- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിബി വായ്പാ തട്ടിപ്പു കേസിൽ സരിതാ നായർക്ക് പ്രൊഡക്ഷൻ വാറണ്ട്; ജയിലിന് പുറത്തായിരുന്നപ്പോൾ നിരവധി തവണ ഹാജാറാകാതിരുന്ന സരിതയെ ഇനി ഹാജരാക്കുക പൂജപ്പുര ജയിൽ സൂപ്രണ്ട്; സോളാർ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സരിതയെ കാത്തിരിക്കുന്നത് നിരവധി കേസുകൾ
തിരുവനന്തപുരം: പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ 6 വർഷം കഠിന തടവനുഭവിക്കാൻ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള സരിതയെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവിട്ടത്.
തലസ്ഥാനത്തെ കോടതികൾ മൂന്നു സോളാർ കേസുകളിൽ 2 വർഷമായി സരിതയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടിട്ടും തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസും വലിയതുറ പൊലീസും സരിതയ്ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനത്താൽ സരിത തിരുവനന്തപുരം ജില്ലയിലുണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. കോടതിയുടെ വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ പല കാരണങ്ങൾ പറഞ്ഞ് കോടതിക്ക് മടക്കി അയച്ചു. എന്നാൽ മറ്റൊരു സോളാർ തട്ടിപ്പുകേസിൽ കോഴിക്കോട് മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വാറണ്ട് പ്രകാരം കോഴിക്കോട് കസബ പൊലീസ് തലസ്ഥാനത്തെത്തി 2021 ഏപ്രിൽ 22 ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ മൂക്കിന് താഴെയുണ്ടായിരുന്ന സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 27 ന് കോഴിക്കോട് കോടതി സരിതയെ 6 വർഷം കഠിന തടവനുഭവിക്കാനും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ശിക്ഷയനുഭവിക്കാൻ സരിതയെ സെൻട്രൽ ജയിലിലടക്കുകയായിരുന്നു.
2019-20 മുതൽ തലസ്ഥാനത്തെ കോടതികൾ സരിതയെ അറസ്റ്റു ചെയ്യാൻ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി ജാമ്യത്തുക ജാമ്യക്കാരുടെ ജാമ്യ വസ്തു കണ്ടു കെട്ടി ഈടാക്കിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് നോട്ടീസയച്ചു. സരിതയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടും വലിയതുറ പൊലീസിനോടുമാണ് മജിസ്ട്രേട്ട് കോടതികൾ ഉത്തരവിട്ടത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിന് വേണ്ടിയുള്ള ആൾമാറാട്ടം ), 420 ( ചതിക്കുകയും അതുവഴി കബളിപ്പിക്കപ്പെട്ടയാളെ പണം നൽകുവാൻ നേരുകേടായി പ്രചോദിപ്പിച്ച് അതിനിടയാക്കുകയും ചെയ്യുക ) എന്നീ കുറ്റങ്ങൾ സരിതക്ക് മേൽ ചുമത്തി വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കവേയാണ് സരിത കോടതിയിൽ ഹാജരാകാതെ മുങ്ങിയത്.
വായ്പാ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണ് ലക്ഷ്മി നായരെന്നും നന്ദിനിയെന്നും വിളിക്കുന്ന സരിത. എസ്. നായർ. ഇതേ കേസിൽ രണ്ടാം പ്രതിയായ ശ്രീകുമാരൻ നായരെന്ന് വിളിക്കുന്ന ബിജു എന്ന ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ 1 ന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 357 (1) (ബി) പ്രകാരമാണ് വാദിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 428 പ്രകാരം 'സെറ്റ് ഓഫ് ' നൽകാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.
പ്രവാസികളായ ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടിൽ മണിയൻ (49) , സഹോദരനായ രാധാകൃഷ്ണൻ (47) എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്. മണിയനും സഹോദരനും പാർട്ണണർമാരായി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ അജ്മൽ എന്ന സ്ഥലത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എൽ.എൽ.സി. ബാങ്ക് കിച്ചൺ എക്യൂപ്പ്മെന്റ് എൽ.എൽ.സി എന്നീ പേരുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്.
വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും താൻ ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്നും സരിത ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നും ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിങ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്. 4 ലക്ഷം രൂപ മാറിയെടുത്തു കൊള്ളണമെന്ന് നിർദ്ദേശിച്ച് ബിജു നൽകിയ വണ്ടിച്ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.
2009 ഒക്ടോബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സി. ഇ. അർ. ഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15ന് രജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9 നാണ് മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.