് അണമുറിഞ്ഞെത്തുന്ന വെള്ളംപോലെ തന്നിലേക്കോടിയെത്തുന്ന വിരഹിയെക്കുറിച്ചുള്ളസ്വപ്നത്തിനുപകരം ജേതാവിന്റെ സമക്ഷത്തിലേക്ക് കുറ്റക്കാരിയെപ്പോലെ ആനയിക്കപ്പെടുന്നതിന്റെ അപമാനത്താൽ അവൾ സ്വന്തം അവയവങ്ങളിലേക്ക് ചൂളിക്കൂടി. പിന്നെയും കാർമേഘങ്ങളുടെ മറവിൽ നിന്ന് സൂര്യനെന്നോണം ഒരു മുഖം ഉദിച്ചുയരുമെന്ന പ്രതീക്ഷയിൽ അവളുടെ ഹൃദയമിടിപ്പുകൾ ഇരട്ടിച്ചുകൊണ്ടിരുന്നു. ഉള്ളിലടക്കിയ കോപം കൊണ്ടും സംശയത്തിന്റെ ഇരുട്ടുകൊണ്ടും വിഷംപോലെ കറുത്തുപോയ ആ മുഖമാവട്ടെ, വാനരരിലും ദാനവരിലും നിന്ന് തിരിച്ചറിയാനവൾക്ക് പാടുപെടേണ്ടിവന്നു. തിരിച്ചറിഞ്ഞപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ സീത സ്തബ്ധയായി നിന്നുപോയി!
ഏറെ നെയ്യൊഴിച്ച് ആളിക്കത്തുന്ന അഗ്നിപോലെ ജേതാവിന്റെ ക്രോധം ആളിക്കത്തി! കളങ്കപ്പെടുത്തപ്പെട്ടവൾ. പരാജിതന്റെ മടിത്തട്ടിലിരുന്നവൾ. അവന്റെ വീട്ടിൽ അന്തിയുറങ്ങിയവൾ. ഗ്രഹണസൂര്യനെപ്പോലെ ഇരുട്ടുവന്നുകയറുന്ന ആ മുഖത്തിനു കീഴെ ആളുന്ന ചിതയ്ക്കരികിലെന്നോണം സീത വാടിത്തളർന്നു.

''വൈദേഹി''

യുദ്ധകാഹളംകേട്ട മണ്ണെന്നപോലെ സീത നടുങ്ങിത്തെറിച്ചു. വിജയഭേരികൾ പരാജിതന്റെ അന്തഃപുരത്തെയെന്നോണം അത് അവളുടെ ഹൃദയത്തെ അശാന്തമാക്കുകയും ചെയ്തു.
''നിന്നെ വീണ്ടെടുക്കാനായല്ല ഞാനീ യുദ്ധം ജയിച്ചത്. എന്റെമേലും എന്റെ കുലത്തിൻ മേലും പതിച്ച അപമാനത്തെ....''

സീതയപ്പോൾ കിഴുക്കാംതൂക്കായ മലയുടെ മുകളിൽനിന്ന് പൊടുന്നനെ കാൽവഴുതി വീണു. അത്യാഗാധതയിൽ വിരിഞ്ഞുകിടക്കുന്ന പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുംമുമ്പ്, കറുത്ത് രോമാവൃതങ്ങളായ രണ്ടു ബലിഷ്ഠകരങ്ങൾ അവളെ താങ്ങി. കടൽക്കാറ്റിന്റെ ഉപ്പും നനവും പേറുന്ന ശബ്ദം അവളോടു പറഞ്ഞു.

എല്ലാ ഐശ്വര്യങ്ങളും ലങ്കയ്ക്ക് അവകാശപ്പെട്ടതാണ്. ജേതാവിനാൽ വലിച്ചെറിയപ്പെട്ട മണ്ണ് ലങ്കയാണ്. സീതയും ലങ്കയും ഒന്നുതന്നെയാണ്.

