കൊച്ചി: രാഷ്ട്രീയക്കാരെ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് എങ്ങനെ വിലപേശൽ നടത്തണമെന്ന കാര്യത്തിൽ സരിത എസ് നായരെ കഴിഞ്ഞേ മറ്റാർക്കും കേരളത്തിൽ സ്ഥാനമുള്ളൂ. സമയം പോലെ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്ത ആരോപണങ്ങൾ ഉന്നയിക്കുക. അതിന് ശേഷം പതിയേ പിൻവലിയുക. ഇതാണ് ഇത്രയും കാലം സരിത എസ് നായർ തുടർന്നു പോന്ന ശൈലി. ഇപ്പോഴും ഉമ്മൻ ചാണ്ടിക്കെതിരെ സരിത ആ ശൈലി തുടർന്നു പോരുന്നു. സോളാർ കമ്മീഷനിലെത്തി ഉമ്മൻ ചാണ്ടി തന്നെ ഹവാല പണം കടത്താൻ ഉപയോഗിച്ചു എന്ന ആരോപണത്തേ കുറിച്ച് അന്വേഷിക്കാൻ വിളിപ്പിച്ചപ്പോൾ സരിത സമർത്ഥമായി മുങ്ങി. ഇതോട ഇനി സരിതക്ക് അവസരം നൽകാൻ സാധിക്കില്ലെന്ന് സോളർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹവാല പണം കടത്താൻ തന്നെ ഉപയോഗിച്ചുവെന്നു സരിത പറഞ്ഞതായി മുൻ എംഎൽഎ ജോസ് കുറ്റിയാനി കമ്മിഷനിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണു സരിതയെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്. എന്നാൽ, ഇന്നലെ സരിത ഹാജരായില്ല. സരിതയ്ക്കു മറ്റൊരു ദിവസം അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ കമ്മിഷൻ തള്ളി. സരിത എസ് നായരെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുഴൽപ്പണം കടത്തുന്നതിന് കാരിയറായി ഉപയോഗിച്ചുവെന്ന് ഈ മാസം 13ന് കുറ്റിയാനി സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നു.

30ന് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയാക്കും. കമ്മിഷനു മൊഴി നൽകിയ കഴിഞ്ഞ 13നു രാത്രി ഫോൺവഴി ഭീഷണിയുണ്ടായതായി ജോസ് കുറ്റിയാനി ഇന്നലെ കമ്മിഷനിൽ മൊഴി നൽകി. കമ്മിഷനിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകിയതു ശരിയായില്ലെന്നു പറഞ്ഞയാൾ അതിന്റെ ഭവിഷ്യത്തുകൾ അറിയില്ലേയെന്നും ചോദിച്ചു. പിറ്റേന്നു രാവിലെ ആ നമ്പറിൽ വിളിച്ചു സംസാരിച്ചപ്പോൾ തന്നെ അറിയുന്ന, ഉമ്മൻ ചാണ്ടിയുടെ അടുത്തയാളാണെന്നു മനസ്സിലായെന്നും ജോസ് കുറ്റിയാനി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ജോസ് കുറ്റിയാനിയെ വിസ്തരിച്ചു.

30ന് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതോടെ കമീഷന്റെ തെളിവെടുപ്പ് നടപടിക്രമം അവസാനിക്കും. അതിനുശേഷം നോട്ടീസ് ലഭിച്ച സാക്ഷികൾക്ക് അവരുടെ നിരപരാധിത്വത്തിന് തെളിവ് ഹാജരാക്കാനുണ്ടെങ്കിൽ സമയം അനുവദിച്ചിരുന്നു. 2015ൽ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സോളാർ കമ്മീഷന് മുമ്പാകെ ആദ്യമായി വിസ്താരത്തിന് ഉമ്മൻ ചാണ്ടി ഹാജരായത്. പിന്നീട് കഴിഞ്ഞ മാസം കൊച്ചിയിലെ കമ്മീഷൻ ഓഫീസിൽ മുന്മുഖ്യമന്ത്രി രണ്ടാം വട്ട വിസ്താരത്തിനും ഹാജരായിരുന്നു.

അറസ്റ്റിലാകും മുമ്പ് സരിതയെ പരിചയമില്ലെന്ന് സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുമ്പാകെ ഉമ്മൻ ചാണ്ടി ബോധിപ്പിച്ചിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുണ്ടായിരുന്നു എംപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗികാരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മൻ ചാണ്ടി കമ്മീഷന് മൊഴി നൽകി. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താനാവില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.