- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഓണക്കാലത്ത് വില്ലനായി വന്ന കൊടുംതലവേദന; തെലുങ്കു സീരിയൽ 'സ്വാതി'യിൽ അഭിനയം മുടക്കി അർബുദ ചികിത്സയുടെ നാളുകൾ; രോഗത്തെ പേടിച്ച് ഒന്നിൽ നിന്നും പിന്മാറാതെ ചുണക്കുട്ടിയായി ജീവിതം; മറ്റൊരു ഓണക്കാലത്തിന് കാക്കാതെ ശരണ്യ ശശി വിടവാങ്ങുമ്പോൾ
തിരുവനന്തപുരം: മെയിൽ നന്ദു മഹേദേവ. ഇപ്പോൾ ജൂലൈയിൽ ശരണ്യ ശശിയും. ജീവിതത്തിൽ ചെറുകാറ്റുകൾ വരുമ്പോഴേക്കും തളരുന്ന പലർക്കും കൊടുങ്കാറ്റുകളെ നേരിടാൻ ധൈര്യവും ഊർജ്ജവും നൽകിയവരാണ് എന്നതാണ് ഇരുവരെയും ഒറ്റക്കണ്ണിയാക്കുന്നത്. കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു 27 ാം വയസിൽ കോഴിക്കോട്ട് വച്ച് മെയ് 24 ന് വിടവാങ്ങി. ശരണ്യ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും.
പലവട്ടം ട്യൂമറിനെ തോൽപ്പിച്ച ശരണ്യ ശശിക്ക് കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. സിനിമ - സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തിൽ ഉയർന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിൻ ട്യൂമർ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജർ സർജറിക്ക് വിധേയയാകേണ്ടി വന്നത്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്. കരിയറിൽ തിളങ്ങി നിൽക്കവെയാണ് ട്യൂമർ ശരണ്യയെ തോൽപ്പിച്ചത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത ആരാധകരെ വിഷമത്തിലാഴ്ത്തിയിരുന്നു.
തിളങ്ങി നിൽക്കുമ്പോൾ വില്ലനായി അർബുദം
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്. നാടൻ വേഷങ്ങളിൽ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളിൽ തിളങ്ങിയിട്ടുള്ളത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.
പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. എന്നാൽ 2012 ൽ ഓണത്തിന് ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ആണ് ശരണ്യയെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്. പിന്നീട് ഓപ്പറേഷന് വിധേയആവുകയും ചെയ്തു.
ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാല ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായ ആ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. എങ്കിലും അഭിനയിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടുതന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
അർബുദവുമായി മല്ലിടുന്നതിനിടെ വിവാഹവും
ആത്മവിശ്വാസം കൊണ്ട് കാൻസറിനെ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ച നിരവധി പേർ നമുക്കിടയിലുണ്ട്. മലയാളം സിനിമാ രംഗത്താണെങ്കിൽ നടി മംമ്ത മോഹൻദാസാണ് ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് തവണ കാൻസർ പിടിപെട്ടെങ്കിലും അതിനെ മികച്ച ചികിത്സയിലൂടെ അതിജീവിച്ച് രോഗം ഭേദമായ മംമ്ത വീണ്ടും സിനിമയിൽ സജീവമാണ്. ഇങ്ങനെ എന്തിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യമുള്ള മറ്റൊരു നടിയായായിരുന്നു ശരണ്യ ശശി. മിനി സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യ പല തവണ കാൻസറിനെ അതിജീവിച്ചു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു.
ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ചോദിക്കുകയും ചെയ്യുന്നു. ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിക്കുന്നു . തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കാണുകയും ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെടുകയും ചെയ്യുന്നു.
2014 ൽ ഒക്ടോബർ 26 നാണ് ബിനുവിന്റെയും ശരണ്യയുടെയും വിവാഹം വീട്ടുകാർ നടത്തികൊടുക്കുന്നത്. സിനിമാ സീരിയൽ മേഖലയിലെ ആധികം ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമായിരുന്നു പങ്കെടുത്തതും. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശരണ്യയെ പിന്നീടും അർബുദം തളർത്തികളഞ്ഞ വാർത്ത വരുന്നതിനിടയിൽ ആണ് ശരണ്യയും ബിനുവും വേർപിരിഞ്ഞതായുള്ള വാർത്തകളും എത്തിയത്. പിന്നീട് ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഓരോ വർഷവും വില്ലൻ തലപൊക്കും
ശരണ്യയ്ക്ക് ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യേണ്ടിയും വന്നു. ഇടയ്ക്ക് ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരുന്നു.
ബ്രെയിൻ ട്യൂമർ പിടിപെട്ട് ഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നുപോയ ശരണ്യ അസുഖങ്ങളെല്ലാം ഭേദമായിരുന്നു.
2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കറുത്ത മുത്ത് സീരിയിലിലെ കേന്ദ്ര കഥാപാത്രങ്ങിൽ ഒരാളായിരുന്നു ശരണ്യയുടെ റോൾ.
തെലുങ്ക് സീരിയലിനിടെ കടുത്ത തലവേദന
ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂമറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് 2016ലും ക്യാൻസർ എത്തി. അന്നും ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷവും പല തവണ രോഗമെത്തി. അസുഖത്തെ കുറിച്ച് ഒരു മടിയുമില്ലാതെ തുറന്ന് പറയുന്ന പ്രകൃതക്കാരിയായിരുന്നു അവർ.
രോഗത്തെ കുറിച്ച് മുമ്പ് ശരണ്യ പറഞ്ഞത് ഇങ്ങനെ: തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയൽ ഞാൻ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി. ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു.
ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങൾ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നിൽ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. ശരണ്യ പറഞ്ഞിരുന്നു. ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി.
മറുനാടന് മലയാളി ബ്യൂറോ