കൊച്ചി: സരിതാ നായർക്ക് ഉടനൊന്നും ജയിൽ മോചനം ഉണ്ടാകില്ല. ബവ്‌റിജസ് കോർപറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ്. നായരുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ സരിത ഉൾപ്പെട്ടിട്ടുണ്ടെന്നും ജാമ്യം നൽകാൻ ഉചിതമായ കേസാണിതെന്നു കരുതുന്നില്ലെന്നും കോടതി പറഞ്ഞു.

കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെന്ന കേസിലെ ജാമ്യാപേക്ഷ ജൂൺ മൂന്നിനു പരിഗണിക്കാൻ മാറ്റി. ഇരു ഹർജികളും ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണു പരിഗണിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നൽകണമെന്നായിരുന്നു വാദം. എന്നാൽ ചികിത്സാ സഹായത്തിന് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കണ്ണൂർ ജില്ല ജയിലിൽ കഴിയുന്ന സരിതയുടെ അറസ്റ്റ് ഏപ്രിൽ 23ന് ജയിലിലെത്തി നെയ്യാറ്റിൻകര പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ നായരിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ജാമ്യ ഹരജി ജൂൺ മൂന്നിന് പരിഗണിക്കാൻ മാറ്റി.

ബിവറേജസ് കോർപറേഷനിൽ പരാതിക്കാരന്റെ സഹോദരന് സ്‌റ്റോർ അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. വ്യാജ രേഖകൾ ചമച്ച് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും ജാമ്യത്തിൽ വിട്ടാൽ കുറ്റകൃത്യം ആവർത്തിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോഗ്യ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ജയിൽ അഥോറിറ്റിക്ക് ചികിത്സ സഹായം തേടി കത്ത് പോലും നൽകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ഈ ആവശ്യം തള്ളി. അതേസമയം, സഹായം തേടി അപേക്ഷ ലഭിച്ചാൽ ജയിൽ ഡോക്ടറുടെ നിർദേശ പ്രകാരം മതിയായ വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചു.