- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതി നിർദ്ദേശിച്ചത് സിബിഐ അന്വേഷണം; എന്നിട്ടൂം വിജിലൻസ് എത്തി സരിത്തിനെ പൊക്കി; സ്വപ്നയുടെ സുഹൃത്തിനെ നാടകീയമായി കൊണ്ടു പോയത് പിണറായിയുടെ പൊലീസ് തന്നെ; ആ വ്യാജ സർട്ടിഫിക്കറ്റ് കേസ് പൊടി തട്ടിയെടുത്ത് സ്വപ്നയേയും അകത്താക്കിയേക്കും
കൊച്ചി: സരിത്തിനെ കൊണ്ടു പോയത് പിണറായിയുടെ പൊലീസ് തന്നെ. സംസ്ഥാന വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അണിയറയിൽ പലതും നടക്കുന്നുണ്ടെന്ന് വ്യക്തമാകുകയാണ്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസ് വിജിലൻസിന്റെ പരിഗണനയിലാണ്. ഈ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അഞ്ചാം പ്രതിയായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട്. ഈ കേസിലാണ് സരിത്തിനെ കൊണ്ടു പോയതെന്നാണ് സൂചന. എന്നാൽ ഈ കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറിയിരുന്നു. സിബിഐ അന്വേഷണം തുടങ്ങാനുള്ള പ്രാഥമിക നടപടികളിലേക്കും കടന്നു.
സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് ഏഷ്യാനെറ്റ് തിരുവനന്തപുരം ബ്യൂറോയാണ് റിപ്പോർട്ട് ചെയ്യുന്നത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിൽ ഉണ്ട്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലൻസ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്.
പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. പാലക്കാട്ടെ ബിൽടെക് ഫ്ളാറ്റിൽനിന്ന് സരിത്തിനെ നാലു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ കൂടെ നിൽക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇതിന് പിന്നാലെ ലോക്കൽ പൊലീസ് പരിശോധനയും തുടങ്ങി. ഇതിന് പിന്നാലെ ദുരൂഹതകളും ചർച്ചായയി. പിന്നാലെയാണ് വിജിലൻസ് ആണ് കസ്റ്റഡിയിൽ എടുത്തതെന്ന് വ്യക്തമാകുന്നത്.
സ്വപ്ന സുരേഷ് രാവിലെ 10 മണിയോടെ തന്റെ വീട്ടിൽവെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നത് അടക്കമുള്ള കാര്യങ്ങൾ അവർ പറഞ്ഞിരുന്നു. ഇതിനു ശേഷം പതിനഞ്ച് മിനിറ്റിനുള്ളിലാണ് സരിത്തിനെ ഫ്ളാറ്റിൽനിന്ന് തട്ടിക്കൊണ്ടു പോയതെന്ന് സ്വപ്ന പറഞ്ഞു. പിന്നീട് 11.15-ഓടെ വീണ്ടും മാധ്യമങ്ങളെ കണ്ടാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് എന്ന വ്യാജേന വെള്ള സ്വഫ്റ്റ് കാറിൽ എത്തിയവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്ന പറയുന്നു. ഫോൺ പോലും എടുക്കാൻ സമ്മതിക്കാതെയാണ് സരിത്തുമായി പോയത്. എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല. താൻ സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഇത് സംഭവിച്ചതെന്നും ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണം പുനരാരംഭിച്ച് സിബിഐ രംഗത്ത് വന്നിരുന്നു. സരിത്തിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഫ്ളാറ്റ് നിർമ്മാണത്തിനായി ദുബായ് ആസ്ഥാനമായ റെഡ്ക്രസന്റിൽ നിന്നു ലൈഫ് മിഷൻ പണം സ്വീകരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചാണെന്നാണ് സിബിഐ കേസ്. 2020 ഓഗസ്റ്റിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും എതിർത്ത് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ വിജിലൻസ് അന്വേഷണം നടത്തുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. ലൈഫ് മിഷൻ ഓഫിസിലെത്തി വിജിലൻസ് മുഴുവൻ രേഖകളും പിടിച്ചെടുക്കുകയായിരുന്നു. കേസ് ഹൈക്കോടതിയും കടന്നു സുപ്രീംകോടതിയിലെത്തുകയായിരുന്നു. സുപ്രീംകോടതി ഉത്തരവോടെയാണ് അന്വേഷണം സിബിഐ പുനരാരംഭിച്ചത്. അതുകൊണ്ട് തന്നെ ഈ കേസിൽ ഇനി വിജിലൻസിന് ഇടപെടൽ നടത്താനാകൂമോ എന്ന സംശയം ശക്തമാണ്.
വടക്കാഞ്ചേരി ഫ്ളാറ്റിനായി 20 കോടി റെഡ്ക്രസന്റിൽ നിന്നും ലൈഫ് മിഷൻ സ്വീകരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാണെന്നും സിബിഐ കേസിൽ പറയുന്നു. കരാർ റെഡ്ക്രസന്റും യൂണിടാകും തമ്മിലാണെന്നും കക്ഷിയല്ലെന്നുമായിരുന്നു സർക്കാർ വാദം. റെഡ്ക്രസന്റുമായി ചേർന്നു നിർമ്മിക്കുന്ന 20 കോടിയുടെ ഫ്ളാറ്റിൽ നാലേകാൽ കോടി രൂപ കമ്മീഷനായി നൽകിയെന്നാണ് കേസ്. ഇതിനൊപ്പം സ്വപ്നയുടെ സർട്ടിഫിക്കറ്റ് കേസും വിജിലൻസിന് മുമ്പിലുണ്ട്. ഇതിൽ സ്വപ്നയേയും ഉടൻ വിജിലൻസ് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറൻസി കടത്തി, കോൺസുലേറ്റിൽ നിന്ന് ബിരിയാണിച്ചെമ്പിൽ സ്വർണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങൾ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോൾ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