ആലപ്പുഴ : ഒൻപതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയും നൂറു കോടി വാങ്ങി ബാർ അഴിമതി നടത്തിയ കെ ബാബൂവും കെ എം മാണിയും പുണ്യവാളന്മാർ. സോളാർ കേസ് രാജ്യം കുട്ടിച്ചോറാക്കിയെന്ന് വൻ പ്രചരണവും. തന്നെ കാണാനും വിളിക്കാനും ആവേശം കാട്ടിയവരും അതുവഴി പണം കൈപ്പറ്റിയവരും ഇപ്പോഴും സമൂഹത്തിൽ മാന്യമാർ. സരിത മാത്രം വൻ പാപി. ഈ ഇരട്ട നീതി അവസാനിക്കണം.... മറുനാടനോട് മനസ് തുറന്ന് സോളാർ കേസിലെ വിവാദനായിക സരിത എസ്. നായർ.

സോളാർ കമ്മീഷനോട് സരിതയ്ക്കിപ്പോൾ വിരക്തിയായിരിക്കുന്നു. ഇപ്പോൾ സരിതയ്ക്ക് ഒരേയൊരു ആഗ്രഹമേയുള്ളു തന്റെ ജീവിതകാലത്തെങ്കിലും സോളാർ കേസിലെ സത്യം പുറത്തുവരണമെന്ന്. കള്ളൻ പൊലീസ് ആയാൽ പത്മകുമാറിനെ പോലെയിരിക്കും. സോളാർ കമ്മീഷന് മുന്നിൽ ഇന്നലെ മൊഴി നൽകാനെത്തിയ എ ഡി ജി പി കെ പത്മകുമാറിന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സരിത. പത്മകുമാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഏറെ ദ്രോഹിച്ച ആളാണ് . അയാൾ സർവീസിൽനിന്നും റിട്ടയർ ചെയ്യുമ്പോഴെങ്കിലും ജനം അറിയും കേസിന്റെ സത്യം. സ്ത്രീ എപ്പോഴും അവഹേളിക്കപ്പെടേണ്ടവളാണെന്ന ചിന്തയാണ് അയാൾക്ക്. തെളിവുകൾ നശിപ്പിക്കാൻ അപാരമായ കഴിവാണ് അയാൾക്കുള്ളത്. തന്റെ കൈയിൽനിന്നും അയാളുടെ നിർദേശപ്രകാരം ഡിവൈ എസ് പി ഹരികൃഷ്ണൻ പിടിച്ചെടുത്ത മുഴുവൻ തെളിവുകളും പത്മകുമാറാണ് കൈവശപ്പെടുത്തിയത്.

ഇപ്പോൾ കമ്മീഷന് മുന്നിൽ അറിയില്ല, കേട്ടില്ല, ശ്രദ്ധയിൽപ്പെട്ടില്ല എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അയാൾ. എന്നിട്ട് പൊലീസ് അസോസിയേഷന് ഞാൻ കാശ് കൊടുത്തതറിഞ്ഞില്ലെന്നു പറയുന്നത് കള്ളമാണ്. തെളിവുകൾ തിരിച്ചു നൽകണമെങ്കിൽ കണ്ണൂരിലെ ഇയാൾ പറയുന്ന ഫ്‌ളാറ്റിലേക്ക് ഞാൻ ചെല്ലണമെന്നറിയിച്ചു. പക്ഷെ അയാളുടെ ഇംഗിതത്തിന് വഴങ്ങിയില്ല. ഇതൊക്കെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടെന്ന് അറിയാം. എന്നാൽ താൻ ഇപ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നി്ല്ല. തനിക്കെതിരെ കോടതിയിൽ നിലനിൽക്കുന്ന കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ഓട്ടത്തിലാണ് ഞാൻ. ആര് എന്തു വിധിച്ചാലും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ലെന്നറിയാം. സാധാരണയിൽ സാധാരണമായ വഞ്ചനാ കുറ്റം മാത്രം. കാശ് മടക്കി നൽകിയാൽ തീരാവുന്ന കേസ് മാത്രം. ഇതിന് വൻ പ്രചരണം നൽകിയതെന്തിനെന്ന് ഇനിയും മനസിലായിട്ടില്ല.