ലങ്കയ്ക്കു മീതെ ഇനിയും മഴപെയ്യും.

അശോകവനം വീണ്ടും തളിർക്കും.

കൃഷിഭൂമികളിൽനിന്ന് രക്തത്തിന്റെ പുളിപ്പ് വറ്റിപ്പോവുകയും ജീവൻ പച്ചനാമ്പുകളായി പിടഞ്ഞുണരുകയും ചെയ്യും.

അതുകൊണ്ട്, ഈ കൊച്ചുപാദങ്ങളാൽ ആഹ്ലാദത്തോടെ ലങ്കയുടെ നെഞ്ചിൽ ചവിട്ടുക!

ശകലിതഗാത്രനായി രക്താഭിഷിക്തമായ പർവതംപോലെ, മുട്ടുകുത്തി കൈക്കുമ്പിൾ നീട്ടി പരാജിതൻ നിന്നു. ഉള്ളിലെവിടെയോ കാരുണ്യത്തിന്റെ ഉറവ പൊട്ടുന്നു. ദയാപൂർവം സീത പരാജിതന്റെ ശിരസ്സിൽ തലോടി. ആയിരംകോടി വർഷങ്ങളുടെ ശാന്തനിദ്രയിലേക്കവൻ കരിങ്കല്ലായി മാറി....

''മൈഥിലി!'' ആൾക്കൂട്ടം ജേതാവിന്റെ വാക്കുകൾ കോരിക്കുടിക്കുവാൻ കാതുകൂർപ്പിച്ചു നിന്നു. ഏറെ മൃദുലമായ ശബ്ദംപോലും വലിയ താഡനങ്ങൾപോലെ ആൾക്കൂട്ടത്തെ ഉലച്ചു. ദീർഘനിശ്വാസങ്ങൾക്ക് നാനാർഥങ്ങളും നോട്ടങ്ങൾക്ക് കൊമ്പും മുനകളും ഉണ്ടായി.
''തന്റെ അധീനത്തിലിരിക്കുന്ന അതിസുന്ദരിയായ നിന്നെ അവനെത്രനാൾ കണ്ടു സഹിച്ചിരിക്കും.?''
പാമ്പുറയൂരും പോലെ വാക്കുകൾ ഉറയൂരി വീണതും ഒരു സീൽക്കാരം ആൾക്കൂട്ടത്തെ ഇളക്കിമറിക്കുന്നതും സീതയറിഞ്ഞില്ല. കണ്ണുകുത്തിപ്പൊട്ടിക്കപ്പെട്ട ഒരു കാക്ക പഞ്ചവടിക്കുമീതെ അലറിക്കരഞ്ഞുകൊണ്ട് ഗതികിട്ടാതെ പറന്നുനടന്നു. ഒരു പൂത്ത മരത്തിനു കീഴെ നിന്ന് നാലുപാടും ചോര ചീറ്റിത്തെറിപ്പിച്ചുകൊണ്ട് നിസ്സഹായമായ നിലവിളിയോടെ ഒരു പെണ്ണ് പാഞ്ഞുപോയി. വലംതോളിലേക്ക് തലചെരിച്ച് സദാചാരനിഷ്ഠയോടെ ഒരേകപത്‌നിവ്രതക്കാരൻ ചിരിതൂവിക്കൊണ്ടു നിന്നു!

