ത് തീർത്തും വ്യത്യസ്തമായ റിയാലിറ്റിഷോയാണ്. പൂർണ നഗ്‌നരായി ആദിമമനുഷ്യരെപ്പോലെ ഒരു കാട്ടിനുള്ളിൽ ജീവിക്കുന്ന കൂട്ടം മനുഷ്യർ. 'മലയാളീ ഹൗസിലെന്നപോലെ' കുറെക്കാലത്തേക്ക് ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. കായ്കനികൾ തിന്നും വേട്ടയാടിയും വിശപ്പടക്കുന്ന എല്ലാം അർഥത്തിലുമുള്ള ആദിമ മനുഷ്യരാണവർ. പക്ഷേ അവരെ ഒളികാമറ കൃത്യമായി പിന്തുടരുന്നുണ്ട്. 'ബാക്ക് ടു ഡാർവിൻ' എന്നപേരിൽ ഒരു അമേരിക്കൻ ചാനൽ ഇറക്കിയ ഈ റിയാലിറ്റി ഷോയെക്കുറിച്ച് പാശ്ചാത്യമാദ്ധ്യമങ്ങൾപോലും കടുത്ത വിമർശനമാണ് ഉയർത്തിയത്. കാരണം പരിപാടിയിൽ പങ്കെടുക്കുന്നവരുടെ നഗ്‌നതയായിരുന്നു ചാനൽ മാർക്കറ്റ് ചെയ്തത്. അതുപോലെ കൂറയടക്കമുള്ളവയെ പച്ചക്കുതിന്നുന്നതുതൊട്ട് മികച്ച വയറുള്ള ഗർഭിണികളെ തിരഞ്ഞെടുക്കുന്നതിനുവരെയുള്ള നൂറായിരം റിയാലിറ്റിഷോകൾ വേറെയും.

കൊലപാതകികളുടെയും അഭിസാരികമാരുടെയും അഭിമുഖങ്ങളാണ് ഒരുവിഭാഗം സെക്‌സ് ചാനലുകളുടെ പ്രധാന വിനോദം. വെറുതെ അനുഭവം പറഞ്ഞുപോവുകയല്ല, കൊല അല്ലെങ്കിൽ വേഴ്ച നടന്ന സ്ഥലവും സന്ദർഭവുമൊക്കെ പ്രത്യേക മോഡലുകളെവച്ച് ഷൂട്ടുചെയ്ത് സിനിമപോലെയാണ് അവതരിപ്പിക്കുന്നത്. സംഭവത്തിൽ പങ്കാളികളായ വ്യക്തികളുടെ അനുഭവങ്ങൾ വേറെയും. ഫുട്ബോൾ രാജാവ് ഡീഗോ മറഡോണയുടെ മുൻ കാമുകിയാണ് അടുത്തിടെ ഇതുപോലൊരു ഷോയിൽ കണ്ടത്. കാൽപ്പന്തുകളിയിലെന്നപോലെ രതിയിലും ഡീഗോക്ക് നട്ടപ്പിരാന്ത് തന്നെയാണെന്നും കൈകൊണ്ട് ഗോളടിക്കുന്നതുപോലുള്ള ചില ചിട്ടവട്ടങ്ങളിലാണ് താൽപ്പര്യമെന്നും കാമുകി തുറന്നടിക്കുന്നതുകണ്ടാൽ അന്തിച്ചിരുന്നുപോവും. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്‌ളിന്റന്റെ കാമുകി മോണിക്ക ലെവിൻസ്‌ക്കിയും, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി ബർലൂസ്‌കോണിയുടെ കാമുകിയുമൊക്കെ ഇങ്ങനെ അഭിമുഖങ്ങളിലുടെമാത്രം കോടികൾ കൊയ്യുന്നു!

വിദേശ രാജ്യങ്ങളിലെ ഒരു നടപ്പുരീതിയാണിത്.ഏതെങ്കിലും ഒരു സെലിബ്രിറ്റിയെ വലവീശിപ്പിടിക്കുക. എന്നിട്ട് ആത്മകഥയും സെക്‌സ് ചാനലുകൾക്കുള്ള അനുഭവ വർണനയുമായി കോടികൾ നേടുക. സോളാർ തട്ടിപ്പിലൂടെ നിരവധിപേരെ പറ്റിച്ച സരിതാ നായരുടെ അഭിമുഖങ്ങളും ടോക്ക് ഷോകളും നൃത്തവുമൊക്കെകാണുമ്പോൾ ഒരു കാര്യം ഉറപ്പായി. നമ്മുടെ സുന്ദര കേരളവും ഇതേ പാതയിലാണ്. എന്നാൽ നമ്മുടെ ഒരു പൊതുസാമൂഹികബോധവും കപട സദാചാരബോധവുംവച്ച് നമുക്ക് നേരിട്ട് സെക്‌സ് ചാനലുകൾ തുടങ്ങാൻ വയ്യ. അതുകൊണ്ട് സോഫ്റ്റ് പോർണോ സ്വഭാവമുള്ള പരിപാടികൾ കുത്തിക്കയറ്റി ചാനൽ റേറ്റിങ് കൂട്ടും. ചാനൽ മൽസരം വിദേശ മാദ്ധ്യമ വിപണിയെ തീർത്തും നെഗറ്റീവായാണ് ബാധിച്ചെതെന്ന് നോം ചോംസ്‌ക്കി തന്റെ മാദ്ധ്യമ പഠന പ്രബന്ധങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കാക്കത്തൊള്ളായിരം ചാനലുകൾ കലപിലകൂട്ടുന്ന നമ്മുടെ കൊച്ചു കേരളത്തിലും സംഭവിക്കാൻ പോകുന്നത് അതുതന്നെയാണ്. [BLURB#3-H]

പരമ്പരാഗത രീതിയിൽ പ്രേക്ഷകരെ കിട്ടില്ലെന്ന് വരുമ്പോൾ പത്രമോഫീസുകളിൽ വിദ്യാരംഭം നടത്തേണ്ടിവരും. ( ഇങ്ങനെപോയാൽ മുസ്ലിം മാനേജ്‌മെന്റുകൾ നടത്തുന്ന പത്രങ്ങൾ സൗജന്യമായി സുന്നത്തുക്യാമ്പ് നടത്തേണ്ടിവരുമെന്നാണ് ഒരു വിരുതൻ ഫേസ്‌ബുക്കിൽ തട്ടിവിട്ടത്.) ജീവിതത്തിൽ തൂമ്പ കണ്ടിട്ടില്ലാത്ത പത്രാധിപർക്ക് മഴക്കുഴി കൊത്തേണ്ടിവരും. അതുപോലെ തന്നെ ചാനൽ പ്രവർത്തകർക്ക് കൊലപാതകികളെയും തട്ടിപ്പുവീരന്മാരെയും വേശ്യകളെയും അഭിമുഖം നടത്തേണ്ടിവരും. ഈയിടെ ഒരു ചാനലിന്റെ ഒരു പാട്ടുപരിപാടി കള്ളുഷാപ്പിലായിരുന്നു ചിത്രീകരിച്ചിരുന്നത്. വന്നുവന്ന് മാദ്ധ്യമങ്ങൾ പബ്ബുകളും ഡാൻസ് ബാറുകളും തുടങ്ങുന്നകാലവും വിദൂരമല്ല. ഡാർവിൻ പറഞ്ഞതുപോലെ എല്ലാം നിലനിൽപ്പിനായുള്ള സമരം.

