തിരുവനന്തപുരം: സരിത എസ് നായർ മലയാളികൾക്ക് ഒരു സെലബ്രിറ്റിയായിട്ട് കാലം കുറച്ചായി. സോളാർ തട്ടിപ്പു കേസിൽ വമ്പന്മാരെ കുടുക്കാൻ കഴിവുള്ള പ്രതിയായി ചാനലുകൾ ആഘോഷിച്ചു തുടങ്ങിയ സരിത ജയിൽ മോചിതയായ ശേഷം ചാനലുകളുടെ പ്രിയതാരമാകുക ആയിരുന്നു. ചാനൽ ചർച്ചകളിലും കോമഡി ഷോകളിലും സ്ഥിര സാന്നിധ്യമായ സരിത ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് സൂര്യ ടിവിയുടെ കുട്ടിപ്പട്ടാളം ഷോയിലായിരുന്നു. പരിപാടിയിൽ പങ്കെടുപ്പിക്കാൻ മക്കളുമായി എത്തിയ സരിത ക്യാമറക്ക് മുന്നിൽ തിളങ്ങി നിന്നു.

ഇതിനിടെ അഭിനയ രംഗത്തും സരിത ഒരു കൈനോക്കിയിരുന്നു. ഒരു ടെലിഫിലിമിൽ അഭിനയിച്ച സരിത രണ്ടാമതും ടെലിഫിലിമിൽ അഭിനയിക്കുകയാണിപ്പോൾ. ഹരിപ്പാട് സ്വദേശികളായ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ഒരുക്കുന്ന ഗൾഫുകാരന്റെ ഭാര്യ എന്ന് ടെലിഫിലിമിലാണ് സരിത അഭിനയിക്കുന്നത്. ചിത്രത്തിൽ ഒരു ഗൾഫുകാരന്റെ ഭാര്യയായാണ് സരിത പ്രത്യക്ഷപ്പെടുന്നത്. ടെലിഫിലിമിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ നടന്നു വരികയാണ്.

ടീം പുളിശേരിയുടെ ബാനറിലാണ് ടെലിഫിലിം നിർമ്മിക്കുന്നത്. യൂ ട്യൂബിലൂടെയാണ് ടെലിഫിലിം റിലീസ് ചെയ്യുക. തന്റെ അഭിനയത്തെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും ബാക്കിയുള്ള കാര്യങ്ങളെന്ന് സരിത പറഞ്ഞു. അഭിനയത്തിൽ തുടരാൻ താൽപര്യമുണ്ട്. ഇതിനു ശേഷം രണ്ട് സിനിമയും രണ്ട് ടെലിഫിലിമിലേക്കും ക്ഷണം വന്നിട്ടുണ്ട്. സിനിമയിൽ തുടരാനാണ് ആഗ്രഹമെന്നും സരിത കൂട്ടിച്ചേർത്തു.

അതേസമയം ഈ ടെലിഫിലിം ഒരിക്കലും ഒരു രാഷ്ട്രീയ വിവാദത്തിന് ഇടയാക്കില്ലെന്നും. സരിതയുടെ ഇമേജ് മാറ്റുന്ന ചിത്രമാകുമെന്നും അണിയറക്കാർ അവകാശപ്പെടുന്നു. ഒരു വലിയ സന്ദേശമുള്ള എല്ലാവരും കണ്ടിരിക്കേണ്ട ടെലിഫിലിമാണെന്നും അവർ വ്യക്തമാക്കി.