ന്യൂഡൽഹി: നടികളുടെ സുരക്ഷയ്ക്ക് ഇപ്പോഴും പുല്ലുവിലയാണ് ബോളിവുഡിൽ. അസ്‌കർ 2വിലെ നായിക സറീൻ ഖാന് നേരിടേണ്ടിവന്ന അനുഭവം ഇതിന് തെളിവാണ്. ഡൽഹിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോയ നടിയെ രക്ഷിക്കാൻ ആരുമുണ്ടായില്ല.

ഒരുപാട് സ്ഥലങ്ങളിലെ പരിപാടിക്കുശേഷമാണ് അവർ ഡൽഹിയിലെ സിനിമയുടെ പ്രചരണ പരിപാടിക്ക് എത്തിയത്. പതിനഞ്ച് മിനിറ്റ് നേരത്തെ ഒത്തുചേരലേ ഉള്ളൂ എന്നായിരുന്നു സറീൻ ഖാനോട് പറഞ്ഞത്. എന്നാൽ, പ്രേക്ഷകരുമായുള്ള ഒത്തുചേരലിനുശേഷം അണിയറ പ്രവർത്തകർ അത്താഴത്തിന് ഇരുന്നു. ഇതിൽ പങ്കെടുക്കാതെ മടങ്ങാനായിരുന്നു നടിയുടെ തീരുമാനം. എന്നാൽ, നടിക്ക് അംഗരക്ഷകരെയൊന്നും അണിയറ പ്രവർത്തകർ ഏർപ്പാടാക്കിയിരുന്നില്ല. മടങ്ങാൻ ഒരുങ്ങിയ നടിയെ അപ്പൊഴേയ്ക്കും അമ്പതോളം വരുന്ന ആൾക്കൂട്ടം വളഞ്ഞു.

പടമെടുക്കലിന്റെയും സെൽഫികളുടെയും ബഹളമായിരുന്നു പിന്നീട്. നടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല. ബഹളത്തിനിടെ മര്യാദയുടെ സീമ ലംഘിച്ചുതുടങ്ങിയതോടെ നടി ഭയന്നു. ശരീരത്തിലേയ്ക്ക് കൈകൾ നീങ്ങുന്ന അവസ്ഥയിലേയ്ക്കുമെത്തി. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നെങ്കിലും ഈ സമയം ആരും നടിയുടെ രക്ഷയ്ക്കെത്തിയില്ല. ആരും ബഹളത്തിൽ ഇടപെടുകയോ ആൾക്കൂട്ടത്തെ പിടിച്ചുമാറ്റാൻ തയ്യാറാവുകയോ ചെയ്തില്ല. ഒടുവിൽ കഷ്ടിച്ചാണ് ആൾക്കൂട്ടത്തിൽ നിന്ന് നടി രക്ഷപ്പെട്ടത്. രാത്രി വൈകി മുംബൈയിലേയക്ക് വിമാനം കയറുകയും ചെയ്തു.

ചടങ്ങിൽ താൻ വല്ലാത്ത അസ്വസ്ഥയായിരുന്നുവെന്ന് സറീൻ ഖാൻ പിന്നീട് ഒരു വെബ്സൈറ്റിനോട് പറഞ്ഞു. തന്നോടുള്ള അണിയറ പ്രവർത്തകരുടെ പെരുമാറ്റത്തിലും വിഷമമുണ്ട്-സറീൻ ഖാൻ പറഞ്ഞു. ഇറോട്ടിക് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന അസ്‌കറിന്റെ രണ്ടാം പതിപ്പിൽ ഗൗതം റോഡും അഭിനവ് ശുക്ലയുമാണ് മറ്റ് താരങ്ങൾ.