സന്തോഷ് പണ്ഡിറ്റിൽനിന്ന് സരിതയിലേക്കുള്ള ദൂരം

 സാഡിസത്തിൽ അഭിരമിക്കാനുള്ള നമ്മുടെ മാദ്ധ്യമങ്ങളുടെ ത്വര മറനീക്കി പുറത്തുവന്നത് സന്തോഷ് പണ്ഡിറ്റിലൂടെയായിരുന്നു. പണ്ഡിറ്റ് ഒരു നല്ല നടനോ, പാട്ടുകാരനോ, കൊമേഡിയനോ ഒന്നുമല്ലെന്നും, 'അഞ്ചുപൈസയുടെ കുറവുള്ള' ലക്ഷണമൊത്ത മൊയന്താണെന്നും നമ്മുടെ മാദ്ധ്യമങ്ങൾക്ക് നന്നായറിയാം. എന്നിട്ടും ഒരുകാലത്ത്, അവർ അഭിമുഖം എടുത്തും, ടോക്ക് ഷോകൾ വഴിയും പണ്ഡിറ്റിനെ ആഘോഷിച്ചു. എന്തിന്? ഇതാ ഒരു ജീവിച്ചിരിക്കുന്ന വിഡ്ഢിയെന്ന് പ്രേക്ഷകരെ കാണിച്ചുകൊടുത്ത്, ആ ക്രൂരമായ അനന്ദം വിറ്റ് കാശാക്കുക. സന്തോഷ് ഒരിക്കലും ഒരു കൊമേഡിയനായിരുന്നില്ല. സീരിയസായി അയാൾ ചെയ്യുന്ന കാര്യങ്ങൾ, അതിലെ അസംബന്ധങ്ങൾമൂലം കോമഡിയായി മറ്റുള്ളവർക്ക് തോന്നുകയാണ്. തന്നെ പരിഹസിച്ച് അർമാദിക്കാനാണ് ഇവർ തന്നെ സ്റ്റുഡിയോവിലേക്ക് വിളിക്കുന്നതെന്ന് സന്തോഷ് അറിയുന്നില്ല. അൽപ്പം സഹായവും ദയയും മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിൽസയുമായിരുന്നു ആ സാധുവിന് വേണ്ടിയിരുന്നത്.

പണ്ടുകാലത്തൊക്കെ ഇങ്ങനെ എത്ര കളിയാക്കിയാലും മനസ്സിലാവാത്ത, എന്നാൽ ബുദ്ധിമാന്ദ്യമൊന്നുമില്ലാത്ത ഒരുപാടുപേരെ കാണാമായിരുന്നു. കല്യാണ വീടുകളിലും സൊറക്കമ്പനികളിലുമൊക്കെ വട്ടം കൂടിനിന്ന് ഇവരെ എത്രവേണമെങ്കിലും പരിഹസിച്ച് പ്രാക്ടിക്കൽ ജോക്ക് ആസ്വദിക്കാമായിരുന്നു. എന്നാൽ മലയാളി അണുകുടുംബത്തിലേക്ക് മാറിയതോടെ അതെല്ലാം നിന്നു. അൽപ്പം ട്യൂബ്ലൈറ്റാവയവരെ അപമാനം ഭയന്ന് വീട്ടുകാർ പുറത്തിറക്കാതായി. മാത്രമല്ല, അങ്ങനെ ഒരാളെ കളിയാക്കുന്നത് ക്രൂരതയാണെന്നും അത് അനുവദിക്കരുതെന്നുമുള്ള പൊതുബോധവും സമൂഹത്തിലുണ്ടായി. അന്ന് വട്ടംകൂടി നിന്നവർക്ക് നഷ്ടമായ പ്രാക്ടിക്കൽ ജോക്ക് പിന്നീട് കിട്ടുന്നത് സന്തോഷ് പണ്ഡിറ്റിലൂടെയാണ്. എത്ര പരിഹസിച്ചാലും തെറിപറഞ്ഞാലും തല്ലിയാലുംവരെ അയാൾക്ക് പ്രശ്‌നമില്ല.

