ദുബൈ: കലയിലും സാഹിത്യത്തിലും ദാർശനിക വിശുദ്ധിയുണ്ടാകണമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. 45-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ സാഹിത്യ മൽസരങ്ങൾ അക്കാദമിക് പ്രവർത്തനത്തിന്റെ ഭാഗമാണെന്നും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും,അനീതികെതിരെയുള്ള പ്രതിരോധം തീർക്കാൻ കലാ-സാഹിത്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികൾക്കിടയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതിനും ദുബൈ കെ.എം.സി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദഹം പറഞ്ഞു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷനായിരുന്നു. ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ നടക്കുന്ന കലാ മൽസരങ്ങളിൽ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്.
സംസഥാന സ്‌കൂൾ കലോൽസവ മാന്വൽ അടിസ്ഥാനമാക്കി നടക്കുന്ന കലോൽസവത്തിൽ ജില്ലകൾ തമ്മിലുള്ള ആവേശകരമായ മൽസരമാണ് നടക്കുന്നത് . പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളിൽ ആണ് മൽസരം പുരോഗമിക്കുന്നത്. പ്രസംഗം (മലയാളം, ഇഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം) ഉർദു പദ്യം, ദേശ ഭക്തി ഗാനം, മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോൽകളി, അറബന മുട്ട്, എന്നീ ഇനങ്ങളിൽ സ്റ്റേജ് മൽസരങ്ങളും ചെറുകഥ (മലയാളം) പ്രബന്ധം (മലയാളം, ഇഗ്ലീഷ്), കവിതാ രചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന, വാർത്താ പാരായണം, ക്വിസ്, കാർട്ടൂൺ, ഡ്രോയിങ്, പെയിന്റിങ്, എന്നീ സ്റ്റേജ് ഇതര മത്സരങ്ങളുമാണ് കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.

പക്കർ പന്നൂർ, ഹനീഫ് മുടിക്കോട് എന്നീ പ്രഗൽഭരായ വിധികർത്താക്കൾ ആണ് മത്സരത്തിന്റെ വിധി നിർണയത്തിനായി നാട്ടിൽ നിന്ന് എത്തിയിട്ടുള്ളത്. താഹിർ ഇസ്മായിൽ ജലീൽ പട്ടാമ്പി,സലിം അയ്യനത്ത്, മുജീബ് ജൈഹൂൻ, ഷിയാസ് അഹമ്മദ്, അബ്ദുൽ റഷീദ് ഹുദവി, അബ്ബാസ് അലി ഹുദവി തുടങ്ങിയവരും വിധികർത്താക്കളായി ഉണ്ട്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കോഴികോട് 45 പോയന്റ് നേടി ഒന്നാം സ്ഥാനത്തും, കണ്ണൂർ 43 പോയന്റ്‌നേടി രണ്ടാം സ്ഥാനത്തും മലപ്പുറം 38 പോയന്റ് നേടി മൂന്നാം സ്ഥാനവും പാലക്കാട് 34 പോയന്റ് നേടി ജില്ലകൾ തമ്മിൽ വാശിയേറിയ മൽസരമാണ് നടക്കുന്നത്.

കൂടുതൽ പോയന്റ് നേടിയ ജില്ലക്ക് ഡിസംബർ രണ്ടിന് നടക്കുന്ന പ്രൗഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ വച്ച് ഓവറോൾ കിരീടം നൽകും. യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുൽ ജബ്ബാർ ഹോട്ട് പാക്ക്, അഡ്വ. സിറാജുദ്ദീൻ പാൻ ഗൾഫ്, കഥാകൃത്ത് ലത്തീഫ് മമ്മിയൂർ, മജീദ് പന്തലൂർ, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, എം.എ മുഹമ്മദ് കുഞ്ഞി, എൻ.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അബ്ദുൾഖാദർ അരിപ്പാബ്ര, ആർ.ശുക്കൂർ, സൈനുദ്ദീൻ ചേലേരി എന്നിവർ സംബന്ധിച്ചു. സർഗധാര കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും കൺവീനർ മൂസ കോയബ്രം നന്ദിയും പറഞ്ഞു.