കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ഡിജിറ്റൽ തെളിവുകൾ സരിത എസ് നായർ സോളാർ കമ്മീഷനു കൈമാറി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതു വ്യക്തമാക്കുന്ന പെൻഡ്രൈവും സിഡിയുമാണു തെളിവായി സമർപ്പിച്ചത്. സോളാറിനു മാത്രമല്ല, മറ്റ് അഴിമതികൾക്കും ഉമ്മൻ ചാണ്ടി തന്നെ കരുവാക്കിയിട്ടുണ്ടെന്നും സരിത പറഞ്ഞു. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരിയാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്മീഷനിൽ നൽകിയ തെളിവുകളിൽ ഉണ്ട്.

സരിതയെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതു തെറ്റാണെന്നു സ്ഥാപിക്കുന്ന തെളിവുകളാണു സരിത കൈമാറിയത്. ഉമ്മൻ ചാണ്ടിക്ക് താനുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് തെളിവുകളെന്ന് സരിത എസ് നായർ പറഞ്ഞു. കുടുതൽ തെളിവുകൾ 13ന് കൈമാറുമെന്നും സരിത പറഞ്ഞു.

കെ സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡൻ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ് തുടങ്ങിയവരൊക്കെ തന്നെ ഉപയോഗിക്കുകയാണു ചെയ്തത്. അവരൊന്നും എനിക്കുവേണ്ടി നിലകൊണ്ടിട്ടില്ല. ഒരു സംരംഭത്തിനു മുതിരുന്ന ഒരു പെണ്ണിന് ഒരിക്കലും വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയാണുള്ളതെന്നും സരിത പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അത്രയും തൊലിക്കട്ടി തനിക്കില്ലെങ്കിലും വിവരങ്ങൾ തുറന്നുപറയാൻ താൻ തയാറാവുകയാണ്. സ്വയം തുറന്നുകാട്ടേണ്ടി വന്നാലും ഇനി പിന്നോട്ടില്ല. ഉമ്മാൻചാണ്ടിയും കെ സി വേണുഗോപാലും മാനനഷ്ടക്കേസ് നൽകിയത് തനിക്ക് സത്യം തുറന്നുപറയാനുള്ള സാഹചര്യം ഒരുക്കുമെന്നും സരിത പറഞ്ഞു. എന്നാൽ, സോളാർ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികമായും, ശാരീരികമായും നഷ്ടങ്ങളുണ്ടായത് തനിക്കാണ്. പുറത്തുവന്ന കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നവെന്നും സരിത പറഞ്ഞു. ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, കെ സി വേണുഗോപാൽ, മന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംഎൽഎമാരായ ഹൈബി ഈഡൽ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ് എന്നിവർ സോളാറുമായി ബന്ധപ്പെട്ട് താനുമായി ഉള്ള ഇടപാടുകളും സരിത ആവർത്തിച്ചു. സോളാർ കമീഷനിൽ 13 ഹാജരാകുമെന്നും അന്ന് നൽകുന്ന തെളിവുകൾ കേരളം താങ്ങില്ലെന്നും സരിത ആവർത്തിച്ചു.

സരിത കൈമാറിയ തെളിവുകൾ കമീഷൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റിൽ തെളിവുകൾ ഇന്ന് 11 മണിയോടെ കൈമാറുമെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. അതിനുള്ളിൽ എന്തെല്ലാമാണെന്ന് സരിത മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടില്ല. മെയ്‌ 13നുള്ളിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി ഉൾപെടെ 14 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന വീഡിയോ ഓഡിയോ തെളിവുകൾ കമ്മിഷനിൽ ഹാജരാക്കുമെന്ന് സരിതയുടെ അഭിഭാഷകൻ മാദ്ധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.