മലയാളിക്ക് ഒരുപിടി അനശ്വര കഥാപാത്രങ്ങൾ നൽകിയ അതുല്യ നടനാണ് തിലകൻ. തന്റെ അസാമാന്യ പ്രതിഭയുടെ മുദ്ര പതിപ്പിച്ച സിനികൾ എണ്ണിയാൽ ഒടുങ്ങുവാത്തവയും ആണ്. അത് പല നടീനടന്മാരും സംവിധായകരും എഴുത്തുകാരുമടക്കം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ആ മഹാ നടൻ ഉണ്ടാക്കിയ വിടവ് നീക്കാൻ ഇനിയും മലയാള സിനിമാ മേഖലയ്ക്ക് ആരെയും കിട്ടിയിട്ടില്ല. അത്തരത്തിലുള്ള തിലകൻ ചേട്ടനായിരുന്നു തനിക്ക് പല സിനിമകളിലും പ്രചോദനമായിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് നട ശരണ്യാ പൊൻവണ്ണൻ

തനിക്കു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ഏറ്റവും കൂടുതൽ അനുകരിച്ചിരുന്നത് മണ്മറഞ്ഞ മലയാളത്തിന്റെ അതുല്യ നടൻ തിലകനെയായിരുന്നു എന്ന് ശരണ്യ പൊൻവണ്ണൻ പറഞ്ഞു. മറ്റൊരു ഇൻഡസ്ട്രിയിലും ഇത്രയധികം അഭിനയ പ്രതിഭകൾ ഇല്ല എന്നും ശരണ്യ പറഞ്ഞു.

''തിലകൻ സാറിനെ എല്ലാക്കാലത്തും ഇഷ്ടമാണ്. നേരിൽ കാണുമ്പോൾ അദ്ദേഹം കുറച്ചു സീരിയസ് ആണ് എന്ന് തോന്നും. എന്നാൽ സ്‌ക്രീനിൽ അദ്ദേഹം സ്‌നേഹരംഗങ്ങൾ അഭിനയിക്കുമ്പോൾ നമ്മൾ കരഞ്ഞു പോകും. 'സ്പടികം', 'കിരീടം' എന്നിവ ഉദാഹരണങ്ങളാണ്,'' ടൈംസ് ഓഫ് ഐ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരണ്യ വെളിപ്പെടുത്തി. 'സല്ലാപം' മുതൽ 'ഉദാഹരണം സുജാത'വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേർത്തു.

സ്ഥിരമായി അമ്മ വേഷങ്ങളിൽ എത്തുമ്പോഴും ഓരോ വേഷത്തിലും വ്യത്യസ്ഥ പുലർത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനു അതിനായി താൻ പ്രത്യേകമായി ഒന്നും ചെയ്യാറില്ല എന്നും തന്റെ ശരീരഭാഷയിൽ വരുന്ന മാറ്റങ്ങൾ അതിൽ പ്രതിഫലിക്കുന്നതാവാം എന്നും ശരണ്യ മറുപടി പറഞ്ഞു.

''കഥാപാത്രത്തിനൊത്ത് ശരീരഭാഷ രൂപീകരിക്കുന്ന കാര്യത്തിൽ എന്റെ റോൾ മോഡൽ തിലകൻ സാറാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ ഞാൻ പലപ്പോഴും കോപ്പി ചെയ്തിട്ടുണ്ട്. തമിഴ് സിനിമകൾ ചെയ്യുമ്പോൾ പോലും, ഇത്തരത്തിൽ ഒരു കഥാപാത്രം തിലകൻ സാർ എങ്ങനെ ചെയ്യും എന്ന് ആലോചിക്കും. എനിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും. അതിലെ ഓരോ സീനിലും ഞാൻ തിലകൻ സാറിനെ അനുകരിച്ചിട്ടുണ്ട് എന്ന്,'' 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന ശരണ്യ വ്യക്തമാക്കി.