സന്തോഷിലൂടെ സാഡിസത്തെ മാർക്കറ്റ് ചെയ്ത മാദ്ധ്യമങ്ങൾ, സരിതയിലൂടെ പൊതുസമൂഹം അടക്കിപ്പിടിക്കുന്ന സെക്‌സിനെയാണ് മാർക്കറ്റുചെയ്യുന്നത്. സരിത നല്ല പാട്ടുകാരിയല്ല, നൃത്തവും കണക്കാണ്, നല്ല നടിയുമില്ല, ഒരു നടിക്കുവേണ്ട ശരീരഭാഷയും അവർക്കില്ല. ഇതാ ഒരുപാട് ഉന്നതരുമായി ശാരീരിക ബന്ധം പുലർത്തിയ ഒരു സ്ത്രീയെ ഞങ്ങൾ അവതരിപ്പിക്കുന്നു, നിങ്ങൾ കണ്ടുരസിച്ചോളൂ എന്നാണ് ചാനലുകളുടെ മട്ട്. വാർത്തക്കിടയിൽ കാണിക്കുന്ന സരിതയുടെ വിഷ്വലുകൾപോലും സെക്‌സ് അപ്പീൽ വരത്തക്ക രീതിയിലാണ് എടുത്തിരിക്കുന്നത്. പിന്നെ പാട്ടും ഡാൻസുമായാൽ ക്യാമറാ ആംഗിളുകളുടെ കാര്യം പറയാറുണ്ടോ. പണ്ഡിതൻ അറിയാതെ ചെയ്യുന്നത്, സരിത ബോധപൂർവംചെയ്യുന്നെന്ന് മാത്രം!

സരിതയുടെ ആന്റി കൈ്‌ളമാകസ്

രു കേസിൽപെട്ടുപോയെന്നുകരുതി ആജീവനാന്തം തലമൂടിക്കെട്ടി ജീവിക്കേണ്ട കാര്യമൊന്നുമില്ല. ജാമ്യത്തിലുള്ള ഒരാൾക്ക് ടോക്ക് ഷോയിൽ പങ്കെടുക്കരുതെന്നോ, ചാനലിൽ നൃത്തംചെയ്യരുതെന്നോ നിയമമില്ല. പക്ഷേ ഇവിടെ സരിതക്ക് കിട്ടിയ ആനുകൂല്യങ്ങൾ മറ്റ് പ്രതികൾക്ക് കിട്ടുന്നുണ്ടോയെന്ന് നോക്കുക. പ്രതികളുടെകാര്യം പോവട്ടെ ഇരകൾക്ക് കിട്ടുന്നുണ്ടോ. ചത്തതിനൊക്കുമോ എന്നമട്ടിൽ, സൂര്യനെല്ലിയിലെ പെൺകുട്ടി ജീവിക്കുന്നത് നോക്കുക. എന്തുതെറ്റാണ് അവൾ ചെയ്തത്.

മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെട്ട കുറെ കശ്മലന്മാർ അവളെ കടിച്ചുകീറുകയായിരുന്നു. ഇന്നും ആ പെൺകുട്ടിക്ക് തലയുയർത്തി നടക്കാനുള്ള മാനസികാരോഗ്യമില്ല. ഒരുതെറ്റും ചെയ്യാത്ത ആ കുട്ടിയെ ഈയിടെ ഒരു കള്ളക്കേസിൽ കുടുക്കി ജോലി തെറുപ്പിക്കാൻവരെ ശ്രമം നടത്തി. (കേസിൽ കഷ്ടിച്ചു രക്ഷപ്പെട്ട മുൻകേന്ദ്ര മന്ത്രി പി ജെ കുര്യൻ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള രാജ്യസഭാസമിതിയിൽ അംഗമായി വനിതാക്ഷേമത്തിനായി വിദേശയാത്രകൾ നടത്തുന്നു!) ഐസ്‌ക്രീം പാർലർകേസ് പുറത്തുവന്നപ്പോഴത്തെ രംഗങ്ങൾ ഓർക്കുന്നില്ലേ. പീഡനക്കേസിലെ പ്രതി റജീന എല്ലാവരും എന്നെ 'കുഞ്ഞാലിക്കുട്ടി, കുഞ്ഞാലിക്കുട്ടി' എന്ന് വിളിച്ച് കളിയാക്കുന്നെന്ന് പറഞ്ഞായിരുന്നു ഇന്ത്യാവിഷനുമുന്നിൽ വന്ന് കരഞ്ഞത്. ശ്രദ്ധിക്കുക, എന്തുകൊണ്ടാണ് ആരും കഞ്ഞാലിക്കുട്ടിയെ റജീനയെന്ന് വിളിച്ച് കളിയാക്കാത്തത്. കേരളീയ സമൂഹം പരമ്പരാഗതമായി തുടരുന്ന ആൺകോയ്മയുടെ ലക്ഷണങ്ങൾ തന്നെയാണിതും. മാത്രമല്ല, പച്ചക്ക് പിടിക്കപ്പെട്ടിട്ടും സ്വന്തം കുടംബവും പാർട്ടിയും ഒരു പരിധിവരെ മുസ്ലിം സമുദായവും കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കയായിരുന്നു.

