തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയായ മകളെ ഉപക്ഷിച്ച് ശരണ്യ കാമുകനൊപ്പം പോയത് അവിവാഹിതയെന്ന് കാമുകനോട് കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം. വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ ഉപേക്ഷിച്ച് പോയ ശരണ്യയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയും പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.ആറ് വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത ഡാൻസ് അദ്ധ്യാപകനായ ഭർത്താവിനെ ഉപേക്ഷിച്ചായിരുന്നു ശരണ്യ ഫേസ്‌ബുക്കിൽ പരിചയപ്പെട്ട ലോറി ഡ്രൈവർ അഭിക്കൊപ്പം പോയത്. സൈബർസെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാർത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ 8-ാം തീയതിയാണ് ശരണ്യ കാമുകനായ അഭിക്കൊപ്പം പോയത്. ആര്യങ്കോട് സ്വന്തം വീട്ടിൽ ഭർത്താവ് സന്തോഷ് കുമാറിനും ഏക മകൾക്കുമൊപ്പം താമസിച്ച് വരികയായിരുന്നു ശരണ്യ. കുറച്ച് കാലം മുൻപാണ് ഫേസ്‌ബുക്ക് വഴി ലോറി ഡ്രൈവറായ അഭിയെ ശരണ്യ പരിചയപ്പെടുന്നത്. പെട്ടന്ന് തന്നെ ഇരുവരും സൗഹൃദത്തിലാവുകയും രാത്രികാലങ്ങളിൽ ചാറ്റ് ചെയ്യുന്നതും പതിവായി മാറുകയും ചെയ്തു. പിന്നീട് ഫോൺ നമ്പർ കൈമാറി സ്ഥിരമായി സംസാരവും തുടങ്ങി. പതിവായുള്ള ഫോൺവിളിയും മെസ്സേജുകളും ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനിയായ താൻ അവിവാഹിതയാണെന്നും അച്ഛനമ്മമാരുടെ ഏക മകളാണെന്നുമാണ് ശരണ്യ അഭിയെ തെറ്റദ്ധരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയം കടുത്തതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. താൻ വീട്ടുകാരോട് സംസാരിക്കാമെന്ന് അഭി പറഞ്ഞെങ്കിലും സമ്മതിക്കില്ലെന്നും ഒളിച്ചോടാമെന്നും ശരണ്യ പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നും ശരണ്യയെ കൂട്ടികൊണ്ട് പോകാൻ അഭി എത്തുകയും ചെയ്തു. ശരണ്യയുടെ നാട്ടിലെത്തിയപ്പോഴാണ് തന്നെ ശരണ്യ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും വിവാഹിതയായ അവർക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്നും അഭി അറിയുന്നത്.

ശരണ്യ തന്നോട് കളവ് പറഞ്ഞെങ്കിലും തന്റെയൊപ്പം പോരാൻ തയ്യാറാണെന്ന് അറിയിച്ചതോടെ അഭി ഇവരെ ഒപ്പം കൂട്ടുകയും ചെയ്തു. പിന്നീട് വൈകുന്നേരത്തോടെ ഭർത്താവ് സന്തോഷ് വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ കുഞ്ഞ് തനിച്ചാണെന്ന് മനസ്സിലാക്കിയത്. അമ്മയെക്കുറിച്ച് തിരക്കിയപ്പോൾ കുട്ടിക്ക് അറിയില്ലായിരുന്നു. മൊബൈൽ നമ്പറിൽ വിളിച്ചിട്ട് കിട്ടിയതുമില്ല തുടർന്ന് സന്തോഷ് ആര്യങ്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായ്തതോടെ അന്വേഷണം നടത്തിയെങ്കിലും ഫോൺ പാലക്കാട് ടവറിന് കീഴിലാണെന്നല്ലാതെ മറ്റ് വിവരമൊന്നും ലഭിച്ചില്ല.

പിന്നീട് കണ്ട ഒരു പത്ര വാർത്തയാണ് ശരണ്യയെ കണ്ടെത്തുന്നതിന് സഹായമായത്. ഭാര്യയും ഭർത്താവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞുവെന്നും ഇരുവരും അത്ഭുതകരമായി രക്ഷപെട്ടുമെന്നായിരുന്നു വാർത്ത. പിന്നീട് ആ വാർത്തയിലെ ഭാര്യയുടെ പേരും ഭർത്താവിന്റെ പേരും കണ്ട് സംശയം തോന്നിയാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. പിന്നീട് മണ്ണാർകാട് പൊലീസുമായി ബന്ധപ്പെട്ട് ഇരുവരുടേയും ചിത്രം സംഘടിപ്പിച്ച ശേഷമാണ് അത് ശരണ്യയും കാമുകനുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ച ശരണ്യക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 75 പ്രകാരവും കാമുകനെതിരെ പ്രേരണ കുറ്റത്തിന് ഐപിസി 109 എന്നീ വകുപ്പുകൾ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.