- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഎംസിസി മുതലാളിയുടെ കാർ കത്തിക്കാൻ ശ്രമിച്ചത് സരിതാ നായരുടെ അതിവിശ്വസ്തനോ? പദ്ധതി ആസൂത്രണം ചെയ്തത് ആഴക്കടൽ കരാർ ഒപ്പിച്ചെടുത്ത കാറിന്റെ ഉടമസ്ഥൻ തന്നെ; വോട്ടെടുപ്പ് ദിവസം നടന്നത് കാർ കത്തിക്കൽ നാടകം; ഷിജു വർഗ്ഗീസും വിനുവും ശ്രീകാന്തും പൊലീസ് കസ്റ്റഡിയിൽ; മേഴ്സികുട്ടിയമ്മ അന്ന് പറഞ്ഞത് സത്യമെന്ന് പൊലീസും
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായിട്ടുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുത്തോടെ കേസ് നാടകീയ വഴിത്തിരവിലേക്ക് പോവുകയാണ്. സരിതാ എസ് നായരുടെ അതിവിശ്വസ്തനായ വിനു കുമാറാണ് കൊല്ലം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതോടെ ഇംഎംസിസിക്കും സരിതാ നായർക്കും തമ്മിലെ ബന്ധവും ചർച്ചകളിൽ എത്തുകയാണ്.
ഗോവയിൽ നിന്ന് ഷിജു വർഗ്ഗീസിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ സരിതാ നായരുടെ സെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിച്ച ഒരു ക്വട്ടേഷൻ സംഘാംഗമാണ് വിനു എന്നാണ് പൊലീസിൽ നിന്ന് കിട്ടുന്ന അനൗദ്യോഗിക വിവരം. നാലുപേർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷിജു വർഗീസിന് സംഭവത്തിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അങ്ങനെ എങ്കിൽ സരിതാ നായരുടെ വിശ്വസ്തനെ ഉപയോഗിച്ച് ഷിജു വർഗീസ് നടത്തിയ ഗൂഢാലോചനയായിരുന്നു ആക്രമണം എന്ന് വേണം വിലയിരുത്താൻ.
കേസിൽ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ഷിജുവിന്റെ മാനേജർ ശ്രീകാന്തും അറസ്റ്റിലായി. കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പള്ളി റോഡിൽ വച്ച് പോളിങ് ദിവസം പുലർച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ ഷിജു വർഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുള്ള മൊഴികൾ ലഭ്യമായിരുന്നില്ല.
സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥാനാർത്ഥിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിക്കുകയും ചെയ്തിരുന്നു. ഈ കേസിലേക്ക് സരിതാ നായരുടെ വിശ്വസ്തനും കടന്നു വരുന്നുവെന്നതാണ് ഏറെ നിർണ്ണായകം. അങ്ങനെ വന്നാൽ അഴക്കടലിൽ കരാറുറപ്പിച്ച കമ്പനിക്കും സരിതയുമായി ബന്ധമുണ്ടെന്ന വിലയിരുത്തലുകളിലേക്ക് കാര്യങ്ങളെത്തും. ഇതും രാഷ്ട്രീയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും.
സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് കോടതി സരിതയെ ശിക്ഷിച്ചിട്ടുണ്ട്. സരിത എസ്. നായരും സംഘവും ബിവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തിലേറെ രൂപ തട്ടിയ കേസിലും വിവാദങ്ങൾ ഏറെയുണ്ടായി. ഇരുപതോളം പേർക്ക് പണം നഷ്ടമായെങ്കിലും രണ്ടുപേരാണ് പരാതിപ്പെട്ടത്. സിപിഐ നേതാവും കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സ്വതന്ത്റ സ്ഥാനാർത്ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ.
തന്റെ സഹായിയായുടെ പേരിൽ എടുത്ത സിം നമ്പറിൽ നിന്നും മറ്റൊരു നമ്പരിൽ നിന്നും സരിത ഉദ്യോഗാർത്ഥികളുമായി സംസാരിച്ചിരുന്നു. ഈ കോളുകൾ റെക്കാർഡ് ചെയ്ത് പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. തിരുപുറം സ്വദേശി എസ്.എസ്.അരുൺ നെയ്യാറ്റിൻകര പൊലീസിനു നൽകിയ മൊഴിയിലാണ് സരിതയുടെ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. അതായത് സരിത അന്നുപയോഗിച്ച സിം കാർഡിന്റെ ഉടമയെയാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള വിനു എന്നാണ് സൂചന. ഷിജു വർഗ്ഗീസ് എന്ന വ്യക്തിയുമായി വിനുവിന് ബന്ധമുണ്ടെന്ന് വന്നാൽ അത് ആഴക്കടൽ കേസിനും പുതിയ മാനങ്ങൾ നൽകും.
മറുനാടന് മലയാളി ബ്യൂറോ