[BLURB#1-VR]ഇത് ഈ രണ്ട് കേസിൽമാത്രമല്ല. കേരളത്തിൽ നടക്കുന്ന ഒട്ടുമിക്കവാറും സ്ത്രീപീഡനക്കേസുകളിലും, പെൺകുട്ടി തലപൂഴ്‌ത്തി മുഖം മറച്ച് നടക്കുകയും പുരുഷകേസരികൾ നെഞ്ചുവിരിച്ച് വിരാജിക്കുന്ന കാഴ്ചയാണുള്ളത്. എന്നാൽ സരിതയാവട്ടെ പണ്ട് കുറിയേടത്ത് താത്രി ചെയ്തതുപോലെ ലൈംഗിക വേഴ്ചയുടെ കണക്ക് പറഞ്ഞ് പുരുഷനെ വരച്ച വരയിൽ നിർത്തി. ഓരോ തവണയും അവൾ വാതുറക്കുമ്പോൾ തന്നെ മന്ത്രിമാരടക്കമുള്ള ഉന്നതർ ഞെട്ടിവിറച്ചു. എല്ലായിപ്പോയും പുരുഷന്മാത്രം ജയിച്ചു പരിചയമുള്ള, കേരളീയ സമൂഹത്തെവച്ചുനോക്കുമ്പോൾ വല്ലാത്തൊരു ആന്റി കൈ്‌ളമാക്‌സായിപ്പോയി ഇത്. പക്ഷേ ലൈംഗിക പീഡനത്തിന്റെ ഇരയായിരുന്നില്ല സരിത. അവൾക്ക് തന്റെ തട്ടിപ്പിനുള്ള ഉൽപ്രേരകം മാത്രമായിരുന്നു സെക്‌സ്. അതുകാണ്ടുതന്നെ പീഡനക്കേസിലെ ഇരകളുമായി അവളെ താരതമ്യം ചെയ്യാനാവില്ല. പക്ഷേ ഇനിയങ്ങോട്ട് കേരളം നേരിടുന്ന വലിയ തട്ടിപ്പിന്റെ തുടക്കം സരിത നൽകുന്നുണ്ട്. മലയാളിയുടെ ലൈംഗിക ദാരിദ്രം തന്നെയായിരക്കും എല്ലാ ഫ്രോഡുകളും മുതലെടുക്കയെന്നത്.

