തിരുവനന്തപുരം: നിയമന തട്ടിപ്പിൽ സോളർ കേസ് പ്രതി സരിത എസ്.നായർക്ക് കുരുക്ക് മുറുകുന്നു. ശക്തമായ തെളിവുകൾ ഇനിയും വരും. ഏതെല്ലാം തെളിവ് ഞാൻ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുൻകൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്രതികരണം നടത്തിയത്. അതു കാര്യമാക്കുന്നില്ല. ശബ്ദരേഖ രണ്ടാഴ്ച മുൻപ് പൊലീസിനു കൊടുത്തിരുന്നു. കെട്ടിച്ചമച്ചതാണെങ്കിൽ ശബ്ദം പൊലീസിനു കൊടുക്കേണ്ട കാര്യമില്ലല്ലോ ഈ ചോദ്യമാണ് നിയമന തട്ടിപ്പിനെ പുതിയ തലത്തിൽ എത്തിക്കുന്നത്. നിയമന തട്ടിപ്പിൽ പുറത്തു വന്ന ശബ്ദം മിമിക്രകാരുടേതാണെന്ന വാദത്തോട് പരാതിക്കാരന്റെ പ്രതികരണമാണ് ഇത്. വരും ദിവസങ്ങളിൽ അതിശക്തമായ തെളിവുകൾ പുറത്തു വിടുമെന്നാണ് തട്ടിപ്പിന് ഇരയായ അരുൺ പറയുന്നതത്. ഇതോടെ സരിതാ കേസ് പുതിയ മാനങ്ങളിൽ എത്തും.

മലയിൻകീഴിലെ ഇന്ദീവരമെന്ന വീട്ടിൽപോയി സരിതയുടെ അമ്മയെ കണ്ടു. അതിനു രണ്ടു ദിവസം മുൻപ് സരിതയുടെ അമ്മ വിളിച്ചിരുന്നു. എന്റെ മകൾക്കു തെറ്റുപറ്റി നിങ്ങൾക്കു നഷ്ടപ്പെട്ട കാശു തിരിച്ചു തരാം എന്നു പറഞ്ഞ് നിരന്തരം വിളിച്ചു. എനിക്കു സംശയം തോന്നി സുഹൃത്തുക്കളുമായി പോയി എന്നെ വിളിച്ചോ എന്നു ചോദിച്ചു. അവർ സമ്മതിച്ചു. അതിന്റെ റെക്കോർഡ് ഉണ്ട്-അരുൺ പറയുന്നു. ആദ്യ മേ ഇടപാടിൽ സംശയം തോന്നിയിരുന്നു. അതുകൊണ്ട് കൂടിയാണ് തന്ത്രപരമായി തെളിവ് ശേഖരണം നടത്തിയത്. അത് നിർണ്ണായകമായെന്നും അരുൺ പറുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് വിളിച്ചത് സരിതാ നായരായിരുന്നു. ഈ ശബ്ദം തിരിച്ചറിഞ്ഞതാണ് നിർണ്ണായകമായതെന്നും തട്ടിപ്പിന് ഇരയായ പരാതിക്കാരൻ വ്യക്തമാക്കുന്നു.

സിപിഎം നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ പാർട്ടി നേതാക്കളുടെ പേരുകളടക്കം ഗുരുതരമായ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ നടത്തുമെന്നു തട്ടിപ്പിനിരയായ അരുൺ പറയുന്നു. വരുംദിവസങ്ങളിൽ കൂടുതൽപേർ സരിതയ്ക്കും കൂട്ടാളികൾക്കുമെതിരെ പരാതി നൽകും. മുപ്പതോളം പേർ തട്ടിപ്പിനിരയായതായി തനിക്ക് അറിയാമെന്ന് അരുൺ പറഞ്ഞു. പലരും 10 ലക്ഷത്തോളം രൂപ സരിതയ്ക്കു നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്താൻ സരിതയെ സഹായിച്ച പ്രാദേശിക നേതാവ് രതീഷ് വീട്ടിലുണ്ടെങ്കിലും പൊലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നും അരുൺ പറഞ്ഞു. സരിതയ്‌ക്കെതിരേയും പൊലീസ് ചെറുവിരൽ അനക്കുന്നില്ല. തെളിവെല്ലാം പുറത്തു വിട്ടിട്ടും സരിതയെ സംരക്ഷിക്കുകയാണ് പൊലീസ്. ഇതിനൊപ്പം അരുണിനെ കേസിൽ കുടുക്കാനും നീക്കം സജീവമാണ്.

കുന്നത്തുകാലിലെ സിപിഐ നേതാവും കേസിലെ ഒന്നാം പ്രതിയുമായ രതീഷ് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ കാണിച്ച് ജോലി ശരിയായെന്നു പറഞ്ഞു തട്ടിപ്പിലേക്കു വലിച്ചിട്ടു. ആദ്യം കുറച്ച് കാശ് വാങ്ങിച്ചു. എന്റെ കയ്യിൽനിന്ന് 11 ലക്ഷംരൂപയാണ് വാങ്ങിയത്. കൃത്യമായ തുക ഒരിക്കലും പറഞ്ഞില്ല. 10 ലക്ഷത്തിൽ താഴെ വേണ്ടിവരും എന്നാണ് പറഞ്ഞത്.അഭിമുഖത്തിനുള്ള കാർഡും അപ്പോയിന്മെന്റ് ലെറ്ററും കൊണ്ടുവന്നു കാണിച്ചശേഷം ഉദ്യോഗസ്ഥർക്ക് അത്യാവശ്യമായി കൊടുക്കാനെന്നു പറഞ്ഞാണ് തുക വാങ്ങിയത്. ബവ്‌കോയിലും കെടിഡിസിയിലുമെല്ലാം ജോലി വാഗ്ദാനം ഉണ്ടായിരുന്നു. ഇപ്പോഴുള്ള ഒരു പരാതി കെടിഡിസി നിയമനം സംബന്ധിച്ചാണ്. കുറച്ചുപേർ ഇതുവരെ പരാതി കൊടുത്തിട്ടില്ല. അവർ ഉടൻ പരാതി കൊടുക്കും.

