കൊച്ചി: സോളാർ കമ്മീഷന് മുന്നിൽ നിർണ്ണായക തെളിവുകളാണ് സരിത എസ് നായർ നൽകിയത്. സോളാർ കേസുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഏതോ തരത്തിൽ ബന്ധമുണ്ടെന്ന് വിശദീകരിക്കുന്നത് തന്നെയായിരുന്നു തെളിവുകൾ. ഇത് പുറത്തായതോടെ പ്രതീക്ഷിച്ച പ്രതികരണങ്ങൾ വന്നു. സോളാറിൽ സരിത നൽകിയ സിഡി മുഴുവൻ വ്യാജമാണ്. കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നൊക്കെ. ആർക്കും സരിതയെ വിളിച്ചിട്ടില്ലെന്ന് നിഷേധിക്കാൻ കഴിയുന്നില്ല. കോൾ ലിസ്റ്റ് തെളിവാകുമെന്നതിനാൽ സരിത വിളിച്ചെന്നും അങ്ങോട്ട് വിളിച്ചെന്നുമൊക്കെ ഏവരും സമ്മതിക്കും. എന്നാൽ കേൾക്കുന്നതെല്ലാം കൃത്രിമവും.

ഗൂഢാലോചനയുടെ ഭാഗമായി തന്നെ വിളിച്ച് കാര്യങ്ങൾ പറയുക. അതിന് ശേഷം വ്യാജനുണ്ടാക്കുകയാണ് ചെയ്തതെന്നാണ് ബെന്നി ബെഹന്നാൻ സിഡിയെ കുറിച്ച് പ്രതികരിച്ചത്. സോളാർ കമ്മീഷനിലെ രാവിലത്തെ സിറ്റിംഗിലാണ് സരിത തെളിവ് ഹാജരാക്കിയത്. ഉച്ചയ്ക്ക് ശേഷമുള്ള തെളിവ് ഹാജരാക്കലിന് ശേഷം സരിത പുറത്ത് എത്തിയപ്പോൾ ബെന്നി ബെഹന്നാനും കൂട്ടരും നടത്തുന്ന ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. വളരെ ആത്മവിശ്വാസത്തോടെയാണ് ഈ ചോദ്യത്തെ സരിത നേരിട്ടത്. ഒപ്പം ഒരു വെല്ലുവിളിയും. അത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമോ എന്നതാണ് പ്രശ്‌നം.

അതായത് സിഡി വ്യാജമെങ്കിൽ അവർക്ക് എഫ്‌ഐആർ ഇട്ട് തനിക്കെതിരെ കേസ് എടുക്കാം. സിഡി ഫോറൻസിക് പരിശോധനയ്ക്കും അയയ്ക്കാം. എന്നാൽ അത് കേരളത്തിലെ ലാബുകളിൽ ആവരുത്. ഒപ്പം ഒരു ചോദ്യവും. അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞ് , അതായത് പദവികൾ രാജിവച്ച് അന്വേഷണത്തെ നേരിടാൻ മറ്റുള്ളവർ തയ്യാറുണ്ടോ എന്നായിരുന്നു സരിതയുടെ ചോദ്യം. ഇത് മുഖ്യമന്ത്രിക്കുള്ള ചോദ്യമാണെന്ന് വ്യക്തവുമാണ്. ഏതായാലും സിഡി വ്യാജമെന്ന ആരോപണങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് തന്നെയാണ് സരിതയുടെ വാക്കുകൾ നൽകുന്ന സൂചന. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞത് പലർക്കും വേദനയുണ്ടാക്കുമെന്നും സരിതയ്ക്ക് അറിയാം.എന്നാൽ അതൊന്നും കൂസാക്കുന്നില്ല.

എന്റെ വ്യാജ സിഡിയുണ്ടാക്കി മുൻപും ഇലക്ട്രോണിക് മീഡിയയിൽ വന്നിട്ടുണ്ടെന്നും, സരിതയുമായി അടുപ്പമൊന്നുമില്ലെന്നും ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു. സരിത ഇങ്ങോട്ടുവിളിച്ചു ചോദിച്ചതാണ്. സരിത എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടതു മാത്രമേയുള്ളൂ. സരിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ബാക്കിയെല്ലാം കൃത്രിമമാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയേയും അനുയായികളേയും വെല്ലുവിളിച്ച് സരിത വീണ്ടുമെത്തിയത്. സോളാർ കമ്മീഷന് മുന്നിൽ സരിത നാളേയും തെളിവ് നൽകും. അതിന് ശേഷം ക്രോസ് വിസ്താരവും. ആത്മവിശ്വാസവുമായി നിറയുന്ന സരിതയെ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനുൾപ്പെടെയുള്ളവർ എങ്ങനെ ക്രോസ് വിസ്താരം നടത്തുമെന്നതും ശ്രദ്ധേയമാണ്.