ലൈംഗിക ഭിക്ഷക്കാരുടെ കേരളം

പൊലീസ് ചോദ്യം ചെയ്യലിൽ ബിജു രാധാകൃഷ്ണൺ സമ്മതിച്ച ഒരു പ്രധാന കാര്യമുണ്ട്. ടീം സോളാറിന്റെ ഡയറക്ടർ ബോർഡ് അംഗമാണെങ്കിലും മാർക്കറ്റിങ്ങിനാണ് സരിതയെ കൂടുതൽ ഉപയോഗിച്ചതെന്ന്. എന്തായിരുന്നു സരിതയുടെ മാർക്കറ്റിങ്ങ് തന്ത്രം. അതായത് തന്റെ കക്ഷികളുമായി കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ച് അവരെ വലയിലാക്കുക തന്നെ. കടുത്ത ലൈംഗിക ദാരിദ്രത്തിൽ പ്രഷർകുക്കുറിൽ വേവുന്നതുപോലെ കഴിയുന്ന, ലൈംഗിക ഫാന്റസികളുടെ ദിവാസ്വപ്നങ്ങളിൽ ജീവിക്കുന്ന, സ്ത്രീയുടെ സ്പർശനത്തിനും ഗന്ധത്തിനുമായി ഭിക്ഷക്കാരെപോലെ യാചിച്ചു നടക്കുന്നവർ ഏറയുള്ള ഒരു സമൂഹം, ' സദാ സമയവും എന്റെ ഫോൺ ഓണാണ്, സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്ന' ഒറ്റ ഡയലോഗിൽതന്നെ വീണുപോകും. പിന്നെ അവർക്ക് ചെക്കും വേണ്ട ഈടും വേണ്ട. 10ലക്ഷം കിട്ടാനുള്ള കോഴിക്കോട്ടെ ഒരു ഹാജിയാർ സരിതയെ വിളിച്ചതിന്റെ ഓഡിയോ നോക്കുക. തനിക്ക് യൂറിനറി ഇൻഫെക്ഷനായിരുന്നെന്നും അതിനാൽ അവധിയായിരുന്നെന്നുമാണ് സരിത കൊഞ്ചുന്നത്. 'മൂത്രാശയത്തിൽ പഴുപ്പുവന്നുവെന്നൊക്കെ' ഒരു പെണ്ണ് നേരിട്ടുപറയുമ്പോഴുണ്ടാകുന്ന അനുഭൂതി ഹാജിയാർ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാനിടയില്ല. അതോടെ അയാൾക്ക് സമാധാനമായി. കാശും വേണ്ട സോളാറും വേണ്ട. ഇനി വെറും ഫോൺസെക്‌സിൽ വീഴാത്തവരെ നേരിട്ടു വീഴ്‌ത്താനും സരിതക്ക് മടിയില്ല. അവരുടെ കൈയിലുണ്ടെന്ന് പൊലീസ് പറയുന്ന, ഉന്നതരുടെ സീഡികൾ തന്നെ ഇതിന് സാക്ഷി. അത്തരമൊരു സെൽഫിയാവും ഇപ്പോൾ വാട്ട്‌സാപ്പിൽ ഹുദ് ഹുദ് ചുഴലിക്കാറ്റിനൊപ്പം ആഞ്ഞടിക്കുന്നത്! [BLURB#2-VL]

സോളാർ തട്ടിപ്പ് കേരളീയ പൊതുമണ്ഡലത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിൽ ഗൗരവപൂർണമായ പഠനം ആവശ്യമാണ്. കേവലം ക്രൈംബ്രാഞ്ച് അന്വേഷണംകൊണ്ടോ ജുഡീഷ്യൽ അന്വേഷണംകൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല അത്. രോഗാതുരമായ ലൈഗികതയുള്ള ഒരു സമൂഹത്തിന്റെ മാസ് സൈക്കോളജിയെ പറ്റിയാണത്. ആൺകുട്ടികളെയും പെൺകുട്ടികളെയും കുറ്റൻ മതിലുകൾക്കപ്പുറവും ഇപ്പുറവുമാക്കി, അവരുടെ ആരോഗ്യകരമായ സഹവർത്തിത്വം തടഞ്ഞുകൊണ്ട് തുടങ്ങുന്ന വിദ്യാഭ്യാസം തൊട്ട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും 'ലേഡീസ് ഓൺലി ന ജെന്റസ് ഓൺലി, സോണുകൾ' കണ്ട് വളരുന്നവർക്ക് വിവാഹംകൊണ്ട് തീരുന്നതല്ല ലൈംഗിക ദാരിദ്ര്യം. സ്പർശത്തിലൂടെയും സംസാരത്തിലൂടെയും കിട്ടുന്ന ഊർജപ്രവാഹങ്ങളെ അമൃതാന്ദമയിയെപ്പോലുള്ള ആൾ ദൈവങ്ങളും സരിതാ നായരെപ്പോലുള്ള തട്ടിപ്പുകാരുമൊക്കെയാണ് നന്നായി ചൂഷണം ചെയ്യുന്നത്. (നായർ എന്ന ജാതിവാൽ ഫ്യൂഡൽ മൂല്യങ്ങളുടെ ഹാങ്ങോവർ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത സമൂഹത്തിൽ വിശ്വസ്തതയുടെ ഐഎസ്‌ഐ മുദ്രയുമായി). ശ്വേതാമേനോൻ റിയാലിററിഷോയിൽ പുരുഷ മൽസരാർഥികളെ ആലിംഗനം ചെയ്തതും, ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുപൊക്കുന്നതുമൊക്കെ ലക്ഷങ്ങൾ ഹിറ്റുകളുള്ള യൂ ട്യൂബ് ദൃശ്യങ്ങളാവുമ്പോൾ തട്ടിപ്പുകാർക്ക് കേരളം തങ്ങളുടെ ഏറ്റവും വലിയ ദൗർബല്യം എന്താണെന്ന് വ്യക്തമാക്കിക്കൊടുക്കയാണ്.