സരിത രംഗത്തെത്തിയശേഷം 5 ലക്ഷത്തോളം രൂപ എന്റെ കയ്യിൽനിന്നും വാങ്ങി. സരിത ഇന്ന ആളിന്, ഇന്ന ഉദ്യോഗസ്ഥനു പണം കൊടുക്കണം എന്നു പറയും. ആദ്യ പേയ്‌മെന്റെല്ലാം രതീഷിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു. തുക കൊടുത്തശേഷം വാട്‌സാപ്പിൽ ഞാൻ സന്ദേശം അയയ്ക്കും. അപ്പോൾ സരിത ഓക്കെ പറയും. അവസാന ഘട്ടമായുള്ള തുകയാണ് സരിതയുടെ അക്കൗണ്ടിലേക്കു നൽകിയത്. ഒരു ലക്ഷം രൂപ സരിത ആവശ്യപ്പെട്ടു. 49,000 രൂപവച്ച് 2 തവണയായി ഇട്ടു കൊടുത്തു. തിരുനെൽവേലി ബ്രാഞ്ചിലെ അക്കൗണ്ടിലാണ് ഇട്ടത്.

അക്കൗണ്ടിൽ പൈസ ഇല്ലാത്തതിനാൽ ഡെപ്പോസിറ്റ് മെഷിനിലൂടെയാണ് സരിതയ്ക്കു പൈസ ഇട്ടുകൊടുത്തത്. ഇതെല്ലാം നല്ല അന്വേഷണം വന്നാൽ കണ്ടെത്താൻ കഴിയും. എടിഎമ്മിൽ ക്യാമറ ഉണ്ട്, ഇടപാടിന്റെ റസീപ്റ്റ് കയ്യിൽ ഉണ്ട്. ഇതിലൂടെ ആരാണ് സരിതയുടെ അക്കൗണ്ടിലേക്കു പണം ഡെപ്പോസിറ്റു ചെയ്തതെന്ന് അറിയാൻ കഴിയും. കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സരിത 50,000 രൂപ എന്റെ അക്കൗണ്ടിലേക്ക് ഇട്ടുതന്നിട്ടുണ്ട്. അതിനും തെളിവുണ്ട്-്അരുൺ പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കളുമായി സൗഹൃദമുണ്ട്. മുപ്പതോളം പേർ ജോലി തട്ടിപ്പിനിരയായി. 15 ലക്ഷംരൂപയാണ് ജോലിക്കായി ആവശ്യപ്പെടുന്നത്-അരുൺ വിശദീകരിക്കുന്നു.

തട്ടിപ്പിനിരയായവരെല്ലാം നെയ്യാറ്റിൻകര ഭാഗത്തുള്ളവരാണ്. തട്ടിപ്പു കേസിലെ ഒന്നാംപ്രതി രതീഷ് വീട്ടിലുണ്ട്. ഇന്നും കുന്നത്തുകാൽ ജംക്ഷനിൽ വന്നിരുന്നു. പൊലീസ് കണ്ട ഭാവം നടിക്കുന്നില്ല-അങ്ങനെ കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമമെന്ന സംശവും അരുണിനുണ്ട്. നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖ പുറത്ത് വന്നിരുന്നു. സിപിഎമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത ശബ്ദരേഖയിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. '' ഒരുവീട്ടിൽ ഒരാൾക്ക് ജോലികൊടുത്താൽ വീട്ടുകാർ മൊത്തം കൂടെനിൽക്കുമെന്ന് സിപിഎം കരുതുന്നുണ്ട്. അതുവഴി അവർക്ക് പാർട്ടിഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. എന്നെ അവർക്ക് ചെറുതായി പേടിയുണ്ട്്. അത് ഞാൻ യൂസ് ചെയ്യുകയാണ്'' -സരിത ശബ്ദരേഖയിൽ പറയുന്നു.

ആരോഗ്യകേരളം പദ്ധതിയിൽ നാലുപേർക്ക് ജോലി നൽകിയെന്ന് പുറത്തുവന്ന ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ പറഞ്ഞിരുന്നു. നാലുമാസം മുമ്പാണ് സമ്മർദങ്ങൾക്കൊടുവിൽ തൊഴിൽത്തട്ടിപ്പ് കേസിൽ സരിതക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുക്കുന്നത്. പരാതിക്കാർ മൊഴിയും ഈ ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്.

ചാനലിലുൾപ്പെടെ സരിത പ്രത്യക്ഷപ്പെട്ടിട്ടും അവരെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാൻ പോലുമോ പൊലീസ് തയാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.