''നീയാകട്ടെ എന്റെ മുന്നിൽ ചാരിത്ര്യത്തിന് സംശയം നേരിട്ടവളായി നിൽക്കുന്നു. നേത്രരോഗിക്ക് ദീപം പോലെ നീയെനിക്കഹിതയായിരിക്കുന്നു. എനിക്കിനി നിന്നോട് യാതൊന്നുമില്ല. അതിനാൽ വിടവാങ്ങിക്കൊണ്ട് പത്തുദിക്കുകളിൽ ഏതിലെങ്കിലും ചെന്നു പറ്റിക്കൊൾക.
സീതയപ്പോൾ മിഥിലയിലായിരുന്നു. വെളുത്തുരുണ്ട കുഞ്ഞിക്കാലുകളിൽ പൊൻതളയിട്ടുകുലുക്കി ഓടിനടക്കുകയായിരുന്നു. മിഥിലയിലാകെ അവളുടെ പാദസരത്തിന്റെ കിലുക്കം നിറഞ്ഞു. എല്ലാ കൃഷിനിലങ്ങളിലും സമൃദ്ധമായ വിളവായിരുന്നു. കൃഷിനിലങ്ങൾക്കു മീതെ സമ്പന്നമായ മഴയും സൂര്യവെളിച്ചവുമായിരുന്നു. പൂക്കാലം ധാരാളിത്തത്തിന്റേതായിരുന്നു. ഫലങ്ങളാകട്ടെ പുഴുക്കുത്തില്ലാത്ത വിളഞ്ഞു പഴുത്തു. അരുവികൾ നിറഞ്ഞ് തിങ്ങിയൊഴുകി. പക്ഷികൾക്ക് തൊണ്ടയിടറാതെ പാടാനും ആട്ടിൻകുട്ടികൾക്ക് അലസമായി മേഞ്ഞുനടക്കാനും ശാന്തമായ താഴ്‌വരകളുണ്ടായിരുന്നു. സീതകയ്ക്കുണ്ണാൻ മണ്ണിന്റെ മുലപ്പാലും അവൾക്കുറങ്ങാൻ പച്ചപ്പുല്ലിന്റെ മെത്തയും ജനകൻ അത്ഭുതാഹ്ലാദങ്ങളോടെ കാത്തുസൂക്ഷിച്ചു.
'എന്റെ മേലും എന്റെ കുലത്തിന്റെ മേലും വന്നുവീണ അപമാനം ഇല്ലാതാക്കുന്നതിനായിട്ടാണ്.....'

അയോധ്യയിലെപ്പോഴും ആരോ എന്തോ മറച്ചുവച്ചു. എല്ലാർക്കും അറിയാമയിരുന്നതും ആരും തുറന്നുപറയാതിരുന്നതുമായ രഹസ്യത്തിന്റെ ഇരുട്ട് എല്ലാ ഇടനാഴികളിലും തിങ്ങിനിന്നു. അയോധ്യയ്ക്കു മീതെ സദാ ശാപങ്ങളുടെ കരിനിഴലുകൾ ഇഴഞ്ഞുനടന്നു. ഒളിപ്പിച്ചുവച്ച ഒരമ്പ് തെറ്റായ ഉന്നത്തിലേക്ക് ആരോ തൊടുത്തു നില്ക്കുന്നുണ്ടെന്ന തിരിച്ചറിവ് ഉറക്കം കെടുത്തിക്കൊണ്ടിരിന്നു.

'നിനക്ക് ലക്ഷ്മണന്റെ കൂടെയോ ഭരതന്റെ കൂടെയോ സുഗ്രീവന്റെ കൂടെയോ വിഭീക്ഷണന്റെകൂടെയോ കഴിയാം.....'

കണ്ണീർ നെഞ്ചിലുടക്കി സീത ഒരു മാത്ര നിന്നുപോയി! പിന്നെ മൂടുപടം മാറ്റി ജേതാവിനെ നിർനിമേഷം നോക്കി. അയാളുടെ കൺപോളകൾ മെല്ലെ വിറയ്ക്കുന്നതും പതുക്കെ കൂമ്പുന്നതും കണ്ടുനിന്നു. പിന്നെ, ശാന്തമായി മുഴങ്ങുന്ന മണിനാദം പോലെ ലക്ഷ്മണനോട് പറഞ്ഞു.
'എനിക്കായി ഒരു ചിതയൊരുക്കുക.'