സോളാർതട്ടിപ്പിലെ ഇരകളെക്കുറിച്ചും ഒന്നു പരിശോധിക്കേണ്ടതാണ്. പള്ളീലച്ചന്മാരും, തങ്ങന്മാരും, ആശ്രമ മഠാധിപന്മാരും, വ്യവസായികളും വ്യാപാരികളും അടക്കമുള്ള {{ആബാലവൃദ്ധം}} ജനങ്ങളിൽ ഭൂരിഭാഗവും യാതൊരു രേഖകളും വാങ്ങാതെയാണ് സരിതക്ക് പണം നൽകിയത്. ആക്രിക്കച്ചവടക്കാരനിൽനിന്നുപോലും അഡ്വാൻസ് വാങ്ങാതെ വീട്ടിലെ പാഴ്‌വസ്തുക്കൾ വിറ്റുകൊണ്ടുവരാൻ കരാർ കൊടുക്കാത്ത, കൗശലക്കാരനും ബുദ്ധിശാലിയുമെന്ന് പേരുകേട്ട മലയാളികളാണ് ഇങ്ങനെ കുടുങ്ങുന്നതെന്നോർക്കണം. ഇത് പരിശോധിക്കുമ്പോഴാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവരെ കുടുക്കിയ തേൻ കെണിയുടെ (ഹണി ട്രാപ്പ് ) നേർപ്പിച്ച രൂപം തന്നെയാണ് ഇവിടെ അരങ്ങേറിയതെന്ന് വ്യക്തമാവും. കേരളത്തിന്റെ ഉപഭോക്തൃ വിപണിയെ ലക്ഷ്യമിട്ട് ഇനി ഈ ട്രാപ്പുകാരുടെ കാലമായിരിക്കും.[BLURB#4-H] 

തേൻ കെണിയിൽനിന്ന് പഞ്ചാരക്കെണിയിലേക്ക്

ൻകിടവാതുവെപ്പുകാരും (ബുക്കികൾ), അധോലോകവും തൊട്ട് ബിസിനസ് മാഗ്‌നറ്റുകൾ (വ്യവസായ കാന്തങ്ങളെന്ന് മലയാളം)വരെ കാര്യംകാണാൻ നേടിയെടുക്കുന്ന തന്ത്രമാണ് ഹണിട്രാപ്പ്. അതായത് സ്ത്രീകളെ ഇറക്കി കാര്യം കാണുകയെന്ന രീതി. പുരാണങ്ങളിൽപോലും ഇത്തരം തേൻ കെണികളെകുറിച്ച് പറയുന്നുണ്ട്. കാര്യസാധ്യത്തിനായി ദേവ നർത്തകികളെ ഇറക്കി മഹർഷിമാരുടെ തപംവരെ മുടക്കിയ എത്രയെത്ര കഥകൾ. എന്തിനധികം മോഹിനീരുപത്തിൽ ആകൃഷ്ടനായി സർവവും മറന്നത് സാക്ഷാൽ പരമശിവൻ തന്നെയല്ലേ. കഠിന തപസ്സിലൂടെ മനസ്സിനെ കല്ലാക്കിയ ദുർവാസവും വിശ്വാമിത്രനും മൂക്കുകുത്തി വീണ അതേ വശീകരണ തന്ത്രത്തിൽ നമ്മുടെ ശ്രീശാന്തും മറ്റും പെട്ടുപോയതിൽ അദ്ഭുതമുണ്ടോ. അല്ലാതെ ഐ.പി.എല്ലിൽ കയറിക്കുടി വാതുവെപ്പിന് നിന്ന്‌കൊടുത്ത് കോടികൾ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഒന്നുമല്ലല്ലോ, ശ്രീശാന്ത് ക്രിക്കറ്റ് ബാൾ കൈയിലെടുത്തിട്ടുണ്ടാവുക.

