തിരുവനന്തപുരം: കെ ടി ഡി സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലിവാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സോളാർ കേസിലെ പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്ന് സൂചന. പരാതി കൊടുത്തിട്ടും ഒരു മാസം കഴിഞ്ഞാണ് എഫ് ഐ ആർ ഇട്ടത്. പരാതിക്കാർ ഉറച്ച നിലപാട് എടുത്തതോടെയാണ് സരിത എസ് നായർക്കതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തത്. അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്.

ഈ പരാതി സജീവമായി നൽക്കുമ്പോൾ തന്നെ പൊലീസുമായി ചില തെളിവുടുപ്പുകൾക്ക് സരിത എത്തിയിരുന്നു. ഇനി അവർ എത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തേണ്ട അവസ്ഥയിലേക്ക് പൊലീസും മാറുന്നു. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർത്ഥി ടി രതീഷ്, പൊതുപ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. 2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേർന്ന് പണപ്പിരിവ് നടത്തിയത്. പക്ഷേ, ജോലി നൽകാനായില്ല. ഇതോടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പണം നൽകിയവർ പ്രതികളെ സമീപിച്ചു. അപ്പോഴായിരുന്നു സരിതയുടെ രംഗപ്രവേശം.

പണം കൊടുത്തവരെ സരിത നേരിട്ട് ഫോൺവിളിക്കുകയായിരുന്നു. യഥാർത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. എന്നാൽ പിന്നീട് തന്റെ ശരിക്കുള്ള വിലാസം വെളിപ്പെടുത്തി. ഇതോടെയാണ് സരിതയും തട്ടിപ്പിൽ പങ്കാളിയാണെന്ന വിവരം അവർ തിരിച്ചറിഞ്ഞത്. കൊടുത്ത പണം കിട്ടാതെ വന്നതോടെയാണ് പരാതിയുമായി എത്തിയത്. ബിവറേജസ് കോർപ്പറേഷനിൽ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോൾ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഫോൺവിളികൾ.

ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കെടിഡിസിയുടേയും ബിവറേജസിന്റേയും പേരിൽ വ്യാജ നിയമന ഉത്തരവുകളും ഉണ്ടാക്കിയിരുന്നു. പണം കിട്ടിയ ചിലർ നിയമന ഉത്തരവുമായി ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. സോളാറിലെ സാമ്പത്തിക തട്ടിപ്പും സമാന രീതിയിലായിരുന്നു.

അതിനിടെ തട്ടിപ്പിൽ സരിതാ നായർ ഇടപെട്ടുവെന്ന് കേസിലെ പ്രതിയായ ഷാജു പാലിയോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഒത്തുതീർപ്പ് ചർച്ചകളിൽ സരിത പങ്കെടുത്തുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. സരിതയ്‌ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ടിലും രണ്ടാം പ്രതിയാണ് സോളാർ കേസിലെ പ്രതി. സോളാറിലെ പല കേസുകളും പല കോടതികളിൽ നടപടികളിലാണ്. ഇതിനെതിരെയാണ് പുതിയ കേസും വിവാദവും ഉണ്ടാകുന്നത്.

എല്ലാ തെളിവും ഉണ്ടായിട്ടും സരിതയെ കേസിൽ പ്രതിചേർത്തത് ഒരു മാസത്തിന് ശേഷമാണ്. കേസിൽ മുൻകൂർ ജാമ്യം നേടിയില്ലെങ്കിൽ സരിതയെ പൊലീസിന അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടി വരും.