- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം ബാധിച്ചതിന് വെല്ലൂരും തിരുവനന്തപുരത്തും ചികിത്സ; കീമൊതെറാപ്പിയുൾപ്പെടെ നടത്തുന്നു; വിഷം നാഡികളെയും ബാധിച്ചു; അതിജീവനത്തിനു ശേഷം എല്ലാം വെളിപ്പെടുത്തുമെന്ന് സരിതാ നായർ; സോളാറിലെ പ്രതിക്ക് സ്ലോ പോയിസൺ നൽകിയത് ആര്?
കൊട്ടാരക്കര : സരിതാ നായർക്ക് സ്ലോ പോയിസൺ നൽകിയത് ആര്? സോളാർ വിവാദത്തിലെ പ്രതിയുടെ വെളിപ്പെടുത്തൽ പുതിയ.ചർച്ചകൾക്ക് സാഹചര്യമൊരുക്കുകയാണ്. തന്നെ വിഷംനൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന് സരിത നായർ വെളിപ്പെടുത്തുകയാണ്. 2015-ലെ കൈയേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു സരിത. ഇതിനിടെയാണ് വെളിപ്പെടുത്തൽ നടത്തിയത്.
വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. പല തരം കേസുകൾ ഇപ്പോഴും സരിതയ്‌ക്കെതിരെയുണ്ട്. ഈ കേസുകൾ പല കോടതികളിൽ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഹാജരാകാനാണ് ഇവർ കൊട്ടാരക്കരയിലെത്തിയത്. 2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകർക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാർ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുപറ്റിയതിൽ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയിൽ മൊഴിനൽകി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി.
ഈ വർഷം ഫെബ്രുവരിയിൽ സോളാർ കേസിൽ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ സരിത എസ്. നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 25-ന് കേസ് പരിഗണിക്കുമ്പോൾ തന്റെ ജാമ്യാപേക്ഷ പരിഗണിച്ച് തീർപ്പാക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കാൻസറിനു ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് സരിതയുടെ ചികിൽസ വാർത്തകളിൽ എത്തുന്നത്.
അന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിരുന്നു. നാഡീസംബന്ധമായ പ്രശ്‌നമാണ് ഹർജിക്കാരിയുടേതെന്ന് കുറിപ്പിൽനിന്ന് മനസ്സിലാകുന്നതായി വാക്കാൽ കോടതിയും പരാമർശിച്ചു. എന്നാൽ, കീമോ തെറാപ്പി വേണ്ട രോഗമാണെന്നും കൂടുതൽ വിവരങ്ങളും കോഴിക്കോട് കോടതിയിലെ കേസിന്റെ വിവരങ്ങളും ഹാജരാക്കാമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് വിഷം നൽകിയെന്നും അതുമായി ബന്ധപ്പെട്ടാണ് ചികിൽസയെന്നും ഇപ്പോഴാണ് സരിത വെളിപ്പെടുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