സോളാർ കേസിലെ പ്രതിയായ സരിത എസ് നായർ ജയിൽ വാസത്തിനുശേഷം ടിവിയിൽ ആദ്യമായി ഇന്റർവ്യൂ നൽകിയത് സൂര്യ ടിവിക്കാണ്. രാത്രി പത്തരയ്ക്കുള്ള വാർത്തയിൽ സരിത പ്രത്യക്ഷപ്പെട്ടത് ചാനലിന് ഏറെ റേറ്റിങ് സമ്മാനിച്ചു. പിന്നീട് സൂര്യ ടിവി തന്നെ ഓണത്തിന് 'ഗുലുമാൽ' പരിപാടിയിലൂടെ വീണ്ടും സരിതയെ രംഗത്തിറക്കി. ഒരുപടികൂടി കടന്ന് ഹ്യൂമറസ് ടോക്ക് ഷോയിലൂടെ സരിതയെ രംഗത്തെത്തിച്ച് ഏഷ്യാനെറ്റും റേറ്റിങ് കൊഴുപ്പിച്ചു. പാട്ടും നൃത്തവുമൊക്കെയായി സരിത ടോക് ഷോയിൽ നിറഞ്ഞു.

ഇപ്പോഴിതാ സൂര്യ ടിവി പിന്നെയും സരിതയെ തങ്ങളുടെ ചാനലിലെത്തിച്ചിരിക്കുകയാണ്. കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെയാണ് സരിത എസ് നായർ വീണ്ടും സൂര്യ ടിവിയിലെത്തിയത്. സുബി അവതരിപ്പിക്കുന്ന കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ ഷോയിൽ കഴിഞ്ഞ ദിവസം സരിതയുടെ മകളും ഉണ്ടായിരുന്നു. പരിപാടിക്കിടെ സരിത വിവാഹിതയാകാൻ പോകുന്നെന്നും പരാമർശമുണ്ടായിട്ടുണ്ട്. തമാശയാണോ അതോ ശരിക്കും അങ്ങനെ ആരെങ്കിലുമുണ്ടോ എന്നൊന്നും വ്യക്തമല്ല.

പതിവുപോലെ പാട്ടും ഡാൻസുമൊക്കെയായി സരിത അരങ്ങുതകർക്കുകയും ചെയ്തു. കുട്ടിപ്പട്ടാളത്തിന്റെ അവതാരക സുബി 'അമ്മ ഡാൻസ് കളിക്കുമല്ലോ, അതൊന്ന് കാണിക്കാൻ പറയൂ' എന്ന് സരിതയുടെ മകളോട് ആവശ്യപ്പെടുകയായിരുന്നു. ഇതുകേൾക്കേണ്ട താമസം ബീഭത്സവും ശൃംഗാരവും കരുണവും രൗദ്രവുമൊക്കെയായി സരിത സ്‌ക്രീനിൽ നിറഞ്ഞു. ഒരുപാട്ടും പാടിയാണ് സരിത പരിപാടിയോടു വിടപറഞ്ഞത്.

ഈ പരിപാടി കഴിഞ്ഞ ഉടനെ സോഷ്യൽ മീഡിയയിലൂടെ സരിതയുടെ പുനർവിവാഹവും ചർച്ചയായിട്ടുണ്ട്. സിനിമാ നടിമാരുടെ വാർത്ത പോലെയാണ് സോഷ്യൽ മീഡിയ ഇത് കൈകാര്യം ചെയ്യുന്നത്. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹക്കാര്യം പറഞ്ഞത്. സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല. സരിതയുടെ സുഹൃത്തായ ദാസ് എന്ന ആളാണ് വിവാഹം കഴിക്കുന്നതെന്നാണ് പറയുന്നത്.

കുട്ടിപ്പട്ടാളത്തിൽ സരിതക്കൊപ്പം അമ്മയും ദാസും പങ്കെടുത്തതായി സൂചനയുണ്ട്. എന്നാൽ പുനർവിവാഹക്കാര്യം സരിത നിഷേധിച്ചിട്ടില്ലെന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളെ സജീവമാക്കുന്നത്.