- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വൃക്ക മോൾക്ക് ചേരും; എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും എനിക്ക് രക്ഷിക്കണം; അവൾ ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ''; മകളുടെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടി സാറാസിലെ അമ്മായി
കൊച്ചി: ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ജൂഡ് ആന്റണി ജോസഫിന്റെ സാറാസ് എന്ന ചിത്രത്തിലെ അമ്മായി കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് വിമല നാരായണൻ. ഒരുപാട് അമ്മായിമാരുടെ പ്രതീകമാണ് ഇവരെന്നായിരുന്നു പ്രേക്ഷകരുടെ കമന്റുകൾ. കേരളക്കരയാകെ തന്റെ കഥാപാത്രത്തെ പറ്റി മികച്ച അഭിപ്രായം രേഖപ്പെടുത്തുമ്പോഴും അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല വിമല. ജീവിതത്തിന്റെ ദുരിതക്കയത്തിൽ അലയുന്ന അവർ മകളുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.
എറണാകുളം സ്വദേശിയാണ് വിമല. വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകളായ ശ്രീവിദ്യയാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ജീവൻ നിലനിർത്താനായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുകയാണ്. എന്നാൽ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും എന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് വിമല പറയുന്നു. മകൾക്ക് വൃക്ക നൽകാൻ വിമല തയാറാണെങ്കിലും ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
സർജറിക്ക് മാത്രം 11 ലക്ഷം രൂപ ചെലവ് വരും. മറ്റ് ചെലവുകൾ കൂടിയാകുമ്പോൾ അതിൽ കൂടുതലാകും. ''എന്റെ വൃക്ക മോൾക്ക് ചേരും. എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും എനിക്ക് രക്ഷിക്കണം. അവൾ ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ''. കരച്ചിലടക്കാൻ പ്രയാസപ്പെട്ട് വിമല പറയുന്നു.
പ്രസാദാണ് ശ്രീവിദ്യയുടെ ഭർത്താവ്. മാവേലിക്കരയിൽ കട നടത്തിയിരുന്ന പ്രസാദിന് ഭാര്യയുടെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് വരേണ്ടി വന്നു. അതോടെ തെരുവിൽ ചെരുപ്പ് കച്ചവടം തുടങ്ങി. കോവിഡ് കാലത്ത് അതും നിന്നു. വരുമാനം പൂർണമായും നിലച്ചു. ഇവർക്ക് ഒമ്പത് വയസ്സുകാരി മകളുണ്ട്. തൈക്കൂടത്ത് വാടകവീട്ടിലാണ് വിമലയും മകളും കുടുംബവും ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളൊക്കെച്ചേർന്ന് ഇപ്പോൾ വിമലയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും സുമനസ്സുകളുടെ സഹായം കൂടിയുണ്ടെങ്കിലേ മുഴുവൻ പണവും കണ്ടെത്താനാകൂ
പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ജനിച്ച് അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. മകളുടെ വിവാഹമെല്ലാം നടത്തിയെങ്കിലും വൈകാതെ രോഗബാധിതയാവുകയായിരുന്നു. ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്.
സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമലയ്ക്ക് ചെറിയ റോളുകളിൽ അവസരം ലഭിക്കുകയായിരുന്നു. സാറാസിൽ കൂടാതെ മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ചു. ഒന്നുരണ്ടു തമിഴ് സിനിമകളുടേയം ഭാഗമായി. ലഭിക്കുന്നതൊക്കെ ചെറിയ റോളുകളായതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. വിമലയ്ക്കും മകൾക്കുമായി വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷന് 15 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ചലച്ചിത്ര ഗ്രേസ് ആന്റണി, അന്നാ ബെൻ ഉൾപ്പടെയുള്ള താരങ്ങൾ വിമലയ്ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.