- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കൽ പൊലീസിനോ കമ്മിഷണർക്കോ പുതിയ പരാതി നൽകാതിരിക്കാൻ ഐജിക്ക് മേൽ സമ്മർദ്ദം; സരിതയെ അറസ്റ്റ് ചെയ്യാൻ ഭയന്ന് വിറച്ച് നെയ്യാറ്റിൻകര പൊലീസ്; പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്നും ആരോപണം; സരിതയുടെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികൾ
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ സരിതാ നായരെ രക്ഷിക്കാൻ കള്ളക്കളികളോ? സരിതയെ പ്രതിയാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ പ്രമുഖ സിപിഎം നേതാവും പൊലീസ് ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്ന റിപ്പോർട്ടുണ്ട്. സരിതയെ ഇനിയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.
വ്യാജ രേഖ ചമച്ചതിനു സരിത ഉൾപ്പെടെയുള്ളവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തെങ്കിലും അറസ്റ്റിനോ തുടർ നടപടിക്കോ തയാറായില്ല. ഈ കേസിൽ മുൻകൂർ ജാമ്യം തേടി സരിതയും കൂട്ടു പ്രതി ഷാജുവും കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് അംഗം ടി.രതീഷാണു മൂന്നാം പ്രതി. എന്നിട്ടും സരിതയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് മടിയാണ്.
നെയ്യാറ്റിൻകര നിയമന തട്ടിപ്പു കേസിൽ സരിത നായർ ഉൾപ്പെടെ പ്രതികൾ ചമച്ചത് ഐജിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ചു ബവ്‌കോ മാനേജിങ് ഡയറക്ടർ ഐജി ജി.സ്പർജൻ കുമാർ നവംബറിൽ വിജിലൻസിനു കൈമാറിയ പരാതി സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ 3 മാസമായി കറങ്ങിത്തിരിയുന്നു. സർക്കാരോ വിജിലൻസോ തുടർ നടപടി സ്വീകരിച്ചില്ല. പിന്നാലെ സംഭവം വിവാദമായി. എന്നിട്ടും കേസ് എടുത്തില്ല. പകരം സ്പർജൻ കുമാറിനെ മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ചിലേക്കായിരുന്നു മാറ്റം.
ബവ്‌കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു വ്യാജ നിയമന ഉത്തരവുകൾ നൽകി പ്രതികൾ 11.49 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആർ. തെളിവായി വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നൽകിയതിന്റെ രേഖ, ശബ്ദരേഖ എന്നിവയും ശേഖരിച്ചിരുന്നു. പൊലീസിലെ ഒരു ഐജിയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസായിട്ടും നടപടികളിൽ ഇല്ല.
ഒക്ടോബറിൽ ഡിവൈഎസ്‌പിക്കു പരാതി നൽകിയെങ്കിലും ആദ്യം സരിതയെ പ്രതിയാക്കിയില്ല. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിസംബർ 12നാണു സരിതയെ പ്രതിയാക്കിയത്. അതോടെ ചില പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിലൂടെയും അല്ലാതെയും വിരട്ടിയതായി ആക്ഷേപമുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതോടെ പ്രതികളുടെ അറസ്റ്റും തെളിവു ശേഖരണവും നിലച്ചുവെന്നാണ് ആക്ഷേപം.
പഞ്ചായത്ത് അംഗമുൾപ്പെടെയുള്ള പ്രതികളുടെ മേൽവിലാസം അറിയില്ലെന്നാണു എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. കേസ് വീണ്ടും മാധ്യമങ്ങളിൽ വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം സ്പർജൻ കുമാറിന്റെ മൊഴിയെടുത്തു. ചില ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. കെടിഡിസിയിൽ ചെന്നപ്പോൾ അവിടെ കോവിഡ് ആണെന്നു പറഞ്ഞു മടക്കി. ഈ സ്ഥാപനത്തിന്റെ എംഡിയുടെ പേരിലും വ്യാജ നിയമന ഉത്തരവു ചമച്ചിരുന്നു.
വിജിലൻസിന് അപ്പുറത്തേക്ക് ലോക്കൽ പൊലീസിനോ കമ്മിഷണർക്കോ പുതിയ പരാതി നൽകാതിരിക്കാൻ ഉന്നത ഐപിഎസുകാർ സ്പർജൻ കുമാറിനു മേലും സമ്മർദം ചെലുത്തുന്നതായാണു സൂചന. അതിനിടെ ഐജി വഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ നവംബർ ആദ്യം വാട്‌സാപ്പിലാണു വ്യാജ രേഖയുടെ പകർപ്പും ശബ്ദരേഖയും ലഭിച്ചത്. എംഡിയുടെ പേരിൽ വ്യാജ ഒപ്പിട്ടു വ്യാജ നിയമന ഉത്തരവു നൽകിയതിനു പിന്നിൽ ബവ്‌കോ ആസ്ഥാനത്തെ ആരെങ്കിലും ഉണ്ടോയെന്നു സംശയിച്ചു. മാത്രമല്ല ആ സമയം പിഎസ്‌സി വഴിയുള്ള നിയമനം നടക്കുകയായിരുന്നുവെന്നും ഐജി പറയുന്നു.
തുടർന്ന് എക്‌സൈസ് കമ്മിഷണർക്കും സർക്കാരിനും ഇതേക്കുറിച്ചു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കത്തു നൽകി. സാധാരണ ഇത്തരം പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് തുടർനടപടി സ്വീകരിക്കേണ്ടതാണ്. ഇവിടെ തുടർ നടപടി ഉണ്ടായിട്ടില്ല-സ്പർജൻ കുമാർ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