- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ യാത്രകൾ കാസർകോട് നിന്ന് തുടങ്ങിയാൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടുന്നത് ചെന്നിത്തലയുടെ പതിവ്; സരിതയും പ്രതിപക്ഷ നേതാവും ഒരേ ദിവസം കൊല്ലൂരിൽ എത്തിയത് എന്തിനെന്ന സിപിഎം ചർച്ചയ്ക്ക് പിണറായിയുടെ പിആർ ഏജൻസിയുടെ ഗൂഢാലോചനയെന്ന മറുപടിയുമായി കോൺഗ്രസ്; ഐശ്വര കേരള യാത്രയിൽ സോളാറിനെ എത്തിക്കുമ്പോൾ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യകേരള യാത്രക്ക് മുമ്പ് ചെന്നിത്തലയും സോളാർ കേസിലെ പ്രതി സരിത എസ് നായരും ഒരേ ദിവസം കൊല്ലൂരിലെത്തിയതിൽ ആരോപണവുമായി സി പി എം. എന്നാൽ തന്റെ രാഷ്ട്രീയ യാത്രകൾ തുടങ്ങുന്നതിന് മുമ്പ് കൊല്ലൂരിൽ ചെന്നിത്തല എത്തുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയാണ് സരിത കൊല്ലൂരിൽ എത്തിയതെന്ന് കോൺഗ്രസും പറയുന്നു. ഇതിന് പിന്നിൽ സിപിഎം ഗൂഢാലോചനയാണെന്നും ആരോപണം ഉയരുന്നു.
കാസർകോടിന് അപ്പുറത്ത് കർണാടകത്തിലെ കൊല്ലൂരിൽ എങ്ങനെയാണ് ഒരേദിവസം രമേശ് ചെന്നിത്തലയും സരിത നായരും എത്തിയതെന്നാണ് സി പി എം നേതാവ് വി പി പി മുസ്തഫ ചോദിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഉയർത്തികാട്ടാനുള്ള ഹൈക്കമാൻഡ് തീരുമാനം വന്നതോടെ രമേശ് ചെന്നിത്തല ദുഃഖിതനാണെന്നാണ് മുസ്തഫ പറയുന്നത്. ഡൽഹയിൽ ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ മ്ലാനവദനനായ രമേശ് ചെന്നിത്തല ഇറങ്ങിവരുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇങ്ങനെ പറഞ്ഞ് പുതിയ വിവാദം ഉണ്ടാക്കാനാണ് സിപിഎം ശ്രമം.
അന്ന് മുതലുള്ള പ്രശ്നങ്ങൾ കോൺഗ്രസിനകത്ത് നിൽക്കുന്നുണ്ട്. ഇപ്പോൾ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും മാറ്റി നേമത്ത് മത്സരിപ്പിക്കാൻ പോകുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു. കോൺഗ്രസിനകത്ത് നേതൃപോര് വളരെ രൂക്ഷമായി വരികയാണ്. അതിന്റെ ഭാഗമായിട്ടാണ് സി ബി ഐക്ക് കേസന്വേഷണം വിടണമെന്നാവശ്യപ്പെട്ട് പരാതി കൊടുക്കുന്നത്. ആ സരിതയും രമേശ് ചെന്നിത്തലയും ജാഥ ആരംഭിക്കുന്നതിന്റെ തലേ ദിവസം യാദൃശ്ചികമായിട്ടാണ് അവിടെയെത്തിയതെന്ന് സാമാന്യം നമുക്ക് പറയാൻ കഴിയുമോയെന്നും മുസ്തഫ ചോദിച്ചു.
ഇന്നലെയാണ് സരിത എസ് നായരും രമേശ് ചെന്നിത്തലയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഒരേ ദിവസമാണ് കൊല്ലൂരിൽ എത്തിയതെങ്കിലും രണ്ട് സമയത്താണ് ഇരുവരും സന്ദർശനം നടത്തി മടങ്ങിയത്. ഇരുവരും പരസ്പരം കണ്ടതുമില്ല. എന്നാൽ കൊല്ലൂരിൽ എത്തിയത് എന്തിനാണെന്ന ചോദ്യം ഉയർത്തുകയാണ് സിപിഎം. ഇതിന് പിന്നിൽ സോളാറിൽ ഉമ്മൻ ചാണ്ടിക്കെതിരെ ചെന്നിത്തല ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം അശക്തമാക്കാനാണ് നീക്കം.
സരിതാ നായർക്കെതിരെ നിയമന തട്ടിപ്പിൽ എഫ് ഐ ആർ പൊലീസ് ഇട്ടിട്ടുണ്ട്. കൂട്ടുപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. എന്നാൽ പൊലീസ് സരിതയെ അറസ്റ്റ് ചെയ്യുന്നില്ല. സരിതയ്ക്ക് വേണ്ടി നെയ്യാറ്റിൻകര പൊലീസിൽ സമ്മർദ്ദം ശക്തമാണെന്ന അഭിപ്രായവും സീജവമാണ്. ചെന്നിത്തലയുടെ യാത്രയിൽ വിവാദമുണ്ടാക്കാൻ സിപിഎം നടത്തിയ ബോധപൂർവ്വമായ ശ്രമാണ് ഇതെന്ന് കോൺഗ്രസ് പറയുന്നു. ചെന്നിത്തലയുടെ കാസർഗോഡു നിന്നുള്ള രാഷ്ട്രീയയാത്ര എല്ലാം തുടങ്ങുന്നത് മൂകാംബികാ ക്ഷേത്ര ദർശനത്തോടെയാണ്. ഇത് മനസ്സിലാക്കിയാണ് സരിതയെ സിപിഎം കൊല്ലൂരിൽ അയച്ചതെന്ന് കോൺഗ്രസും പറയുന്നു.
കോൺഗ്രസിൽ തമ്മിലടിയുണ്ടാക്കാനുള്ള പിആർ ഏജൻസിയുടെ കുബുദ്ധിയാണ് ഇവിടെ കോൺഗ്രസ് ചർച്ചയാക്കുന്നത്. സരിതയെ ചെന്നിത്തല കണ്ടിട്ടു പോലുമില്ല. എന്നിട്ടും വിവാദം ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കമാകും.'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജാഥ നയിക്കുന്നത്. യാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. കുമ്പള നഗര മധ്യത്തിണ് ഉദ്ഘാടന വേദി.
മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസൻ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.പ്രവർത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കൽ, സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രചാരണം, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമിടൽ എന്നിവ ലക്ഷ്യം വച്ചാണ് യാത്ര. നാളെ വൈകിട്ട് 5ന് ചെർക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാൾ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.
ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുക.
മറുനാടന് മലയാളി ബ്യൂറോ