തന്റെ കൈയിൽനിന്നും പണം വാങ്ങിയവർ ഇപ്പോൾ സ്വസ്ഥമായി കഴിയുന്നു. ആർക്കും യാതൊരു പ്രശ്‌നവുമില്ല. അതുകൊണ്ടുതന്നെ ഇവരെയൊക്കെ തനിക്ക് നേരിട്ടു വിസ്തരിക്കാൻ ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് വലിയ ആഗ്രഹമാണുള്ളത്. തന്റെ മുന്നിൽ നിന്നും ഇവർ എന്തൊക്കെ പറയുമെന്ന് അപ്പോൾ അറിയാം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തനിക്ക് നേരിട്ടു വിസ്തരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതീക്ഷയില്ല. എങ്കിലും ശ്രമം നടത്തുന്നുണ്ട്. അത്തരത്തിൽ ഒരു അവസരം ലഭിച്ചാൽ കേസിന്റെ നെല്ലും പതിരും തെളിയും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ ഒരു കാര്യം ആലോചിക്കണം. സോളാർ കേസ് അത്രയും വലിയ കേസ് ആണോയെന്ന്.

കേസ് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷനു മുന്നിൽ കേരളത്തിലെ പല പ്രമുഖരും എത്തി. എന്നാൽ ഇവർ ആരും തന്നെ എന്നെ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. താനുമായി പാതിരായ്ക്കും കൊച്ചുവെളുപ്പിനെയും സംസാരിച്ചിരുന്നവർ ഒന്നും അറിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. പറഞ്ഞതിന്റെയും സ്വീകരിച്ചതിന്റെയും രേഖകൾ കമ്മീഷൻ ഇവർക്ക് നൽകിയിട്ടും അറിയില്ലെന്ന് പറയുന്നതെന്താണ്? ഇതിൽനിന്നും ജനങ്ങൾ ഒരുകാര്യം മനസിലാക്കണം. ഈ പുണ്യവാളന്മാർക്ക് എന്തും മറയ്ക്കാനുള്ള കഴിവും സ്വാധീനവും ഉണ്ടെന്ന്. അവർ ഇനിയും ഇത് തുടരും. ഏതായാലും തനിക്ക് ഇപ്പോൾ യാതൊന്നിലും വിശ്വാസവും താല്പര്യവുമില്ല. ഫലം എന്തായാലും അഭിമുഖീകരിക്കുമെന്നും സരിത പറയുന്നു.

സരിതാ എസ് നായരെയും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനെയും താൻ നേരിട്ട് കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് എ ഡി ജി പി കെ . പത്മകുമാർ പറഞ്ഞിരുന്നു. ഇന്നലെ സോളാർ കമ്മീഷനു മുമ്പാകെ ഹാജരായാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. സോളാർ തട്ടിപ്പ് കേസ് അന്വേഷണത്തിൽ താൻ യാതൊരുവിധ കൈക്കടത്തലുകളും നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസുകൾ ഏതുവിധമാണ് അന്വേഷിച്ചതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു മൊഴി. സോളാർ പാനലുകൾ നൽകാമെന്നേറ്റ് പെരുമ്പാവൂർ സ്വദേശി മുടിക്കൽ സജാദ് എന്നയാൾ ടീം സോളാർ 40 ലക്ഷം തട്ടിയെന്ന് കാണിച്ച് നൽകിയ പരാതിയിൽ താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ഡി വൈ എസ് പി ഹരികൃഷ്ണനാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലുള്ള വീട്ടിൽനിന്നുമാണ് സരിതയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്നും പിടിച്ചെടുത്ത രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. പിടിച്ചെടുത്ത വാനിറ്റി ബാഗ്, ലാപ് ടോപ്പ്, മൊബൈൽ ഫോൺ,അൻപത്തിയേഴായിരം രൂപ, കാർ എന്നിവ തന്റെ പക്കലുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.ഇതിനെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും എഡിജിപി വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയുടെ വിശദീകരണം.