തിരുവനന്തപുരം: സ്വർണക്കടത്തിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ സ്വർണകടത്തു കേസിലെ പ്രതിക്കു മേൽ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.. ഈ വിഷയത്തിൽ അതിരൂക്ഷ പ്രതികരണം നേരത്തെ രമേശ് ചെന്നിത്തലയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും പ്രതികരണവുമായി എത്തുന്നത്. അതിരൂക്ഷ വിമർശനമാണ് പിണറായിയ്‌ക്കെതിരെ സുധാകരൻ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്തെത്തിയത് വലിയ വിവാദമായിരുന്നു. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു കത്ത്. മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു. ഇത്തരത്തിൽ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സഹായിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി കത്തിൽ വ്യക്തമാക്കുന്നു ഇതിന്റെ പശ്ചാത്തലത്തിൽ ഇഡിക്കെതിരെ ജ്യുഡീഷ്യൽ അന്വേഷണത്തിനും സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

അതുകൊണ്ട് തന്നെ സരത്തിന്റെ പൊലീസിനെതിരായ മൊഴിയും സർക്കാരിന് തലവേദനയാകും. ഈ വിഷയം പരമാവധി ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് വിഷയം കെപിസിസി അധ്യക്ഷനും ചർച്ചയാക്കുന്നത്. ഈ ജ്യുഡീഷ്യൽ കമ്മീഷന്റെ പരിധിയിൽ സരത്തിന്റെ ആരോപണവും എത്തിക്കാനാണ് നീക്കം.

നയതന്ത്രചാനലിലൂടെ സ്വർണക്കടത്തു നടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയിലുദ്യോഗസ്ഥരിൽ ചിലർ സമ്മർദ്ദം ചെലുത്തിയത്. അതിനു വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുകയാണ്. പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടു വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാൻ ഏതറ്റവും വരെ പോകുന്ന പിണറായി വിജയന്റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നതെന്ന് സുധാകരൻ പറഞ്ഞു.

സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ടത് പിണറായി വിജയന്റെ ഓഫീസും അദ്ദേഹത്തിന്റെ വിശ്വസ്തരായ ആളുകളുമാണെന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വർണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇനിയും സർവീസിൽ തിരിച്ചെടുത്തിട്ടില്ല. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ അതെത്തുക എവിടെയായിരിക്കുമെന്ന കൃത്യമായ ബോധ്യം പൊതുസമൂഹത്തിനുണ്ട്. അതൊഴിവാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കാലു പിടിക്കുന്ന പിണറായി വിജയൻ സ്വർണക്കടത്തു കേസിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് എല്ലാ അർത്ഥത്തിലും പിന്തുണ നൽകാനാണ് തീരുമാനം.

രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്റെ പ്രതിച്ഛായ തകർത്ത് ഈ അധോലോകറാക്കറ്റിന്റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. സർക്കാരിന്റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. സരിത്തിനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനുമായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്കെതിരേ പകപോക്കൽ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്റേയും കൂട്ടരുടേയും നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കള്ളക്കഥകളുണ്ടാക്കി യഥാർത്ഥ വിഷയങ്ങളിൽ നിന്നു വഴി തിരിച്ചു വിടാനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. ബഹുജനങ്ങളെ അണിനിരത്തി അത്തരം കുൽസിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭയിലും ഈ വിഷയും കോൺഗ്രസ് ഉന്നയിക്കും.