ആദ്യം ഒരു പെൺകുട്ടിവന്ന് അടുപ്പം ഉണ്ടാക്കിയെടുക്കുന്നു. പതുക്കെ പതുക്കെ അതൊരു റാക്കറ്റായി അതുമാറുന്നു. നീലച്ചിത്രം യൂ ട്യൂബിൽ കയറുന്നത് കാണണോ അതോ ഞങ്ങളോട് സഹകരിക്കുന്നോ എന്ന ബുക്കികളുടെ ചോദ്യത്തിന് ശ്രീശാന്ത് പിന്നെങ്ങനെ പ്രതികരിക്കാനാണ്. അമ്മ കെട്ടിപ്പൂട്ടി കോൺവെന്റ് സ്‌ക്കുളുകളിൽ വളർത്തിയ ഏതൊരു ശരാശരി മലയാളിയുടെയും ലൈംഗികാക്രാന്തം എതാണ്ട് ഇതുപോലായിരിക്കും. അതായത് ശ്രീശാന്തിന് വിനയായത് തേൻ കെണിയാണെങ്കിൽ അതിന്റെ ലഘൂരൂപമായ പഞ്ചാരക്കെണിയിൽ അകപ്പെട്ടാണ് ആയിരക്കണക്കിന് മലയാളികൾക്ക് സോളാർ തട്ടിപ്പിൽ പണംപോയത്. (പ്രമുഖ മൈാബൈൽ കമ്പനികൾ അടക്കമുള്ളവർ കേരളത്തിൽ ഇതേ തന്ത്രം പയറ്റുന്നുണ്ട്. ബിൽകൂടിയെന്നും മറ്റും അലറിവിളിച്ച് ഓഫീസിലേക്ക് പാഞ്ഞുകയറുന്നവരെ 'നേരിടുക' ചില പെൺകൊടികളായിരിക്കും. അവർ ഒന്നു ചാഞ്ഞും ചരിഞ്ഞും രണ്ടുഡയലോഗിട്ടാൽ പിന്നെ ബില്ലൊന്നും പ്രശ്‌നമില്ല) ഒരു ഉപഭോക്തൃകോടതിയിലും ചോദ്യംചെയ്യാനാവാത്ത ഈ കെണിതന്നെയായിരിക്കും ഇനി കേരളത്തിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ നേരിടുന്ന ഭീഷണി. ആ തന്ത്രത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുതന്നുവെന്ന നന്ദിയെങ്കിലും സരിതാ നായരോട് നമുക്കുണ്ടാവണം.

വാൽക്കഷ്ണം: പണ്ട് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധംപുലർത്തുകയും അവർക്കുള്ള മറുകും വടുക്കളുമടക്കം കൃത്യമായി ഐഡന്റിഫിക്കേഷൻ മാർക്കുകൾ പറയാൻ കഴിയുകയും ചെയ്യുന്ന കുറിയേടത്തു താത്രിയുടെ സ്മാത്ത വിചാരം അവസാനിച്ചത് ഒരു മോതിരം തെളിവായി അവർ കാട്ടിയതിലൂടെയാണെന്നാണ് പറയുന്നത്. കൊച്ചി രാജാവിൻേറതാണത്രേ അത്. പിന്നെന്ത് വിചാരണ. നമ്മുടെ സരിതാ സ്മാത്തവിചാരവും എങ്ങോട്ടാണ് നീങ്ങുന്നത്. ഇനി എന്തൊക്കെ വാട്‌സാപ്പിലൂടെ ആഞ്ഞടിക്കുമെന്ന് കാത്തിരുന്ന് കാണാം.