തിരുവനന്തപുരം: കേരളത്തിൽ സോളാർ അഴിമതിയിലൂടെ കോളിളക്കം സൃഷ്ടിക്കുകയും കേസുകളും വിവാദങ്ങളും ഒരുവഴിക്ക് നടക്കുമ്പോൾ തമിഴകത്ത് ജീവിതകഥ വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സരിത എസ് നായർ ഒരു സംഭവംതന്നെ!. സോളാർ അഴിമതിക്കേസിൽ വിചാരണ നടക്കുന്ന ജുഡീഷ്യൽ കമ്മീഷനുമുന്നിൽ എത്തുന്ന തെളിവുകൾ അതിന് ആക്കംകൂട്ടുകയും ചെയ്യുന്നു. മന്ത്രിമാരും മുൻനിരയിലെ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം സരിതയുമായി ഫോണിൽ സല്ലപിച്ചതിന്റെയും എസ്എംഎസുകൾ കൈമാറിയതിന്റെയും തെളിവുകൾ ഓരോ ദിവസത്തെയും വിചാരണകളിൽ പുറത്തുവരുമ്പോൾ ആദ്യത്തേതുപോലെ കേൾക്കുന്നവർ ഞെട്ടിയിരുന്ന സ്ഥിതിയില്ല ഇപ്പോൾ.

പക്ഷേ, സോളാർ കേസ് കൊടുമ്പിരിക്കൊള്ളുകയും സരിത അറസ്റ്റിലാവുകയും ചെയ്ത കാലത്ത് മുൻനിര നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും സരിതയുടെ കൈവശമുണ്ടായിരുന്ന തെളിവുകൾ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചെന്ന ആരോപണം ശക്തമായിരുന്നു. ഇക്കാലത്ത് അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന എഡിജിപി കെ പത്മകുമാറും സരിത എസ് നായരും തമ്മിൽ 281 എസ്എംഎസ് സന്ദേശങ്ങൾ കൈമാറിയതായി സോളാർ കമ്മിഷനിലെ രേഖകൾ വ്യക്തമാക്കുന്നു.

ഇത്രമാത്രം എസ്എംഎസ് കൈമാറാൻ മാത്രം ഇവർതമ്മിൽ എന്തായിരുന്നു ബന്ധമെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിൽ 137 എണ്ണം പത്മകുമാർ സരിതയ്ക്ക് അയച്ചതും, 140 എണ്ണം പത്മകുമാറിന് സരിത അയച്ചതുമാണ്. 2011-2012 കാലയളവിലാണ് പരസ്പരം എസ്.എം.എസുകൾ അയച്ചിട്ടുള്ളത്.

ചില ദിവസങ്ങളിൽ 93, 65, 34 എന്നിങ്ങനെ എസ്എംഎസുകൾ കൈമാറിയതായാണ് വിവരം. രാത്രികാലങ്ങളിൽ മിക്ക മന്ത്രിമാരും എംപിമാരും എംഎൽഎമാരും കോൺഗ്രസ്‌നേതാക്കളുമെല്ലാം സംഭാഷണം നടത്തിയിരുന്നതിന്റെ തെളിവുകൾ മുമ്പ് അന്വേഷണ കമ്മിഷനുമുന്നിൽ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ദിവസംമുഴുവൻ നീളുന്ന എസ്എംഎസ് സന്ദേശങ്ങളും സോളാറിലെ വിവാദനായികയുമായി ഒട്ടേറെ ഉന്നതർ കൈമാറിയതിന്റെ രേഖകൾ പുറത്തുവരുന്നത്. എന്നാൽ, 2011 ഡിസംബർ മാസം അവസാനത്തിലോ 2012 ജനുവരി ആദ്യവാരത്തിനുശേഷമോ സോളാർ കമ്പനിയുമായി ബന്ധപ്പെട്ട ആരുമായും എസ്.എം.എസിലൂടെയോ ഫോൺ വിളിയിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കെ. പത്മകുമാർ കമ്മിഷനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.

സരിത എസ്. നായരും ലക്ഷ്മി നായരും ഒരാളാണെന്ന് മനസിലാകുന്നതും സരിത എന്ന പേര് ആദ്യമായി കേൾക്കുന്നതും സിജാദിന്റെ പരാതിയിലാണെന്നും കെ. പത്മകുമാർ വ്യക്തമാക്കി. എം.കെ. കുരുവിളയുടെ പരാതി തനിക്ക് കൈമാറിയത് ഡി.ജി.പി. ആണെന്നും മന്ത്രിമാരാരും ഇക്കാര്യത്തിനായി തന്നെ വിളിച്ചിട്ടില്ലെന്നും പറഞ്ഞ എ.ഡി.ജി.പി, കമ്മിഷനു മുമ്പാകെ എം.കെ. കുരുവിള നൽകിയ മൊഴി പച്ചക്കള്ളമാണെന്ന നിലപാടാണ് കമ്മിഷനുമുന്നിൽ സ്വീകരിച്ചത്.

സരിതയെയോ ബിജു രാധാകൃഷ്ണനേയോ നേരിട്ടു കണ്ടിട്ടില്ലെന്ന് ആവർത്തിച്ച എ.ഡി.ജി.പി, എസ്.എം.എസ്. ലിസ്റ്റിലെ തീയതികൾ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കമ്മിഷൻ മുമ്പാകെ ആവശ്യപ്പെട്ടു. സരിതയ്ക്ക് തന്നോടുള്ള തീർത്താൽ തീരാത്ത പകയാണ് ഹീനമായ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. പെരുമ്പാവൂർ ഡിവൈ.എസ്‌പിയായിരുന്ന ഹരികൃഷ്ണൻ തന്റെ നിർദ്ദേശപ്രകാരമാണ് സരിതയെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് തട്ടിപ്പിനിരയായ പലരും കേസ് കൊടുത്തത്. ഇതാണ് സരിതയ്ക്ക് തന്നോടുള്ള പകയ്ക്കു കാരണമെന്നും എ.ഡി.ജി.പി. ആരോപിച്ചു.

പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ വച്ച് സരിത കത്തെഴുതിയതായി തനിക്കറിയില്ല. പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ പ്രതികൾക്ക് കത്തെഴുതാൻ അനുവാദമുണ്ടോ എന്ന കാര്യം പരിശോധിച്ചാലേ പറയാനാകൂ. ഡൽഹിയിൽവച്ച് ബിജു രാധാകൃഷ്ണനുമായി ബിസിനസ് കാര്യം സംസാരിച്ചുവെന്ന ആരോപണം തെറ്റാണ്. സരിതയുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചത് താനാണെന്ന ആരോപണം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. താൻ സരിതയോട് മോശമായി പെരുമാറിയെന്നും ലാപ്‌ടോപ്പുകളും മൊബൈൽഫോണുകളും കൈക്കലാക്കിയെന്നുമുള്ള സരിതയുടെ ആരോപണങ്ങൾ തള്ളിക്കളയുന്നതായും എ.ഡി.ജി.പി. സോളാർ കമ്മിഷനിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും ജഡ്ജിമാർക്കുമെതിരേ കേസിലെ ഒരു പ്രതി മുമ്പ് കൊലക്കേസ് വിചാരണയ്ക്കിടെ ഹീനമായ ആരോപണം ഉന്നയിച്ച ചരിത്രമുണ്ടെന്നും എ.ഡി.ജി.പി. കമ്മിഷനെ അറിയിച്ചു.

തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലുള്ള വീട്ടിൽനിന്നുമാണ് സരിതയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്നും പിടിച്ചെടുത്ത രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. പിടിച്ചെടുത്ത വാനിറ്റി ബാഗ്, ലാപ് ടോപ്പ്, മൊബൈൽ ഫോൺ,അൻപത്തിയേഴായിരം രൂപ, കാർ എന്നിവ തന്റെ പക്കലുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പിടിച്ചെടുത്ത തെളിവുകളെ കുറിച്ച് സരിതയുടെ മാതാവ് നടത്തിയ പരാമർശത്തെ കുറിച്ച് അറിയില്ല.

വിവാദ വിഷയങ്ങൾ അന്വേഷിക്കാൻ ഉത്തരവിടാൻ കഴിയുമെങ്കിലും ഏത് വിധത്തിൽ അന്വേഷിക്കണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട്് സരിതയ്ക്ക് എറണാകുളം നോർത്ത് ടൗൺ സ്‌റ്റേഷനിൽ കേസ് ഉള്ളതായി തനിക്ക് അറിയില്ല. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ സ്‌റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയുണ്ടെന്നറിയിച്ച് തനിക്ക് ടീം സോളാർ എക്‌സിക്യൂട്ടിവ് സരിത അയച്ച സന്ദേശങ്ങൾക്ക് മറുപടി മാത്രമാണ് ചെയ്തിട്ടുള്ളത്.

പിന്നീട് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തന്നോട് ടീം സോളാർ എന്ന കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി വിവരം നൽകിയിരുന്നു. ഇതോടെയാണ് ടീം സോളാറിനെ കുറിച്ച് വിവരം ലഭിക്കുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് ഐ ടിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. മുഖ്യപ്രതിയായ സരിത  ഉമ്മൻ ചാണ്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം തനിക്കറിയില്ല. മാദ്ധ്യമ വാർത്തകളിൽനിന്നുമാണ് താൻ ഇക്കാര്യം അറിഞ്ഞത്. എസ് ഐ ടി സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളാണ് അന്വേഷിച്ചത്. സംസ്ഥാന പൊലീസിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ താങ്കൾക്ക് വിവാദമായ വിഷയത്തെ കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന് കമ്മിഷൻ ചോദിച്ചപ്പോൾ യാതൊരു വിധ അന്വേഷണവും നടത്തിയില്ലെന്നാണ് പത്മകുമാർ മറുപടി നൽകിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം ചോദ്യങ്ങൾ ചോദിച്ച കമ്മീഷനോട് വളരെ നിസംഗമായാണ് എഡിജി പി ഉത്തരം നൽകിയത്. ഒരു ചോദ്യത്തിനുപ്പോലും വ്യക്തമായ മറുപടി നൽകിയില്ല. പൊലീസ് അസോസിയേഷന് ഇരുപത് ലക്ഷം രൂപ സരിത സംഭവാനയായി നൽകിയെന്നത് തനിക്ക് അറിയില്ല. പൊലീസ് അസോസിയേഷൻ നേതാവ് ജി ആർ അജിത് കുമാർ കമ്മീഷനെ വിമർശിച്ച് ഹൈക്കോടതിയിൽ പോയത് തന്റെ അറിവോടെയല്ല. ജി ആർ അജിത്തിനെ അസോസിയേഷൻ സെക്രട്ടറിയെന്ന നിലയിൽ അറിയാം. മറിച്ച് അജിത്തിനെ കുറിച്ച് യാതൊന്നും അറിയില്ലെന്ന നിലപാടാണ് പത്മകുമാർ സ്വീകരിച്ചത്.