ആൾക്കൂട്ടം ഇളകിമറിഞ്ഞു. ആർപ്പും ആരവവുമായി നീതിന്യായങ്ങളുടെ തലനാരിഴ കീറിയ വിശദീകരണങ്ങളായിയ. അമർഷങ്ങളും ആക്രോശങ്ങളുമായി. ഇരമ്പുന്ന ലങ്കയ്ക്കു നടുവിൽ മണ്ണ് മൂടുപടമില്ലാതെ അനാവൃതമായി കിടന്നു.

കടൽത്തീരത്ത് ആളൊഴിഞ്ഞിരുന്നു. സൂര്യന്റെ മരണവും കാത്ത് മണ്ഡോദരി മാത്രം മണൽപ്പുറത്ത് ബലിപിണ്ഡത്തിന് കാവൽ നിന്നു.

ലങ്ക നിശ്ശബ്ദമായി. നിശ്ശബ്ദതയിലേക്ക് ഹുങ്കാരത്തോടെ ചിതാഗ്നി ആളിപ്പടർന്നു. ആൾക്കൂട്ടത്തിന്റെ കണ്ണും മനസ്സും ബുദ്ധിയും ഒരൊറ്റബിന്ദുവിലേക്ക് ചുരുങ്ങിക്കൂർത്തു. സീത ജേതാവിന്റെ മുഖത്തേക്ക് തേജസ്സാർന്ന കണ്ണുകളാൽ ഒരുവട്ടംകൂടി ആഴത്തിൽ നോക്കി: അയാളുടെ സ്പർശമാത്രയിൽ മഴപെയ്തുലർന്ന ഉഴവുചാൽപോലെ ആർദ്രവും സജ്ജവുമാകാറുള്ള ഭൂമി വറ്റിവരണ്ടത് സീത തിരിച്ചറിഞ്ഞു. ഇനിമേൽ അയാളുടെ കൈകൾ മണ്ണിൽ ഒരു പുളകവും വിതയ്ക്കുകയില്ല. ഇനിയൊരൊറ്റ ചുംബനവും മണ്ണിന്റെ സിരകളിൽ നടുക്കങ്ങളോ നടുക്കങ്ങളിൽ നിന്ന് വന്യസുഗന്ധമോ ഉണർത്തുകയില്ല. ഇനിയെക്കാലവും ഓർക്കാനുള്ളത് പകൽവെളിച്ചത്തിൽ ജനമധ്യത്തിൽ അവനെറിഞ്ഞ പുരുഷവാക്കിന്റെ കൽച്ചീളുകൾ മാത്രം. ആളിക്കത്തുന്ന തീക്കുണ്ഡത്തിലേക്ക് പച്ചശരീരത്തോടെ നടന്നുകയറുന്ന ഈ നിമിഷത്തിന്റെ നടുക്കങ്ങൾ മാത്രം!

ഭൂമിപുത്രി വലതുകാൽ വച്ച് ചിതയിലേക്ക് കയറി. ഞാൻ സീത. അഗ്നിയെ ശമിപ്പിക്കാൻ കെല്പാർന്ന മണ്ണ്! അനാദികാലമായി മണ്ണിനുമീതെ വർഷിക്കപ്പെട്ടുകൊണ്ടിരുന്ന മഴകളെ ഉദരത്തിൽ പേറുന്നവൾ. വരുംകാല മഴകളുടെ മാറ്റമില്ലാത്ത നിനവിൽ മനസ്സൂന്നിയവൾ. മഴയും വിത്തും ഏറ്റുവാങ്ങി അഗ്നിയോടു ചേർന്ന് ജീവന്റെ കുളിരാർന്ന പച്ച വിരിയിക്കേണ്ടവൾ. സീതയ്ക്കുചുറ്റും അഗ്നി ആളിയാളിപ്പടർന്നു. പിന്നെ കാച്ചിയെടുത്ത മണ്ണ് വിത്തും മഴയും കാത്ത് വിശുദ്ധമായി തെൡു കിടന്നു. 

ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മറ്റുകഥകളും
സാറാജോസഫ്
കൈരളിബുക്‌സ്
കണ്ണൂർ, 2016
വില : 130 രൂപ