- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അർബുദ ബാധിതയാണ്'; ' കോവിഡ് സാഹചര്യം കണക്കിലെടുക്കണം'; 'ജാമ്യ ഹർജി ഉടൻ പരിഗണിക്കണം'; ആവശ്യവുമായി സോളാർ കേസ് പ്രതി സരിത ഹൈക്കോടതിയിൽ; ഹാജരാക്കിയ രേഖകളിൽ കീമോ തെറാപ്പിയുടെ കാര്യം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ക്യാൻസർ ബാധിതയായതിനാൽ തന്റെ ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാർ കേസ് പ്രതി സരിത എസ് നായർ ഹൈക്കോടതിയിൽ. താൻ അർബുദ ബാധിതയാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുക്കണമെന്നും സരിത കോടതിയോട് അപേക്ഷിച്ചു. ജസ്റ്റിസ് വിജി അരുൺ ഹർജി അടുത്തയാഴ്‌ച്ചത്തേക്ക് മാറ്റി.
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 25ന് തന്നെ ജാമ്യഹർജി കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സരിത കോടതിക്കുമുന്നിൽ വെച്ചത്.
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്.
സോളാർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേൾക്കാൻ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയിൽ ഹാജരായിരുന്നില്ല.
സരിതക്ക് കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകൻ കോടതിയിൽ മുൻപ് തന്നെ അറിയിച്ചിരുന്നു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോ തെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെന്നായിരുന്നു വിചാരണവേളയിൽ പ്രോസിക്യൂഷന്റെ വാദം.


