- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നുറങ്ങി എഴുന്നേറ്റത് കോടീശ്വരനായി; ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ ശരത് കുന്നുമ്മലിനും നൽകി പ്രവാസലോകം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ലഭിച്ചത് ഏഴുകോടിയിലേറെ രൂപ
ദുബായ്: അറബ് നാടുകളിലേക്ക് മലയാളികൾ പറന്നിറങ്ങുന്നത് ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ തേടിയാണ്. ആ സ്വപ്നങ്ങൾ ചിലർക്ക് ശര്യാകും ചിലർക്ക് ശര്യാകില്ല. ഇപ്പോഴിതാ, കണ്ണൂർ സ്വദേശിയായ ശരത് കുന്നുമ്മൽ എന്ന യുവാവിനും ആ സ്വപ്നം സഫലമാകുകയാണ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ശരത് ഒന്നുറങ്ങി എണീറ്റത് കോടീശ്വരനായാണ്. ഭാഗ്യദേവത എത്തിയത് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിന്റെ രൂപത്തിലും.
മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം ഡോളറാണ് ( ഏഴുകോടിയിലേറെ രൂപ) ശരത് കുന്നുമ്മൽ സ്വന്തമാക്കിയത്. ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തത്. ഇവരുമായി ശരത് തുക പങ്കുവെക്കും. ഏഴുമണി മുതൽ പകൽ നാല് മണി വരെയുള്ള രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തളർന്നുറങ്ങുകയായിരുന്നു ശരത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കാണ് ശരത് ഈ സന്തോഷവാർത്ത അറിഞ്ഞത്. ഫോൺ സ്വിച്ച് ഓഫായതിനാൽ ആർക്കും ശരതിനെ വിളിച്ച് വിവരമറിയിക്കാനായില്ല.
‘ ഞാൻ പാട്ട് കേട്ട് ഉറങ്ങിപ്പോയി, കുറച്ചു സമയം കഴിഞ്ഞ് എന്റെ ഫോൺ ഓഫായി. ആർക്കും എന്നെ വിളിച്ചിട്ടു കിട്ടിയില്ല,' ശരത് കുന്നുമ്മൽ ഖലീജ് ടൈംസിനോട് പറഞ്ഞു. ആദ്യമായിട്ടാണ് ശരത്തും സുഹൃത്തുക്കളും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ശരത് ദുബായിൽ പ്രവാസിയായെത്തുന്നത്. നാട്ടിൽ വീടു പണി നടക്കുന്ന സമയത്ത് ലഭിച്ച സമ്മാനം വലിയ ആശ്വാസമാണെന്ന് ശരത് പറയുന്നു. പ്രായമായ മാതാപിതാക്കളുടെ ഏകമകനാണ് ശരത്. ഇനി ജോലിയിൽ നിന്ന് അവധിയെടുത്ത് കുറച്ചു കാലം നാട്ടിൽ നിൽക്കാമെന്ന സന്തോഷവും ശരത് പങ്കുവെക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