ക്രോസ് വിസ്താരത്തിൽ സരിതയെ പൊളിക്കാനായില്ലെങ്കിൽ അത് മുഖ്യമന്ത്രിയക്ക് കടുത്ത തിരിച്ചടിയുമായും. ജയിലിൽ വച്ച് താനെഴുതിയ കത്തിൽ 13 പേരുകളുണ്ടെന്ന് സരിത കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതിൽ ജോസ് കെ മാണിയുടെ പേരില്ലെന്നും സരിത പറഞ്ഞു. ഇതോടെ കേരളാ കോൺഗ്രസ് നേതാവുമായി ഉയർന്ന ചർച്ചകൾ അപ്രസക്തമാവുകയാണ്. ഈ കത്ത് ഹാജരാക്കാൻ താൽപ്പര്യമില്ലെന്നും കമ്മീഷനെ സരിത അറിയിച്ചു. പിടിച്ചെടുക്കില്ലെന്ന് കമ്മീഷനും വ്യക്തമാക്കി. കത്തുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവാണ് ഇതിന് കാരണം. അങ്ങനെ കത്തിലെ വിഐപികളെ മുൾമുനയിൽ നിർത്തുകയാണ് സരിത. എന്നാൽ പേരു പറയില്ലെന്നും വ്യക്തമാക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് എതിരായ തെളിവുകൾ കമ്മീഷന് മുമ്പാകെ രണ്ടു ദിവസത്തിനുള്ളിൽ ഹാജരാക്കുമെന്നും സരിത അറിയിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മനും സോളാർ കേസ് പ്രതിയും ഒരുമിച്ചുള്ള വിദേശ യാത്രയുടെ വീഡിയോ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കയ്യിലുണ്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്നു. സർക്കാരിന് എതിരായ വെളിപ്പെടുത്തലിന് ശേഷം ചില കോൺഗ്രസ് നേതാക്കൾ തന്നെ സമീപിക്കുന്നുണ്ട്. എന്നാൽ ഇവരുമായി ഒത്തുതീർപ്പിനില്ലെന്നും സരിത പറഞ്ഞിട്ടുണ്ട്. ഇതോടെ സോളാർ കമ്മീഷനിൽ സരിതയുടെ വരും ദിനങ്ങളിലെ വെളിപ്പെടുത്തലുകളും നിർണ്ണായകമാകും.

ശ്രീധരൻ നായരും മുഖ്യമന്ത്രിയും സരിതയുമായുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഇത്തരം ദൃശ്യമുണ്ടെന്ന് ബെന്നി ബെഹന്നാനോടും സരിത പറയുന്നുണ്ട്. അങ്ങനെ വളരെ കരുതലോടെയാണ് സരിത നീങ്ങുന്നത്.

തന്നെ പലരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത കമ്മിഷനിൽ വ്യക്തമാക്കി. കത്തിലുള്ള പേരുകൾ വെളിപ്പെടുത്തമെന്ന കമ്മിഷന്റെ ആവർത്തിച്ചുള്ള ചോദ്യം സരിത തള്ളി.
മൊഴി പൂർത്തിയാക്കാൻ തനിക്ക് ഒരു ദിവസം കൂടി നൽകണമെന്ന് സരിത ആവശ്യപ്പെട്ടിട്ടുണ്ട്. സരിതയുടെ ക്രോസ് വിസ്താരം ഫെബ്രുവരി മൂന്നിന് തുടങ്ങുമെന്ന് കമ്മിഷൻ അറിയിച്ചുവെങ്കിലും കോയമ്പത്തൂരിൽ ഒരു കേസിൽ ഹാജരാകേണ്ടതിനാൽ അന്ന് ഹാജരാകാൻ കഴിയില്ലെന്നും സരിത അറിയിച്ചു. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഏബ്രഹാം കലമണ്ണിലിന് നോട്ടീസ് അയയ്ക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.